Connect with us

Covid19

വിദേശത്തു നിന്നെത്തിയത് 3732 പേര്‍; ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കും

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിലെ നാലു വിമാനത്താവളങ്ങളിലെത്തിയ 17 വിമാനങ്ങളിലും കൊച്ചി തുറമുഖത്തെത്തിയ മൂന്ന് കപ്പലുകളിലുമായി 3,732 മലയാളികള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 29 ട്രെയിനുകളിലായി കേരളത്തില്‍ നിന്ന് 33,000 അതിഥി തൊഴിലാളികള്‍ തിരികെ പോയിട്ടുണ്ട്. കപ്പലിലെത്തിയ മൂന്ന് തമിഴ്നാട് സ്വദേശികള്‍ക്ക് രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കപ്പലിലെത്തിയ മറ്റുള്ളവര്‍ക്ക് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചു.

ഡല്‍ഹിയില്‍ നിന്ന് രാവിലെ വന്ന ട്രെയിനില്‍ 1045 പേര്‍ എത്തി. തിരുവനന്തപുരത്ത് 348 യാത്രക്കാര്‍ ഇറങ്ങി. മുംബയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്ക് പനി ലക്ഷണം കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതേ ട്രെയിനില്‍ എറണാകുളത്ത് 411 പേര്‍ എത്തി. ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ 286 യാത്രക്കാരാണ് കോഴിക്കോടെത്തിയത്. ഇതില്‍ രോഗലക്ഷണമുള്ള ഏഴു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലു പേര്‍ കോഴിക്കോട് ജില്ലയിലും ഓരോരുത്തര്‍ വീതം മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലുമുള്ളവരാണ്.

149 യാത്രക്കാരുമായി ജിദ്ദ വിമാനം കൊച്ചിയിലെത്തി. ഇതില്‍ 58 ഗര്‍ഭിണികളും പത്തു വയസില്‍ താഴെയുള്ള ഒന്‍പത് കുട്ടികളുമുണ്ടായിരുന്നു. നാലു പേരെ വിവിധ ജില്ലകളില്‍ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ 47,151 പേരാണ് കേരളത്തിലെത്തിയത്. റോഡുമാര്‍ഗം കേരളത്തിലേക്ക് വരുന്നതിന് 2,85,880 പേരാണ് രജിസ്റ്റര്‍ ചെയ്തത്. 1,23,972 പാസുകള്‍ നല്‍കി. ട്രെയിനില്‍ വരുന്നതിന് 4694 പാസുകളാണ് നല്‍കിയത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുന്നത് വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പെയിഡ് ക്വാറന്റൈന്‍ സംവിധാനം പരിഗണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് ട്രെയിനിന് അനുമതിയായിട്ടുണ്ട്. ബംഗളൂരു തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായി റെയില്‍വേ അറിയിച്ചു. നോണ്‍ എ. സി ട്രെയിനായാവും സര്‍വീസ് നടത്തുക. മേയ് 18 മുതല്‍ ജൂണ്‍ 14 വരെ അതിഥിതൊഴിലാളികളെ ബംഗാളിലേക്ക് കൊണ്ടുപോകാന്‍ 28 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേയുടെ അറിയിപ്പ് ലഭിച്ചു.
ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങാന്‍ ട്രെയിന്‍ ലഭിക്കാത്തത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. നോണ്‍ എ. സി ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് മാര്‍ഗം ആരാഞ്ഞിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഹെല്‍പ് ഡെസ്‌ക്ക് ഇതിനുള്ള ഏകോപനം നടത്തും. ഒന്നോ രണ്ടോ ദിവസത്തിനകം ഡല്‍ഹിയില്‍ നിന്ന് ട്രെയിനുണ്ടാവുമെന്നാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest