Connect with us

Articles

പലിശരഹിത മോഡലിന്റെ സാധ്യതകൾ

Published

|

Last Updated

ഇസ്‌ലാം വ്യാപാരത്തെ അര്‍ഹമായ വിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അടിസ്ഥാനം വളരെ ലളിതമാണ്. വില്‍പ്പന യോഗ്യമായ ഏതൊരു വസ്തുവും മാന്യമായ വിലക്ക് വില്‍ക്കാവുന്നതും ലാഭമുണ്ടാക്കാവുന്നതുമാണ്. അതേസമയം, പണം നല്‍കി പണം പിന്നീട് തിരികെ വെക്കുമ്പോഴും സാധനം നല്‍കി സാധനം പിന്നീട് തിരികെ വെക്കുമ്പോഴും അതില്‍ വര്‍ധനവ് പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്താല്‍ അത് പലിശയായി മാറുന്നു.

ബിസിനസ് എന്ന പ്രൊഫഷന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ഏത് തൊഴില്‍ മേഖലയില്‍ വൈദഗ്ധ്യം നേടിയവരും അതിന്റെ അത്യുന്നതി എന്നത് നിര്‍ണയിക്കുന്നത് അതൊരു ബിസിനസ് ആയി വളരുമ്പോഴാണ്. ഡോക്ടറില്‍ നിന്ന് ആശുപത്രി ഉടമയിലേക്കും എന്‍ജിനീയറില്‍ നിന്ന് ഫാക്ടറി ഉടമയിലേക്കുമുള്ള പരിണാമം ഇങ്ങനെയാണ്. റോഡരികില്‍ കച്ചവടം ചെയ്യുന്നവര്‍ (street hawks) മുതല്‍ multi billion technology ബിസിനസ് ചെയ്യുന്നവര്‍ വരെ ആശ്രയിക്കുന്ന പ്രധാന ഘടകമാണ് മൂലധനം. ഇതിനായി മൈക്രോ ഫിനാന്‍സ് മുതല്‍ ബിസിനസ് ലോണ്‍, വെന്‍ച്വര്‍ ക്യാപിറ്റല്‍ എന്നിങ്ങനെ പല ഘട്ടങ്ങളിലായും പല പേരുകളിലായും പല നിബന്ധനകളുള്ള ഫണ്ടിംഗുമായി ബന്ധപ്പെടാത്ത കച്ചവടക്കാര്‍ വിരളമാണ്. ഇതില്‍ ബഹുഭൂരിഭാഗവും മേല്‍ പറഞ്ഞ വര്‍ധനവിന്റെ പ്രതീക്ഷയും സങ്കീര്‍ണതയും നിറഞ്ഞവയുമാണ്.

പലിശയെക്കുറിച്ച് നമ്മില്‍ പലരിലും ആഴ്ന്നിരിക്കുന്ന ബോധ്യം പരിശോധിച്ചാല്‍ അത് ബേങ്കുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് തോന്നും. പലിശയില്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതികള്‍ എല്ലാം സാമ്പത്തികാസമത്വം വളര്‍ത്താനല്ലാതെ ഉപകരിച്ചിട്ടില്ല. അതേസമയം, ഇസ്‌ലാമിക സംവിധാനം പലിശയെ നിരുത്സാഹപ്പെടുത്തി സാമ്പത്തികവും സാമൂഹികവുമായി നിലനില്‍ക്കാവുന്ന വളര്‍ച്ച വിഭാവനം ചെയ്യുന്നു.

ഇതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ നിയമ വ്യവസ്ഥിതി പാലിച്ചുകൊണ്ട് തന്നെ ഒരു ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് നമുക്ക് തുടങ്ങാവുന്നതാണ്. ഇതില്‍ സാമൂഹിക മാതൃകയായി സകാത്ത് നല്‍കുന്നവരുമായി അവകാശികളെ നേരിട്ട് ബന്ധിപ്പിക്കുന്ന സംവിധാനമൊരുക്കാം. ബിസിനസ് മാതൃകയായി ബിസിനസ് ഫണ്ടിംഗ് മേഖലയില്‍ ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് കാര്യമായ ഇടപെടല്‍ നടത്താന്‍ സാധിക്കും. ഇസ്‌ലാമിക ഇക്കണോമിക് മോഡലുമായി ചേര്‍ന്നു നില്‍ക്കുന്ന venture capital, equity ഫണ്ടിംഗ് മോഡല്‍ നമുക്ക് ഇടയില്‍ ഇതിലൂടെ ബന്ധിപ്പിക്കാവുന്നതാണ്.

