അഞ്ച് മാസമായി വെന്റിലേറ്ററില്‍ കഴിയുന്ന യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു

Posted on: May 14, 2020 11:17 pm | Last updated: May 14, 2020 at 11:17 pm

മദീന | വാഹനാപകടത്തില്‍ പെട്ട് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന മുപ്പതുകാരിയായ യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു. അഞ്ച് മാസം മുമ്പാണ് വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ യുവതിയെ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകട സമയത്ത് യുവതി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. അപകടത്തില്‍ യുവതിയുടെ ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും തലച്ചോറിലേക്ക് ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തു.
ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതില്‍ വിജയിച്ചതോടെ വെറ്റിലേറ്ററിലേക്ക് മാറ്റിയ ശേഷം വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കി വരികയായിരുന്നു.

മദീനയിലെ ഉഹദ് ആശുപത്രി, മെറ്റേര്‍ണിറ്റി & ചില്‍ഡ്രന്‍സ് ആശുപത്രി, കിംഗ്ഫഹദ് ആശുപത്രി എന്നിവിടങ്ങളിലെ ഗൈനക്കോളജി , ശിശുരോഗ വിദഗ്ധര്‍ അടങ്ങിയ മെഡിക്കല്‍ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ മെറ്റേര്‍ണിറ്റി & ചില്‍ഡ്രന്‍ വിഭാഗത്തിലെ ഇന്‍കുബേറ്ററിലെക്കും യുവതിയെ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി.