Connect with us

Ongoing News

സൂക്ഷ്മ ജീവിതം പരിശീലിക്കാം

Published

|

Last Updated

മനുഷ്യന്‍ എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്ന് സ്രഷ്ടാവ് വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. മനുഷ്യ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്ന വിധമാണ് ഇസ്‌ലാം മതത്തെ അവന്‍ സംവിധാനിച്ചിട്ടുള്ളത്. മനുഷ്യന്‍ നിയമം തെറ്റി ഓടുമ്പോഴെല്ലാം അത് അല്ലാഹു അറിയുന്നു. അവന്റെ ദൂതന്‍മാര്‍ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നു.

ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. നബി (സ)പറഞ്ഞു: നിശ്ചയം ഹലാല്‍ വ്യക്തമാണ്. ഹറാമും വ്യക്തമാണ്. അത് രണ്ടിനുമിടയില്‍ അവ്യക്തമായ ചില കാര്യങ്ങളുണ്ട്. കൂടുതല്‍ ജനങ്ങൾക്കും അതറിയില്ല. ആരെങ്കിലും അതിനെ ഉപേക്ഷിച്ചാല്‍ ദീനിനെയും അഭിമാനത്തേയും അവന്‍ സംരക്ഷിച്ചു. മറ്റൊരു ഹദീസില്‍ നബി (സ) പറഞ്ഞു: ഒരു മനുഷ്യന്റെ ഇസ്‌ലാമിക സൗന്ദര്യത്തിന്റെ ഭാഗമാണ് പ്രയോജനമില്ലാത്ത കാര്യങ്ങള്‍ വേണ്ടെന്നു വെക്കല്‍.

അബൂബക്കര്‍ സിദ്ദീഖ് (റ) പറയുന്നു: നിഷിദ്ധമായ കാര്യങ്ങളില്‍ ചെന്ന് വീഴുമോ എന്ന് പേടിച്ച് അനുവദനീയമായ കാര്യങ്ങള്‍ തന്നെ ധാരാളം ഞങ്ങള്‍ ഒഴിവാക്കലാണ്. അത്തരം സൂക്ഷ്മ ജീവിതം നയിക്കുന്ന ഒരു സാത്വികനാകാന്‍ അബൂ ഹുറൈറ(റ)യോട് നബി(സ) ഉപദേശിച്ചിട്ടുണ്ട്. കൂഫയില്‍ ഒരു ആട് മോഷ്ടിക്കപ്പെട്ട വിവരം ലഭിച്ചതു മുതല്‍ ഇമാം അബൂഹനീഫ(റ) ആട്ടിറച്ചി ഭക്ഷിച്ചിരുന്നില്ല.
ഏറ്റവും കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ട വിഷയം ഭക്ഷണ കാര്യമാണ്. നിഷിദ്ധ ഭക്ഷണം കഴിച്ചു വളര്‍ന്ന ഏതൊരു ശരീരവും നരകത്തില്‍ കടക്കാന്‍ അര്‍ഹതപ്പെട്ടതാണെന്ന് നബി വചനമുണ്ട്. ഇന്നത്തെ സാഹചര്യം വിലയിരുത്തിയാല്‍ ഭക്ഷണ കാര്യത്തില്‍ സൂക്ഷ്മത ഇല്ലെങ്കിലും കര്‍മശാസ്ത്ര നിയമ പ്രകാരം അനുവദനീയമായ രൂപത്തില്‍ തന്നെയാണ് തന്റെ ഭക്ഷണ രീതി എന്ന് ഉറപ്പിക്കാന്‍ നമുക്ക് സാധിക്കണം. നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ലഭിക്കുന്ന മാംസങ്ങളെ കുറിച്ച് പഠിച്ചാല്‍ പലതും അനിസ്‌ലാമികമായ അറവിലൂടെയാണ് നമ്മുടെ മുന്നിലെത്തുന്നത് എന്ന് മനസ്സിലാക്കാം.

ഇബ്‌റാഹീമിബ്‌നു അദ്ഹം(റ) നോട്, നിങ്ങള്‍ സംസം വെള്ളം കുടിക്കുന്നില്ലേ എന്ന് ചോദ്യം വന്നു. ഹലാലായ പാത്രം ലഭിക്കാത്തത് കാരണം ഞാന്‍ കുടിക്കുന്നില്ലെന്നായിരുന്നു മറുപടി. ബിശ്റുല്‍ ഹാഫി(റ)ന്റെ സഹോദരി അഹ്മദ്ബ്‌നു ഹമ്പല്‍(റ)ന്റെ അരികില്‍ വന്നു ചോദിച്ചു: ഞങ്ങള്‍ വീട്ടില്‍ നൂല്‍ നൂല്‍ക്കാറുണ്ട്. രാത്രിയില്‍ വഴിയിലൂടെ പോകുന്നവരുടെ വെളിച്ചം ഞങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമോ? ചോദ്യം കേട്ട് അമ്പരന്ന ഇമാം അഹ്മദ് തിരിച്ചു ചോദിച്ചു: നിങ്ങള്‍ ആരാണ്? മഹതി പറഞ്ഞു: ഞാന്‍ ബിശ്റുല്‍ ഹാഫിയുടെ സഹോദരിയാണ്. ഇമാം കരഞ്ഞു കൊണ്ട് പറഞ്ഞു: നിങ്ങളുടെ വീട്ടില്‍ നിന്നാണ് ശരിയായ സൂക്ഷ്മത പുറത്ത് വരേണ്ടത്. നിങ്ങള്‍ ആ വെളിച്ചം ഉപയോഗിച്ച് ജോലി ചെയ്യരുത്.

മനുഷ്യന്റെ നോട്ടം, സംസാരം, കേള്‍വി ഉള്‍പ്പെടെ എല്ലാം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യല്‍ അനിവാര്യമാണ്. സൂക്ഷ്മ ജീവിതത്തിന്റെ പ്രതിഫലമായി പരലോകത്ത് വിചാരണ ലളിതമാകുമെന്ന് സൂഫികള്‍ പഠിപ്പിക്കുന്നു.
അല്ലാഹുവിലും അന്ത്യ നാളിലും വിശ്വാസമുള്ളവന്‍ നല്ലത് മാത്രം സംസാരിക്കട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ എന്ന ഹദീസ് ഓര്‍മപ്പെടുത്തുന്ന പോലെ സംസാര വിഷയത്തില്‍ ജാഗ്രത വേണം. ഒരു നല്ല മുസ്‌ലിമിന്റെ സ്വഭാവം ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള സംസാരം ഒഴിവാക്കി സംസാരത്തിന്റെ അളവ് കുറക്കലാണെന്ന് തിരുനബി(സ) പഠിപ്പിക്കുന്നു. താന്‍ കണ്ടതും കേട്ടതും ഭക്ഷിച്ചതും മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പലപ്പോഴും അനാവശ്യ സംസാരമായിരിക്കുമെന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നു. അത്തരം സംസാരങ്ങളില്‍ ആത്മ പ്രശംസ പോലെയുള്ളവയുണ്ടെങ്കില്‍ പറയേണ്ടതുമില്ല.
വിശുദ്ധ റമസാന്‍ എല്ലാത്തരം അഴുക്കുകളില്‍ നിന്നും ശുദ്ധിയാകാനുള്ള അവസരമാണ്. ഒരു ഫലവൃക്ഷം ഫലം നല്‍കേണ്ട കാലയളവില്‍ ഫലം നല്‍കാതെ പോയാല്‍ ആ വര്‍ഷം നിരാശയാണ് ഫലം. അത് പോലെയാണ് റമസാന്‍. ആത്മശുദ്ധി വരുത്തിയേ യാത്രയയക്കാവൂ.

---- facebook comment plugin here -----

Latest