Connect with us

Articles

കൊവിഡ് 19, പ്രവാസം, പൗരത്വം.. ഇന്ത്യന്‍ മുസ്‌ലിം ആലോചനകള്‍

Published

|

Last Updated

സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രായശ്ചിത്തത്തിന്റെയും സമയമായാണ് വിശുദ്ധ റമസാന്‍ മാസത്തെ മുസ്്ലിംകള്‍ കരുതിപ്പോരുന്നത്. പക്ഷേ, കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ സമൂഹ പ്രാര്‍ഥനയടക്കമുള്ള വിശ്വാസികളുടെ കൂടിച്ചേരലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തെ എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്?

കൊവിഡ് 19 സമൂഹത്തിലെ എല്ലാ മേഖലകളെയും ഇപ്പോള്‍ തന്നെ വലിയ തോതില്‍ ബാധിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ മനുഷ്യ സമൂഹം നേരിടേണ്ടിവന്ന വലിയ വെല്ലുവിളികളില്‍ ഒന്നായാണ് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. സ്വാഭാവികമായും സാമൂഹിക സ്ഥാപനം എന്ന നിലയില്‍ ആരാധനാലയങ്ങളുടെയും സാധാരണ രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും റമസാന്‍ മാസത്തില്‍ ആരാധനാലയങ്ങള്‍ അടച്ചിട്ടു കാണേണ്ടി വരുന്നത് വിശ്വാസികള്‍ക്ക് വേദനാജനകമായ കാര്യം തന്നെയാണ്. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരാധനാലയങ്ങളും പ്രാര്‍ഥനകളും എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നതിനെ കുറിച്ച് ഇസ്‌ലാമില്‍ കൃത്യമായ പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ട്. പ്രവാചകര്‍ തന്നെ ഇക്കാര്യത്തില്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പുകളും വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഞാന്‍ നോക്കുമ്പോള്‍ എന്റെ ഓഫീസിനോട് ചേര്‍ന്നുള്ള മര്‍കസ് ലൈബ്രറിയില്‍ തന്നെ ഈ വിഷയത്തെ അധികരിച്ചുള്ള നിരവധി മതഗ്രന്ഥങ്ങള്‍ ഉണ്ട്. വലിയ മഹാമാരികള്‍ നേരിടേണ്ടി വന്നതിന്റെ അനുഭവ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നിയമ- ചരിത്ര പുസ്തകങ്ങള്‍ ആണവ. പലതും നൂറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതപ്പെട്ടവ. മഹാമാരികള്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും അവയെ നേരിടാന്‍ സ്വീകരിക്കേണ്ട ജീവിത ശൈലികളും ഈ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മഹാമാരികളിലൂടെ ജീവിക്കേണ്ടി വന്ന വിവിധ സമൂഹങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ നടപടിക്രമങ്ങള്‍ വിശ്വാസികള്‍ക്ക് വലിയ അമ്പരപ്പ് ഉണ്ടാക്കുന്നതല്ല. മഹാമാരിയുടെ കാലത്തും ഒറ്റപ്പെട്ടിരിക്കുമ്പോഴും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ പിന്തുടരാന്‍ ഒരാളും പ്രയാസം നേരിടുന്നില്ല. ഇത്തരം ഘട്ടങ്ങളിലൊക്കെയും പ്രാക്ടീസ് ചെയ്യാവുന്ന ഒരു മതം എന്ന നിലയിലാണ് ഇസ്‌ലാമിനെ സംവിധാനിച്ചിരിക്കുന്നത്. പൗരോഹിത്യം പോലുള്ള ഏര്‍പ്പാടുകള്‍ ഇല്ല എന്നതാണ് ഇസ്‌ലാമില്‍ ഇത്തരം കാര്യങ്ങളെ എളുപ്പമുള്ളതാക്കി തീര്‍ക്കുന്നത്.

നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരാണ് പുറം നാടുകളില്‍ ഉള്ളത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളികള്‍ താമസിക്കുന്ന മധ്യേഷ്യന്‍ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ എന്ന നിലയില്‍ എന്താണ് ഇതേ കുറിച്ച് നിങ്ങളുടെ അഭിപ്രായം?

