Connect with us

Ongoing News

ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

Published

|

Last Updated

‘റമസാന്‍ ക്ഷമയുടെ മാസമാണ്, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗവുമാണ്” എന്ന ഹദീസ് പഠിപ്പിക്കുന്നത് പോലെ ക്ഷമയുടെ നാളുകളാണ് വന്നിരിക്കുന്നത്. ജീവിതത്തെ നിയന്ത്രണ വിധേയമാക്കുക എന്ന വലിയ ടാസ്‌കിലൂടെ വിശ്വാസികള്‍ക്ക് ക്ഷമിക്കാനുള്ള പരിശീലനം റമസാനില്‍ ലഭിക്കുന്നു.
എല്ലാ മേഖലയിലും നമുക്ക് ക്ഷമിക്കാന്‍ സാധിക്കണം. ഇബ്‌നു റജബ് അല്‍ഹന്‍ബലി(റ) പറയുന്നു: ക്ഷമയുടെ ഏറ്റവും ശ്രേഷ്ഠമായ ഘടകം വ്രതമാകുന്നു. കാരണം ക്ഷമയുടെ മൂന്ന് ഭാഗവും വ്രതത്തിലൂടെ സാധ്യമാക്കാം. ആരാധനകള്‍ ചെയ്യാന്‍ വേണ്ടിയുള്ള ക്ഷമ, തെറ്റുകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള ക്ഷമ, അല്ലാഹുവിന്റെ തീരുമാനങ്ങളോട് ഐക്യദാര്‍ഢ്യപ്പെടാനുള്ള ക്ഷമ. അതുകൊണ്ടാണ് നോമ്പുകാരനുള്ള പ്രതിഫലം ഞാനാണ് കൊടുക്കുക എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞത്.

ആരാധനകള്‍ ചെയ്യാന്‍ ക്ഷമ വേണമെന്ന് പറഞ്ഞാല്‍, നല്ല മനസ്സ് വേണം. നോമ്പിന്റെ കാമ്പ് ശരീരത്തെ നിയന്ത്രണ വിധേയമാക്കലാണല്ലോ. അതുവഴിയാണ് കൂടുതല്‍ ഇലാഹി സ്മരണക്കും ആരാധനകള്‍ക്കും അവസരം ഉണ്ടാകുന്നത്.
ശരീര നിയന്ത്രണത്തിലെ വലിയ ഒരളവ് ഭക്ഷണക്രമീകരണത്തിലൂടെ സാധ്യമാകുന്നു. ഭക്ഷണത്തിന്റെ മുന്നില്‍ ക്ഷമിക്കുന്നവന് ശരീരം ഒതുങ്ങി നില്‍ക്കും. പക്ഷേ വിപരീത പ്രക്രിയകളാണ് സമൂഹത്തില്‍ കാണുന്നത്. അത്താഴം സുന്നത്താണ്. അല്‍പ്പം വെള്ളം കുടിച്ചാലും പ്രസ്തുത സുന്നത്ത് ലഭിക്കും. പക്ഷേ അതൊരു ആഘോഷമാക്കരുത്. കഴിയുന്നത്ര വയറ് നിറക്കുക എന്നര്‍ഥം ഇതിനില്ല. മാത്രമല്ല അമിതമായി കഴിച്ചാല്‍ ക്ഷീണവും മടുപ്പും ബാക്കിയാകും.

പിന്നെങ്ങനെയാണ് ആരാധനകള്‍ക്ക് ഇമ്പമുണ്ടാകുന്നത്. ലോക്ക്ഡൗണ്‍ അത്യാവശ്യമായ മറ്റൊരിടമാണ് ഇഫ്താറിന്റെ സമയം. സമയ നഷ്ടം, ആരോഗ്യ പ്രശ്‌നങ്ങള്‍, അലസത എല്ലാം നോമ്പുതുറ കൊഴുപ്പിക്കല്‍ കൊണ്ട് ഉണ്ടാകുന്നതാണ്. വരവ് കുറഞ്ഞ കാലത്തും കരിച്ചതും പൊരിച്ചതും നിറയെ വേണമെന്ന് വാശി പിടിക്കരുത്. നോമ്പല്ലാത്ത സമയത്ത് പരീക്ഷിച്ച ബക്കറ്റ് ചിക്കനും മറ്റും ഈ സമയത്തും പരീക്ഷിച്ച് സമയം കളയരുത്. ഇത്തരം അനാവശ്യ സത്കാരങ്ങള്‍ക്ക് വേണ്ടി റമസാനിന്റെ നോമ്പെടുത്ത നല്ല പകലുകള്‍ നഷ്ടപ്പെടുത്തരുത്. വീട്ടുകാര്‍ക്ക് നോമ്പുതുറക്ക് അനിവാര്യമായ ഭക്ഷണം പാകം ചെയ്യുക. ചുരുക്കത്തില്‍ ഭക്ഷണക്രമീകരണത്തിലും ക്ഷമ അനിവാര്യമാണ്.

വെറുതെ ഇരിക്കുമ്പോള്‍ തെറ്റുകളോട് അകലം പാലിക്കണം. സമൂഹമാധ്യമങ്ങളില്‍ സമയം കളയരുത്. അനാവശ്യ വീഡിയോകളും ട്രോളുകളും പരിഹാസങ്ങളും നോമ്പിന്റെ പുണ്യത്തെ നഷ്ടപ്പെടുത്തും. തെറ്റുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകളോട് നോ പറയാന്‍ സാധിക്കണം. അതിന് ക്ഷമ നിര്‍ബന്ധമാണ്. സ്വകാര്യ ജീവിതം സംശുദ്ധമാക്കിയവരാണ് വിജയികള്‍. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സാമ്പത്തികമായും ശാരീരികമായും നമുക്ക് അച്ചടക്കം പാലിക്കാന്‍ കഴിയണം.
പരീക്ഷണങ്ങളില്‍ ക്ഷമിച്ച് ജീവിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത നല്‍കിയിട്ടുണ്ട്. പ്രതിസന്ധികള്‍ വരുമ്പോള്‍ ദൈവത്തെ പഴിക്കരുത്. കരുണയുടെ പര്യായമായ അല്ലാഹു നമ്മുടെ കാര്യത്തില്‍ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുന്നവനാണ് യഥാര്‍ഥ ഭക്തന്‍. വിശ്വാസിയുടെ ജീവിതം അത്ഭുതമാണ്. സന്തോഷം വന്നാല്‍ നന്ദി ചെയ്ത് നന്മ നേടുന്നു. സന്താപം വന്നാല്‍ ക്ഷമിച്ച് സ്വര്‍ഗം നേടുന്നു. അബൂഹുറൈറ (റ) വിന് തിരുറസൂല്‍ നല്‍കിയ ഉപദേശങ്ങളില്‍ കാണാം, “അല്ലാഹു നിനക്ക് വിധിച്ചതില്‍ പൂര്‍ണ തൃപ്തനാകുക, എങ്കില്‍ ഏറ്റവും വലിയ ഐശ്വര്യമുള്ളവന്‍ നീയായിരിക്കും”.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ ധാരാളമുണ്ട്. അവര്‍ ഈ സമയത്തെ പോസിറ്റീവായി ഉപയോഗപ്പെടുത്തണം. ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തികമായ വരവ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതനുസരിച്ച് നമ്മുടെ ചെലവ് ചുരുക്കണം. അഥവാ അനാവശ്യങ്ങള്‍ ഒഴിവാക്കണമെന്നര്‍ഥം. ആവശ്യങ്ങളെല്ലാം നടപ്പാക്കരുത്. അത്യാവശ്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

Latest