Connect with us

Covid19

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 75000ത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യം നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിക്കാനിരിക്കെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 74281 പേര്‍ക്ക രോഗം സ്ഥിരീകരിക്കുകയും 2415 പേര്‍ മരണപ്പെടുകയും ചെയ്തു. 24 മണിക്കൂറിനിടെ 3525 രോഗികളും 122 മരണവുമാണ് രാജ്യത്തുണ്ടായത്. 24386 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ 47480 പേര്‍ ഇപ്പോഴും ചികിത്സത്സയില്‍ തുടരുകയാണ്. ഇതില്‍ 1472 പേര്‍ ഗുരുതരാവസ്ഥയിലാണ്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ വൈറസ് വ്യാപകമായി പടരുന്നതിനിടെ സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനുള്ള പരിശോധന ഐ സി എം ആര്‍ ഈ ആഴ്ച ആരംഭിക്കും. രാജ്യത്തെ 69 ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് 10 ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് നീക്കം.

മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം കൊവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്. മഹാരാഷ്ട്രടയില്‍ 24 മണിക്കൂറിനിടെ മാത്രം 57 മരണവും 1026 പുതിയ രോഗികളുമാണുണ്ടായത്. മഹാരാഷ്ട്രയില്‍ ഇതിനകം 24427 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 921 പേര്‍ മരണപ്പെടുകയും ചെയ്തു. ധാരാവിയില്‍ മാത്രം രോഗബാധിതര്‍ 962 ഉം മരണം 31 ഉം കടന്നു.

ഗുജറാത്തില്‍ 8903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 537 മരണവുമുണ്ടായി. ഇന്നലെ മാത്രം 24 മരണമാണുണ്ടായത്. തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 716 പുതിയ രോഗികളും എട്ട് മരണവുമുണ്ടായി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 8718 ആയി. ഡല്‍ഹിയില്‍ 7639 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 406 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 13 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 86 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സി ഐ എസ് എഫ് ജവാന്മാരാണ്.

 

Latest