സ്വന്തം നാട്ടിലേക്കും കുടുംബത്തിലേക്കും തിരിച്ചെത്താന്‍ മനുഷ്യര്‍ സ്വാഭാവികമായും ആഗ്രഹിച്ചു പോകുന്ന ഒരു സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആ അര്‍ഥത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനുള്ള പ്രവാസികളുടെ ആഗ്രഹത്തെ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. തിരിച്ചുവരല്‍ അല്ലാത്ത മറ്റൊരു മാര്‍ഗത്തെ കുറിച്ച് പലര്‍ക്കും ആലോചിക്കാനേ കഴിയാത്ത അവസ്ഥയാണ്. അതിനുപുറമെ, ഈ രാജ്യത്തെ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നവര്‍ എന്ന നിലയില്‍ പ്രവാസികളോട് നാം ഏറെ കടപ്പെട്ടിട്ടുണ്ട്. അവരോട് നമുക്ക് ഒരു പ്രത്യേക പരിഗണന ഉണ്ടാകേണ്ടതുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഒരാവശ്യം ഉണ്ടാകുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുക എന്നത് നാം ചെയ്യേണ്ട, ചെയ്യുന്ന മിനിമം മര്യാദയാണ്. ഇപ്പോള്‍ ചെയ്യുന്നതൊക്കെ ഉത്തരവാദപ്പെട്ട ഏതൊരു സമൂഹവും സര്‍ക്കാറും ചെയ്യുന്ന മിനിമം കാര്യങ്ങളാണ്. ആ നിലക്ക് വേണം ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന നടപടിയെ കാണാന്‍.

രണ്ടര ലക്ഷത്തിലധികം കേരളീയര്‍ ഈ ഘട്ടത്തില്‍ പ്രവാസം മതിയാക്കി തിരിച്ചുവരും എന്നാണ് കരുതപ്പെടുന്നത്. ഇവരുടെ പുനരധിവാസം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു കീറാമുട്ടിയാകില്ലേ?

കുടിയേറ്റം എക്കാലത്തും മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായിരുന്നു. കുടിയേറ്റത്തോടും കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളോടും കുറേക്കൂടി തുറന്ന- ഒരാഗോള കാഴ്ചപ്പാട് പുലര്‍ത്താന്‍ കഴിഞ്ഞാല്‍ ഈ പുനരധിവാസമൊന്നും വലിയ വെല്ലുവിളിയാകില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ അതിഥി രാജ്യവും ആതിഥേയ രാജ്യവും കൈകോര്‍ത്തു പിടിച്ച് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിലും ഇതു തന്നെയാണവസ്ഥ. സ്വന്തം നാട്ടിലേക്ക് പോകാന്‍ കഴിയാതെ രാജ്യത്തെ വന്‍ നഗരങ്ങളില്‍ ദിവസങ്ങളോളം കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളുടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണപ്പെട്ട തൊഴിലാളികളുടെയും ചിത്രങ്ങള്‍ നാം കണ്ടു. എത്ര ഇടുങ്ങിയ സമീപനമാണ് പാവപ്പെട്ട തൊഴിലാളികളുടെ കാര്യത്തില്‍ സ്വന്തം രാജ്യം തന്നെ വെച്ചുപുലര്‍ത്തുന്നത് എന്നതിന്റെ ഉദാഹരണങ്ങള്‍ ആണല്ലോ ഇതൊക്കെ. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യുന്ന കരുതല്‍ നടപടികള്‍ നല്ല തുടക്കമാണ്.

അബുദാബിയിൽ നടക്കുന്ന ഇന്റർഫെയ്ത്ത് അലയൻസ് ഫോറത്തിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിൽ യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ
ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ
ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ആദരിക്കുന്നു

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാറുകള്‍ രാജ്യവ്യാപകമായി തന്നെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചവര്‍ക്കു നേരെ ഏത് മതക്കാരെന്നു നോക്കാതെ ശിക്ഷാ നടപടികള്‍ കൈക്കൊണ്ടു. പക്ഷേ, തബ്‌ലീഗ് ജമാഅത്തിനെതിരെ സ്വീകരിച്ച നടപടികള്‍ മാത്രം രാജ്യത്തിനകത്തും പുറത്തും അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്താണ് ഇതേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം?

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച എല്ലാ ആളുകളോടും കൂട്ടായ്മകളോടും നാം ഒരേ തരത്തിലുള്ള നിയമ നടപടികളും സമീപനങ്ങളുമാണ് സ്വീകരിച്ചത് എന്ന വാദം പൂര്‍ണമായും ശരിയല്ല എന്നാണ് ഇത് സംബന്ധിച്ചുള്ള വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. തുല്യത എന്ന ആശയത്തെ ഘടനാപരമായി തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇത്തരം വിവേചനങ്ങളെ മറികടക്കാനാകൂ. ഇനി, തബ്‌ലീഗ് ജമാഅത്തിന്റെ കാര്യത്തിലേക്കു വരാം. തബ്‌ലീഗ് ജമാഅത്തിനോട് ആശയപരമായും പ്രവര്‍ത്തന രീതികളിലും പല വിയോജിപ്പുകളും ഉള്ള ഒരാളാണ് ഞാന്‍. അവരോട് പല സന്ദര്‍ഭങ്ങളിലും ആശയ സംവാദങ്ങളില്‍ ഏര്‍പ്പെട്ട ഒരാളുമാണ്. പക്ഷേ, കൊവിഡുമായി തബ്‌ലീഗ് ജമാഅത്തിനെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. ഇന്ത്യയില്‍ നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സന്ദര്‍ഭത്തില്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ കുറേക്കൂടി ഉത്തരവാദിത്വ ബോധത്തോടെ വേണമായിരുന്നു സമ്മേളനം സംഘടിപ്പിക്കാന്‍ എന്നത് ശരിയാണ്. ഒരു മുസ്‌ലിം കൂട്ടായ്മ എന്ന നിലയില്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിശ്വാസപരമായി തന്നെ ചില ബാധ്യതകള്‍ ഉണ്ട്. അതേസമയം, സാമൂഹിക നിയന്ത്രണങ്ങള്‍ ഔദ്യോഗികമായി നിലനില്‍ക്കുന്ന ഒരു സമയത്താണ് ഡല്‍ഹിയില്‍ ഇങ്ങനെയൊരു സമ്മേളനം നടന്നത് എങ്കില്‍ ആ കുറ്റത്തില്‍ സംഘാടകര്‍ക്കു മാത്രമല്ല, ആ സമ്മേളനം നടക്കാനും തുടരാനും അനുവദിച്ചവര്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ട്. പകരം തബ്‌ലീഗ് ജമാഅത്തിനെതിരെയുള്ള ആരോപണങ്ങളും നടപടി ക്രമങ്ങളും മുസ്‌ലിംകള്‍ക്കെതിരായുള്ള വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി വ്യാപകമായി പ്രചരിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. മാത്രമല്ല, ചിലയിടങ്ങളില്‍ ഈ പ്രചാരണത്തിന്റെ ഭാഗമായി അക്രമങ്ങളും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ജനാധിപത്യ സമൂഹം ഇങ്ങനെയല്ല പ്രതിസന്ധികളെ നേരിടേണ്ടത്.

കാന്തപുരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം

രാജ്യത്തെ വിസാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പല വിദേശികളും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇവരില്‍ പലരും ഇപ്പോഴും രാജ്യത്ത് ഒളിച്ചു കഴിയുകയാണ് എന്നുമാണ് വിവിധ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തരവാദിത്വമുള്ള ഒരു മത സംഘടനക്ക് ചേര്‍ന്ന പ്രവൃത്തികളാണോ ഇതൊക്കെ?

നിങ്ങളീ സൂചിപ്പിച്ച പ്രത്യേക കേസിന്റെ വിശദാംശങ്ങള്‍ എനിക്കറിയില്ല. നിങ്ങള്‍ പറയുന്നതു പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇന്ത്യയിലെ വ്യവസ്ഥാപിത നിയമ വ്യവസ്ഥക്കകത്ത് തന്നെ അതിന് പരിഹാരമാര്‍ഗങ്ങളും ശിക്ഷാ നടപടികളും ഉണ്ടല്ലോ. ആ നിലക്ക് അത് കൈകാര്യം ചെയ്യപ്പെടും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയെ അനുസരിക്കാന്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല.

എറണാകുളത്ത് സി എ എ വിരുദ്ധ സമ്മേളനത്തിൽ കാന്തപുരവും പാണക്കാട് ഹെെദരലി ശിഹാബ് തങ്ങളും

ഇന്ത്യക്കെതിരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ സംഘടിതമായ പ്രചാര വേലകളെ നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ആദ്യമായി, ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാര വേലകളെയും രാജ്യത്തെ കുറിച്ച് സ്വന്തം പൗരന്മാര്‍ ഉയര്‍ത്തുന്ന ന്യായമായ പരാതികളെയും വേറിട്ടു കാണണം എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങളെ അവരുടെ വിദേശ നയത്തിന്റെ ഭാഗമായാണ് കാണേണ്ടത്. 1947 മുതല്‍ക്കേ പാക്കിസ്ഥാന്‍ സമാനമായ രീതികള്‍ ആണല്ലോ തുടര്‍ന്നു വരുന്നത്. നമ്മുടെ വിദേശ നയത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പരിഹരിക്കേണ്ട പ്രശ്‌നമാണത്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാരുടെ പരാതികളെ നാം നമ്മുടെ ആഭ്യന്തര നയത്തിന്റെ ഭാഗമായി കണ്ട് രാജ്യത്തിനകത്തു നിന്ന് ജനാധിപത്യപരമായി പരിഹരിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ യശസ്സ് എന്നത് ഓരോ പൗരന്റെയും യശസ്സാണ്. ഉത്തരവാദിത്വങ്ങളുടെ ഭാഗമായി ഓരോ വര്‍ഷവും നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ മുസ്്ലിംകളെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കേണ്ടി വരാറുണ്ട്. രാജ്യത്തെ മുസ്്ലിംകളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുമുണ്ട്. ആ ഘട്ടങ്ങളിലൊക്കെ ഈ നാടിന്റെ യശസ്സും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രദ്ധിക്കാറുള്ളത്. ഇത്തരം വേദികള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന്റെ യശസ്സിനെയും പാരമ്പര്യത്തെയും കുറിച്ച് സംസാരിക്കാനുള്ള അവസരങ്ങള്‍ നിലനില്‍ക്കട്ടെ എന്നാണ് ആഗ്രഹവും പ്രാര്‍ഥനയും.

സംവരണം, സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയ വിശേഷ ആനുകൂല്യങ്ങള്‍ നല്‍കി ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടും മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ നടക്കുകയാണ്. യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമല്ലേ ഇതൊക്കെ?

സംവരണത്തെയും സ്‌കോളര്‍ഷിപ്പിനെയുമൊക്കെ ഇങ്ങനെ ഒരു ആനുകൂല്യമായി കാണുന്നത് ശരിയല്ല. അവ ഈ രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളുടെ ഭാഗമാണ്. ഒരു സമൂഹം എന്ന നിലയില്‍ ഇന്ത്യയിലെ മുസ്‌ലിംയുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയും എന്ന വിശ്വാസം എനിക്കില്ല. നമ്മുടെ നീണ്ട കാലത്തെ ചരിത്ര അനുഭവം അതിനനുവദിക്കുന്നുമില്ല.

കാന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ 

സി എ എക്കെതിരെയുള്ള സമരത്തില്‍ നാം കണ്ടതുപോലെ, രാജ്യത്തെ മുസ്‌ലിംകളുടെ നേതൃത്വം താങ്കളെപ്പോലുള്ള മത നേതാക്കളില്‍ നിന്ന് യുവാക്കളുടെ കൈകളിലേക്ക് വഴുതിമാറുകയാണോ? പക്വതയുള്ള മത നേതാക്കളില്‍ നിന്ന് റാഡിക്കല്‍ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന യുവാക്കളിലേക്കുള്ള ഈ നേതൃമാറ്റം ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മുസ്‌ലിംകളെ സഹായിക്കുമോ?

