Covid19
കേന്ദ്ര പാക്കേജിന്റെ മൂല്യം 3.22 ലക്ഷം കോടി മാത്രമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി | 20 ലക്ഷം കോടി രൂപയുടെതെന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജിന്റെ മൂല്യം 3.22 ലക്ഷം കോടി മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസ്. ജിഡിപിയുടെ പത്ത് ശതമാനം പാക്കേജിനായി നീക്കിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വെറും 1.6 ശതമാനം മാത്രമേ യഥാര്‍ഥത്തില്‍ പാക്കേജിനായി ചെലവഴിക്കുന്നുള്ളൂവെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പാവപ്പെട്ടവരുടെയും ചെറുകിട, ഇടത്തരം സംരംഭകരുടെയും കൈകളില്‍ നേരിട്ട് പണം എത്തിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജില്‍ ആളുകള്‍ക്ക് വായ്പകള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക ഉത്തേജക പാക്കേജും വായ്പാ പാക്കേജും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര പാക്കേജുമായി ബന്ധപ്പെട്ട് വിശദമായ സംവാദത്തിന് കേന്ദ്ര ധനകാര്യ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ധനകാര്യ മന്ത്രി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പകരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ പിടിപ്പുകേട് മൂലം റോഡുകളിലൂടെ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്ന അതിഥി തൊഴിലാളികളുടെ ഭാവി സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.