നടപ്പ് രീതിയില്‍ നമ്മുടെ നാട്ടില്‍ ഒരു ബിസിനസിലേക്ക് ഫണ്ട് ലഭിക്കണമെങ്കില്‍ ഉണ്ടായിരിക്കേണ്ട പ്രധാന ഘടകങ്ങളാണ് അതിന്റെ വിജയ സാധ്യത സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടും വളര്‍ച്ചാ പ്രതീക്ഷിത രീതികളും. നിക്ഷേപകരുടെ ലാഭപ്രതീക്ഷയുടെ ശതമാന കണക്കുകളും ഇതില്‍ പ്രധാനമാണ്. ഇവ കൂടാതെ, ബിസിനസ് ആധുനിക രീതിയില്‍ മൂല്യനിര്‍ണയം നടത്തുകയും വേണം. ആ മൂല്യനിര്‍ണയത്തില്‍ നിര്‍ദിഷ്ട ബിസിനസ് ശരീഅത്ത് അനുവദിച്ചതും പലിശ ഇടപാടുകളുടെ സാധ്യതയില്ലാത്തതുമാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ലിസ്റ്റ് ചെയ്യാനാഗ്രഹിക്കുന്ന ഓരോ ബിസിനസുകള്‍ക്കും നല്‍കണം. ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വിശ്വാസയോഗ്യമായ മൂല്യനിര്‍ണയത്തിന്റെയും വിജയസാധ്യതയുടെയും അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് വിവിധ സംരംഭങ്ങളില്‍ നിക്ഷേപിക്കാനുള്ള ആനുപാതിക ഉടമസ്ഥാവകാശം (share) കിട്ടാനും അവസരമൊരുക്കണം. സംരംഭങ്ങളുടെ ഇടപാടിലും വിപണന വസ്തുക്കളിലും ഹലാലായ മാർഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു ശരീഅ ബോഡിയുണ്ടാകണം. നിക്ഷേപകര്‍ സ്വന്തമാക്കിയ വിവിധ ബിസിനസ് സ്ഥാപനങ്ങളിലെ ഉടമസ്ഥാവകാശ ഭാഗം ആവശ്യമാകുമ്പോള്‍ തുല്യമായ മൂല്യമുള്ള മറ്റു കമ്പനികളുടെ ഷെയറുമായി കൈമാറ്റം ചെയ്യാനും വില്‍ക്കാനും സാധ്യമാവുന്ന ഒരു മാർക്കറ്റ് പ്ലൈസ് ഉണ്ടാകണം. അവിടെ മാനദണ്ഡമനുസരിച്ച് ഹലാല്‍ ബിസിനസുകളെ ലിസ്റ്റ് ചെയ്യാന്‍ സംവിധാനമാക്കാം.

ഈ രീതിയില്‍ നമ്മുടെ ബിസിനസുകാര്‍ക്കിടയില്‍ ബോധപൂര്‍വമായ ശ്രമങ്ങളും ഇടപെടലുകളുമുണ്ടെങ്കില്‍ ഹലാല്‍ ബിസിനസില്‍ നിക്ഷേപിക്കാനും ഹലാല്‍ വരുമാനം ഉണ്ടാക്കാനും ഹലാല്‍ ഇക്കണോമിക് ഫാബ്രിക് കൊണ്ടുവരാനും സാധിക്കും.

വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ അറബ് രാജ്യങ്ങള്‍ കൂടാതെ, യൂറോപ്യന്‍ രാജ്യങ്ങളിലും പലിശരഹിത സംവിധാനങ്ങള്‍ ഔദ്യോഗികമായി തന്നെ വളര്‍ന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മെമ്പര്‍മാര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സുകളിലും എക്‌സ്‌പോകളിലും പങ്കെടുക്കാന്‍ അവസരമൊരുക്കാന്‍ സാധിക്കും. അതുവഴി ഹലാല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ലിസ്റ്റ് ചെയ്ത പ്രോജക്റ്റുകള്‍ക്ക് ആഗോളതലത്തിലുള്ള നിക്ഷേപവും ആകര്‍ഷിക്കാനാകും. അംഗങ്ങളുടെ ട്രെയിനിംഗ് മുതല്‍ അന്താരാഷ്ട്ര സാമ്പത്തിക നയപ്രതിനിധികളുമായുള്ള ബന്ധങ്ങള്‍ വരെ ഇതിലൂടെ സാധ്യമാകും.

