Connect with us

Kerala

റമളാന്‍ ഇരുപത്തിയേഴാം രാവ് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സമ്മേളനം ചൊവ്വാഴ്ച

Published

|

Last Updated

ഫയൽ ചിത്രം

മലപ്പുറം | മഅദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ത്ഥനാ സമ്മേളനം ചൊവ്വാഴ്ച ഓണ്‍ലൈനില്‍ നടക്കും. രാവിലെ പത്ത് മുതല്‍ പുലര്‍ച്ചെ ഒന്ന് വരെ വിവിധ ആത്മീയ സംഗമങ്ങള്‍ നടക്കും.

സ്വസ്ഥ ജീവിതം തകര്‍ക്കുന്ന ഭീകരവിധ്വംസക പ്രവണതകള്‍ക്കെതിരെയുള്ള പ്രതിജ്ഞയോടൊപ്പം ലഹരി വിപത്തിനെതിരെയുള്ള ബോധവല്‍ക്കരണം കൂടി നടക്കും. മഅ്ദിന്‍ ചെയര്‍മാനും കേരളാ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മഅ്ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത് പ്രാര്‍ത്ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് റാഷിദ് ബുഖാരി എന്നിവര്‍ പ്രഭാഷണം നടത്തും.

രാവിലെ പത്തിന് പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഉച്ചക്ക് 1.30 ന് സ്‌നേഹ കുടുംബം പരിപാടി നടക്കും. രണ്ട് മുതല്‍ അസ്മാഉല്‍ ബദ്ര്! മജ്‌ലിസ് നടക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വൈകുന്നേരം നാല് മുതല്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍, അഅ്‌ളമു സ്സ്വലാത്ത്, വിര്‍ദുല്ലത്വീഫ് എന്നിവക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. രാത്രി ഒമ്പത് മുതല്‍ പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാര്‍ത്ഥന എന്നിവയും നടക്കും. പരിപാടികള്‍ വീക്ഷിക്കാന്‍ www.youtube.com/MadinAcademy സന്ദര്‍ശിക്കുക.
പ്രാര്‍ത്ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9645600072. Website: www.madin.edu.in

Latest