Connect with us

Gulf

അബ്ദുല്‍ ഹകീം ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കും; സഹായിച്ചവരോടുള്ള നിറഞ്ഞ കൃതജ്ഞതയോടെ

Published

|

Last Updated

അബ്ദുൽ ഹകീമിനും, ഭാര്യ ജംഷീദക്കുമുള്ള വിമാന ടിക്കറ്റ് ശക്തി പ്രസിഡണ്ട് അഡ്വക്കറ്റ് അൻസാരി സൈനുദീൻ നൽകുന്നു. വൈസ് പ്രസിഡണ്ട് ശരീഫ് സി കെ, ജസ്റ്റിൻ തോമസ്, സുനിൽ മാടമ്പി പങ്കെടുത്തു

അല്‍ഐന്‍ | വാഹന അപകടത്തില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാന്‍ ഊഴം കാത്തിരുന്ന കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തില്‍ മങ്ങാട് സ്വദേശി അബ്ദുല്‍ ഹകീം ഇന്ന് വൈകിട്ട് ആറിനുള്ള അബുദാബി കോഴിക്കോട് വിമാനത്തില്‍ നാട്ടിലേക്ക് യാത്രതിരിക്കും. സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ചെത്തിയ അബ്ദുല്‍ ഹക്കീം സഞ്ചരിച്ച വാഹനത്തില്‍ ഫെബ്രുവരി 28ന് സ്വദേശിയുടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ വാരിയെല്ലു പൊട്ടുകയും വലത് കൈയ്ക്ക് സ്വാധീനമില്ലാതാവുകയും വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഒരു മാസം നീണ്ട ആശുപത്രി വാസത്തിനുശേഷം ആരോഗ്യം കുറയൊക്കെ വീണ്ടെടുത്തെങ്കിലും നാട്ടിലെത്തി കണ്ണിനു അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കുകയാണെങ്കില്‍ കാഴ്ചശക്തി വീണ്ടുകിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

അല്‍ ഐന്‍ നോര്‍ക്ക പ്രതിനിധി ഈസ ഉളിയിലിന്റെ ശക്തമായ ഇടപെടലാണ് യാത്രക്ക് അവസരമുണ്ടാകാന്‍ കാരണം. അബ്ദുല്‍ ഹകീമിന്റെ വിഷയം ഈസ ഉളിയില്‍ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. യാത്രക്ക് അവസരം ലഭിച്ച അബ്ദുല്‍ ഹകീമിനും ഭാര്യക്കും അബുദാബി ശക്തി തീയേറ്റേഴ്‌സാണ് വിമാന ടിക്കറ്റ് നല്‍കിയത്.

വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ അബ്ദുല്‍ ഹകീം അല്‍ഐന്‍, തവാം ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. അപകടത്തിനുശേഷം സഹായത്തിന് ഭാര്യ ജംഷിദയെ നാട്ടില്‍നിന്ന് സന്ദര്‍ശക വീസയില്‍ എത്തിച്ചിരുന്നു. ഒരു മാസത്തെ ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു കഴിഞ്ഞ മാസം നാട്ടിലേക്കു പോകാനിരിക്കെയാണ് വിമാന യാത്രാനിയന്ത്രണം നിലവില്‍ വന്നത്. കഴിഞ്ഞ രണ്ട് മാസമായി അബ്ദുല്‍ ഹകീമിന്റെ കാര്യങ്ങള്‍ അല്‍ ഐന്‍ സെന്‍ട്രല്‍ ഐ സി എഫ് മേല്‍നോട്ടത്തിലാണ് നടന്ന് വരുന്നത്. അബ്ദുല്‍ ഹകീമിനും ഭാര്യക്കും താമസിക്കാനുള്ള സൗകര്യം ചെയ്തു നല്‍കിയത് നാദാപുരം സ്വദേശിയും ഐ ഐനില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സേവനം ചെയ്യുന്ന അജ്മല്‍ കുനിയിലായിരുന്നു.

ഇന്ന് രാവിലെ ഒമ്പതിനാണ് നാട്ടിലേക്ക് പോകുന്നതിന് അവസരമൊരുക്കാമെന്ന് എംബസി അറിയിച്ചത്, ഈ വിവരം സന്നദ്ധ സേവന പ്രവര്‍ത്തകര്‍ വഴി അബുദാബി ശക്തി പ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ എനിക്കും ഭാര്യക്കുമുള്ള ടിക്കറ്റ് അവര്‍ തന്നു. അപകടം നടന്നതിന് ശേഷം എനിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുണ്ട് അബ്ദുല്‍ ഹകീം വ്യക്തമാക്കി.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest