Connect with us

Ongoing News

നടുപ്പറമ്പ് പള്ളിക്ക് പറയാൻ പോരിശകളേറെ

Published

|

Last Updated

നടുപ്പറമ്പ് ജുമുഅ മസ്ജിദ്

തോട്ടശ്ശേരിയറ നടുപ്പറമ്പ് ജുമുഅ മസ്ജിദിനും ഖബർസ്ഥാനിനും പറയാനുള്ളത് ഒരുപിടി മഹത് വ്യക്തികളുടെ ചരിത്രത്തിന്റെ ഏടുകൾ. മമ്പുറം തങ്ങളുടെ സമകാലികനായിരുന്ന ഉണ്ണി മുഹ്‌യിദ്ദീൻ ബകരി(റ)യിൽനിന്ന് തുടങ്ങുന്നു ഈ പള്ളിയുടെ ചരിത്രം. തിരൂരങ്ങാടി നടുവിലെ പള്ളിക്ക് സമീപമുള്ള മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈൻ ഹള്‌റമി എന്ന അറബി തങ്ങളുടെ പൗത്രനാണ് ഉണ്ണി മുഹ്‌യിദ്ദീൻ ബകരി. മമ്പുറം തങ്ങൾക്ക് മുമ്പ് തന്നെ യമനിൽ നിന്ന് പായക്കപ്പലിൽ കേരളക്കരയിലെത്തിയ മഹാനാണ് അറബി തങ്ങൾ.
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ)ന്റെ പുത്രൻ അബ്ദുർറഹ്്മാന്‍ (റ) പരമ്പരയിൽ ജനിച്ചവരാണ് ഇവർ. അടുത്ത സുഹൃത്തായിരുന്ന ഉണ്ണിമുഹ്‌യിദ്ദീൻ ബകരിക്ക് മമ്പുറം തങ്ങൾ മുൻകൈയെടുത്ത് സയ്യിദ് മസ്ഊദ് തങ്ങളുടെ മകളെ വിവാഹം ചെയ്തുകൊടുത്തു.

പിന്നീട് പെരുവള്ളൂരിലെ പ്രമുഖ കുടുംബ പള്ളിയിൽ ഇമാമായി നിശ്ചയിക്കുകയും എരിണിപ്പുറം പറമ്പിൽ വീട് പണിത് കൊടുക്കുകയും ചെയ്തു. ഈ ദമ്പതികൾക്ക് പിറന്ന ആദ്യ കൺമണിക്ക് മമ്പുറം തങ്ങൾ ഒന്നാം ഖലീഫയുടെ നാമകരണം ചെയ്തു. ഒരിക്കൽ കുഞ്ഞുമായി ദമ്പതികൾ മമ്പുറം തങ്ങളെ സമീപിക്കുകയും സംസാരിക്കുന്നതിനിടയിൽ കുഞ്ഞ് മമ്പുറം തങ്ങളുടെ കാൽവിരൽ ഊമ്പുകയും തടയാൻ ശ്രമിച്ച ദമ്പതികളോട് തങ്ങൾ പറഞ്ഞു “വേണ്ട, അവനെ തടയണ്ട, മതി വരുവോളം അവൻ കുടിക്കട്ടെ. ഇൽമ് ഊമ്പി കുടിക്കുകയാണവൻ, ഇവനിൽ ഒരു കുട്ടി ജനിക്കും അവൻ ഉന്നത പദവിയിലെത്തും”.

അബൂബക്കർ നാട്ടുകാർക്കും വീട്ടുകാർക്കുമിടയിൽ പോക്കർ എന്നാണറിയപ്പെട്ടത്. വലിയ പണ്ഡിതനായ ഇദ്ദേഹം പുളിയമ്പറമ്പ്, കണ്ണമംഗലം, കുന്നാഞ്ചേരി എന്നീ സ്ഥലങ്ങളിൽ ഖത്വീബായി സേവനം ചെയ്തു. ഹിജ്‌റ 1250ൽ അദ്ദേഹം പണി കഴിപ്പിച്ച പള്ളിയാണ് തോട്ടശ്ശേരിയറ നടുപ്പറമ്പ് ജുമുഅ മസ്ജിദ്. സ്ഥാപകനായ കൂർമത്ത് അബൂക്കർ മുസ്‌ലിയാർ എന്ന പോക്കർ ഹാജി തന്നെയായിരുന്നു മരണം വരെ ഖത്വീബും മുതവ ല്ലിയും. മമ്പുറം തങ്ങളുടെ പ്രവചനം യാഥാർഥ്യമായത് പോക്കർ ഹാജിയുടെ മുത്തപുത്രൻ ഉണ്ണി മുഹ്‌യിദ്ദീനിലൂടെയായിരുന്നു. കൊടുങ്ങല്ലൂരിനടുത്ത് പൊന്മാനിക്കുടം എന്ന പ്രദേശത്താണ് മഹാനായ ശൈഖ് ഉണ്ണി മുഹ്‌യിദ്ദീൻ അൽബകരി അന്ത്യവിശ്രമം കൊള്ളുന്നത്.

പോക്കർ ഹാജിയുടെ വിയോഗശേഷം ശേഷം മറ്റൊരു മകനായ അബ്ദുൽ ഖാദിർ മുസ്‌ലിയാരായിരുന്നു പള്ളിയുടെ മുതവല്ലി വലിയ പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്ദുൽഖാദിർ മുസ്‌ലിയാരുടെ പുത്രനും പ്രമുഖ പണ്ഡിതനുമായിരുന്ന ശംസുദ്ദീൻ മുസ്‌ലിയാരോട് ഐലക്കാട് സിറാജുദ്ദീൻ അൽ ഖാദിരി തന്റെ പിതാവിനെ കുറിച്ച് പറഞ്ഞ ചരിത്രം ശ്രദ്ധേയമാണ്. ഒരിക്കൽ തൃശൂരിലെ വെന്മേനാടിനടുത്ത് ബാവ മുസ്‌ലിയാർ എന്നറിയപ്പെട്ടിരുന്ന മഹാന്റെ അടുത്ത് ശംസുദ്ദീൻ മുസ്‌ലിയാർ പഠിക്കുന്ന സമയം. യാദൃശ്ചികമായി ഐലക്കാട് സിറാജുദ്ദീൻ ഖാദിരി പള്ളിയിൽ എത്തി. ആരാധനകളിൽ വ്യാപൃതനായി പള്ളിയുടെ ഒരു ഭാഗത്ത് നിന്നിരുന്ന ശംസുദ്ദീൻ മുസ്‌ലിയാരെ ശൈഖിന് വല്ലാതെ ഇഷ്ട്ടപ്പെട്ടു. മഹാൻ അന്വേഷിച്ചു. ആരാണ് ആ കുട്ടി? പെരുവള്ളൂർ അബ്ദുൽഖാദർ മുസ്‌ലിയാരുടെ മകൻ ആണെന്നറിഞ്ഞപ്പോൾ കുട്ടിയുടെ അടുത്ത് ചെന്ന് കെട്ടിപ്പുണരുകയും ഇവന്റെ പിതാവ് വലിയ മഹാനായിരുന്നെന്ന് പറഞ്ഞ് അവിടത്തെ ഒരു സംഭവം അവർക്ക് മുന്നിൽ വിശദീകരിച്ചു.

അബ്ദുൽ ഖാദർ മുസ്‌ലിയാർ ഒരിക്കൽ കുറെ ആളുകളെ നടുപ്പറമ്പ് പള്ളിയിലേക്ക് വിളിച്ച് കൂട്ടുകയും അവർക്ക് വേണ്ട സാരോപദേശങ്ങൾ നൽകിയശേഷം പറഞ്ഞു. “മുഅ്മിനീങ്ങൾ എങ്ങനെയാണ് മരിക്കുക എന്നു കാണിച്ചു തരാം, എല്ലാവരും അദബോടും ഭക്തിയോടെയും ദിക്ർ ചൊല്ലണം”. അവിടെ കൂടിയവരെല്ലാം ദിക്‌റിൽ ലയിച്ചു. ഇതിനിടെ അബ്ദുൽഖാദർ മുസ്‌ലിയാർ അവരുടെ മുമ്പിൽ മലർന്നുകിടക്കുകയും ഇരു കൈകളും ഉയർത്തിക്കാട്ടി “ലാ ഇലാഹ ഇല്ലല്ലാഹ്…” എന്ന് ദിക്ർ ചൊല്ലി ദിക്ർ മജലിസിൽ വെച്ച് മരണം പുല്‍കി.

ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ ആദ്യകാല ശിഷ്യനാണ് ശംസുദ്ദീൻ മുസ്‌ലിയാർ. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ പ്രഥമ ഗുരുവും കൂടിയാണ് ശംസുദ്ദീൻ മുസ്‌ലിയാർ. മുടക്കിയിൽ, താമരശ്ശേരി, വെങ്ങാട് (കണ്ണൂർ), മങ്ങാട്, അവേലം, മുക്കം, ഇളനിമ്മേൽ(ചേലേമ്പ്ര), പാലൊളി, ചെപ്യാലം തുടങ്ങി നിരവധി സ്ഥലങ്ങളിലെ സേവനത്തിന് ശേഷം, സ്വന്തം മഹല്ലായ നടുപ്പറമ്പ് ജുമുഅത്ത് പള്ളിയിലായിരുന്നു സേവനം. പെരുവള്ളൂർ ശംസുദ്ദീൻ മുസ്‌ലിയാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ജുമുഅത്ത് പള്ളിയുടെ ഖബർസ്ഥാനിൽ നിരവധി മഹാൻമാർ അന്ത്യവിശ്രമം കൊള്ളുന്നു. പോക്കർ ഹാജി അൽ ബകരി, അബ്ദുൽ ഖാദിർ മുസ്‌ലിയാർ, മൂസ മുസ്‌ലിയാർ, ഉണ്ണീൻ മുസ്‌ലിയാർ, ശംസുദ്ദീൻ മുസ്‌ലിയാർ തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്.

വർഷം തോറും മുഹര്‍റം മാസത്തിൽ ഖിള്ർ നബിയുടെ പേരിൽ നടത്താറുള്ള മുഹര്‍റം നേർച്ച ഏറെ പ്രസിദ്ധമാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ സ്ഥാപിച്ച ദിക്‌റും എല്ലാ വെള്ളിയാഴ്ച രാവുകളിലും നടക്കുന്നുണ്ട്. കുറ്റൂർ കമ്മു മുസ്‌ലിയാർ, മലയിൽ ഉണ്ണീൻ മുസ്‌ലിയാർ, പെരുവള്ളൂർ ശംസുദ്ദീൻ മുസ്‌ലിയാർ, കോട്ടക്കൽ സയ്യിദ് കോയഞ്ഞി കോയ തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ഇവിടെ ദർസ് നടത്തിയിട്ടുണ്ട്.

പിന്‍ക്കാലത്ത് നടുപ്പറമ്പ് മഹല്ലിൽ നിന്ന് നിരവധി പുതിയ മഹല്ലുകളായി പിരിഞ്ഞ് പോയിട്ടുണ്ട്. താഴെ സിദ്ദീഖാബാദ്, മേലെ സിദ്ദീഖാബാദ്, കാളമ്പ്രാട്ടിൽ, പൊറ്റമ്മൽമാട് ഇവയില്‍ പ്പെട്ടതാണ്.

Latest