Covid19
ക്വാറന്റീന്‍: സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ല; ഹോം ക്വാറന്റീന്‍ വിജയകരം: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് ക്വാറന്റീന്‍ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഹോം ക്വാറന്റീന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രോഗം പടരുന്നത് തടയാന്‍ സാധിച്ചതിന്റെ പ്രധാന കാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാറന്റീനുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉന്നയിച്ച വിമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പണം നല്‍കിയുള്ള ക്വാറന്റീന്‍ സംവിധാനം ഏര്‍പെടുത്തുന്നത് ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് ഈ സംവിധാനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്വാറന്റീന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദ്ദേശം എന്തിനാണ് വെട്ടിക്കുറച്ച് ഏഴ് ദിവസമാക്കിയതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.