സി എ എക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലെ ഏതോ ഒരു വിഭാഗം മാത്രം നടത്തിയതാണ് എന്ന ധാരണയില്‍ നിന്നാണ് നിങ്ങള്‍ ഇങ്ങനെയൊരു ചോദ്യം ഉന്നയിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അത് ശരിയല്ല. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി ജാതി, മത, പ്രായ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം ഒരുമിച്ചു നിന്ന അപൂര്‍വ നിമിഷമായാണ് സി എ എക്കെതിരായി നടന്ന പ്രതിഷേധങ്ങളെ രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ കാണുന്നത്. മുസ്‌ലിം സമൂഹത്തെ ആയിരിക്കും സി എ എ തുടക്കത്തിലും പ്രത്യക്ഷത്തിലും ബാധിക്കുക എന്നത് ശരിയാണ്. എങ്കിലും ഇതിനെതിരായ പ്രതിഷേധങ്ങളില്‍ മുസ്‌ലിംകള്‍ ഒറ്റക്കായിരുന്നില്ല. പലയിടങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധങ്ങള്‍ നടന്നത്. അത്തരം നിരവധി പരിപാടികളില്‍ ഞാന്‍ തന്നെ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഈ രീതിയിലുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഈയിടെ പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും ഡല്‍ഹിയില്‍ വെച്ച് സംസാരിച്ചപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത്, ഈ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ മുഖവിലക്കെടുത്ത് സി എ എയിലെയും എന്‍ ആര്‍ സിയിലെയും വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കണം എന്നാണ്.

കാന്തപുരം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

വിശുദ്ധ റമസാന്‍ മാസത്തില്‍ വലിയ തോതില്‍ സകാത്തും സംഭാവനയും നല്‍കുന്നതിനെ പുണ്യകര്‍മമായാണ് മുസ്‌ലിംകള്‍ കരുതുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മത സംഘടനകളോട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെടുകയുണ്ടായി. ഗ്രാന്‍ഡ് മുഫ്തി എന്ന നിലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെടുമോ?

ചുറ്റുമുള്ള ആലംബഹീനരെ മുസ്‌ലിംകള്‍ സഹായിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സകാത്ത്, സ്വദഖ, ഹദിയ പോലുള്ള വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ തന്നെ ഇസ്്ലാമില്‍ ഉണ്ട്. രോഗികളെ ശുശ്രൂഷിക്കുന്നത് ഏറെ പുണ്യകരമായ കാര്യമായാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. സമ്പത്തിന്റെ നിശ്ചിത ഭാഗം ഓരോ വര്‍ഷവും ദാനം ചെയ്യല്‍ മുസ്‌ലിംകള്‍ക്കു മതപരമായി തന്നെ നിര്‍ബന്ധമുള്ള കാര്യമാണ്. ഇതിനുപുറമെ, വ്യക്തിയുടെയും കുടുംബത്തിന്റെയും നിര്‍ബന്ധിത ആവശ്യങ്ങള്‍ കഴിഞ്ഞു ബാക്കിയുള്ള സ്വത്ത് മുഴുവനും തന്നെ ദാനം ചെയ്യാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളും ഉണ്ട്. റമസാനിലെ ദാന ധര്‍മങ്ങള്‍ക്കു വേണ്ടി നീക്കിവെച്ച സമ്പത്തില്‍ നിന്ന് ഒരു വിഹിതം സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പോലുള്ള മഹാമാരികളെ ചെറുക്കുക ചെലവേറിയ പദ്ധതിയാണ്. സര്‍ക്കാറുകള്‍ക്ക് മാത്രം ചെയ്തു തീര്‍ക്കാവുന്ന കാര്യങ്ങള്‍ അല്ല ഇതൊന്നും. പുറത്തു നിന്നുള്ള സഹായവും അവര്‍ക്ക് ആവശ്യമുണ്ട്. അങ്ങനെ സഹായിക്കാന്‍ മുസ്‌ലിംകള്‍ക്ക് മതപരമായി തന്നെ ബാധ്യതയും കടപ്പാടും ഉണ്ട്.അതവര്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട് എന്നതില്‍ ഞാന്‍ സന്തോഷവാനുമാണ്.

(കടപ്പാട്: ഔട്ട്‌ലുക്
വിവര്‍ത്തനം: ഫാത്വിമ നഈമ കെ എ)