ഇത്തരത്തിലുള്ള ഒരു അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ആദ്യം വേണ്ടത്.
നാം എത്ര മാത്രം സാമ്പത്തിക ഇടപാടുകളാണോ നടത്തുന്നത് അതിനനുസരിച്ചുള്ള ഇസ്‌ലാമിക സാമ്പത്തിക ക്രയവിക്രയ നിയമ വ്യവസ്ഥിതികള്‍ അറിഞ്ഞിരിക്കല്‍ ഓരോ വിശ്വാസിക്കും നിര്‍ബന്ധമാണല്ലോ. നമ്മുടെ ദൈനംദിന കാര്യങ്ങളെ ഒന്ന് വേര്‍തിരിച്ചു നോക്കിയാല്‍ ഒരു ദിവസത്തില്‍ നമ്മള്‍ എത്ര സമയമാണ് നിര്‍ബന്ധിത ആരാധനക്കുപയോഗിക്കുന്നത്? എത്ര സമയമാണ് സത്കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നത്? എത്ര സമയമാണ് സ്വശരീരത്തിന് വേണ്ടി ചെലവഴിക്കുന്നത്? എത്ര സമയമാണ് സമ്പത്താര്‍ജിക്കുന്നതിനു വേണ്ടി ചെലവഴിക്കുന്നത്? നല്ലൊരു സമയവും, ആത്മാവിന്റെ ഭക്ഷണമായ അറിവ് സമ്പാദിക്കുന്നതടക്കം, ഭൗതിക സാമ്പത്തിക വ്യവസ്ഥയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് മനസ്സിലാകും. അപ്പോള്‍ നമ്മുടെ 24 മണിക്കൂറും സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുകയല്ലേ ചെയ്യുന്നത്. ആ അനുപാതത്തില്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥിതിയെ കുറിച്ചും വിപണന സാമഗ്രികളെ കുറിച്ചും ക്രയവിക്രയ കരാറുകളെ കുറിച്ചും എത്ര മാത്രം ചര്‍ച്ച ചെയ്യേണ്ടതുണ്ട്? എന്നാല്‍, നാം അതിന് തയ്യാറാകുന്നുണ്ടോ. ആദ്യം വേണ്ടത് ഈ ദിശയിലുള്ള അര്‍ഥവത്തായ ചര്‍ച്ചയാണ്.

കുറച്ചുകൂടി മുന്നോട്ട് പോയാല്‍, ഒരു വിശ്വാസിയുടെ പ്രഭാതവും പ്രദോഷവും ഉണര്‍ച്ചയും ഉറക്കവും ശ്വാസോച്ഛാസവും ആരാധനയിലാകണമെന്ന് തിരിച്ചറിയുമ്പോള്‍, അടിമുടി സാമ്പത്തിക പ്രവര്‍ത്തനത്തില്‍ മുഴുകുന്ന നാം അതിനെ കുറിച്ച് അര്‍ഹമായ വിധം ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യപ്പെടും. ഇമാം ഗസ്സാലി(റ)വിന്റെ ഇക്കണോമിക് ഫിലോസഫി ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഹലാല്‍ ബിസിനസുകള്‍ ചെയ്യുന്ന വിവിധ സംഘങ്ങളെ ഒരുമിച്ച് കൂട്ടുന്നതിലൂടെ, അടിത്തറയിളകിയിരിക്കുന്ന ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാം. ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകാര്യമാകുന്ന രൂപത്തില്‍ ചെറു മോഡലുകള്‍ നിര്‍മിച്ചാല്‍ പൊതുസ്വീകാര്യതയുണ്ടാക്കാനും ഭരണതലത്തില്‍ ചില പോളിസി മാറ്റങ്ങള്‍ നേടാവുന്നതുമാണ്. നേതൃതലത്തിൽ ഇത്തരം മാറ്റങ്ങളെ പിന്തുണക്കുന്ന നിരവധി പേരുണ്ട്. ഈ അഭിപ്രായങ്ങൾ സമന്വയിപ്പിക്കുയേ വേണ്ടൂ.

(ഐ പി എഫ് ഇക്കണോമിക് ഫോറം
ഡയറക്ടറാണ് ലേഖകന്‍)