Gulf
ലോക്ക്ഡൗണില്‍ സാന്ത്വനമേകി കേളി പ്രവര്‍ത്തകര്‍

റിയാദ് | ലോക്ക്ഡൗണിനെ തുടര്‍ന്ന് പല തരത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്ന പ്രവാസി മലയാളികള്‍ക്ക് സാന്ത്വനമേകി കേളി പ്രവര്‍ത്തകര്‍. സഊദിയില്‍ നിരോധനാജ്ഞയില്‍ ഇളവുകള്‍ ലഭിച്ചത് പ്രയോജനപ്പെടുത്തിയാണ് ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ എത്തിച്ച് നല്‍കുന്നതെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പുര്‍ പറഞ്ഞു.
മരുന്നുകള്‍ ആവശ്യമായവര്‍ക്ക് എത്തിച്ചുകൊടുക്കുക, ഇവിടെ ലഭ്യമല്ലാത്ത മരുന്നുകള്‍ നാട്ടില്‍ നിന്ന് നോര്‍ക്കയുടേയും ഡിഎച്ച്എലിന്റെയും സഹായത്തോടെ എത്തിച്ചു നല്‍കുക, ഭക്ഷണവും, ഭക്ഷണ സാധനങ്ങളും ആവശ്യപ്പെട്ട സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് അവ ലഭ്യമാക്കുക, ഗര്‍ഭിണികളേയും ആശുപത്രിയില്‍ പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ച മറ്റു രോഗികളേയും ആശുപത്രിയില്‍ എത്തിക്കുക, കോവിഡ് ലക്ഷണങ്ങള്‍ കണ്ടവരെ പരിശോധനകള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുക, ഗര്‍ഭിണികള്‍ക്കും മറ്റു രോഗികള്‍ക്കും ആശുപത്രികളിലെത്തി രക്തം ദാനം നല്‍കുക തുടങ്ങി നിരവധി കാര്യങ്ങളാണ് കേളി പ്രവര്‍ത്തകര്‍ ചെയ്തുവരുന്നത്.
റിയാദിനെ കൂടാതെ, അല്‍ഖര്‍ജ്, മുസാമിയ, ദവാദ്മി തുടങ്ങിയ പ്രദേശങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ കേളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. മലയാളികളെക്കൂടാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യക്കാര്‍ക്കും സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു. കൂടാതെ നിരവധി ലേബര്‍ ക്യാമ്പുകളില്‍ റമസാന്‍ കിറ്റുകള്‍ നല്‍കിയതായും കേളി അറിയിച്ചു.