Connect with us

National

ലോക്ക് ഡൗണിനു ശേഷം തുറക്കുന്ന ഫാക്ടറികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം; മാര്‍ഗനിര്‍ദേശവുമായി എന്‍ ഡി എം എ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ വ്യവസായ യൂനിറ്റുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുനരാരംഭിക്കും. ഇതിനായുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ ഡി എം എ) പുറത്തിറക്കി. ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യത്തെ ആഴ്ച പരീക്ഷണമായോ ട്രയലായോ പരിഗണിച്ചാവണം പ്രവര്‍ത്തിക്കേണ്ടതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ യൂനിറ്റ് പരിസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങള്‍, സുരക്ഷാ സജ്ജീകരണങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമാണെന്ന് അതത് സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികള്‍ ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തണം.

എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചാകണം യൂനിറ്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത്. തുടക്കത്തില്‍ തന്നെ ഉയര്‍ന്ന ഉത്പാദന ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും മുന്‍കരുതലും വേണമെന്നും വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതോറിറ്റി നിര്‍ദേശിച്ചു. ലോക്ക് ഡൗണില്‍ അടഞ്ഞുകിടന്നിരുന്ന വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഫാക്ടറി തുറന്നപ്പോഴാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. 12 പേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ഉപകരണങ്ങളും മറ്റും പരിശോധിക്കുകയും ഇവ കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നല്‍കുകയും വേണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഫാക്ടറി പരിസരം 24 മണിക്കൂറും വൃത്തിയുള്ളതായിരിക്കണം.

ദുരന്ത നിവാരണ അതോറിറ്റിയുടെ മറ്റു പ്രധാന നിര്‍ദേശങ്ങള്‍:

  • ഫാക്ടറിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം.
  • എല്ലാ ജീവനക്കാരുടെയും താപനില ദിവസത്തില്‍ രണ്ടുതവണ പരിശോധനക്കു വിധേയമാക്കിയിരിക്കണം.
  • രോഗലക്ഷണങ്ങളുള്ള തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
  • ഫാക്ടറികളിലും നിര്‍മാണ യൂനിറ്റുകളിലും കൈയുറകള്‍, മാസ്‌ക്, ഹാന്‍ഡ് സാനിറ്ററൈസുകള്‍ തുടങ്ങിയവ നല്‍കണം.
  • കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെയും സുരക്ഷാ കാര്യങ്ങളെയും കുറിച്ച് തൊഴിലാളികള്‍ക്ക് ക്ലാസുകള്‍ നല്‍കണം.
  • പ്രവൃത്തി സ്ഥലത്ത് ശാരീരിക അകലം പാലിക്കണം. ഭക്ഷണസൗകര്യങ്ങള്‍ ഉറപ്പു വരുത്തണം.
  • 24 മണിക്കൂറോ അല്ലെങ്കില്‍ തുടര്‍ച്ചയായോ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളും പ്ലാന്റുകളും ഷിഫ്റ്റുകള്‍ക്കിടയില്‍ ഒരു മണിക്കൂര്‍ ഇടവേള പരിഗണിക്കണം.
  • ഒരു സമയം എത്രപേര്‍ക്ക് പ്രവര്‍ത്തിക്കാമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
  • ഏതെങ്കിലുമൊരു തൊഴിലാളിക്ക് കൊവിഡ് കണ്ടെത്തിയാല്‍ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികള്‍ ഒരുക്കണം. തുടര്‍ന്ന് മുഴവന്‍ ജീവനക്കാരേയും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കാന്‍ നടപടി സ്വീകരിക്കണം.
  • അപകട സാധ്യതയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നവര്‍ വിദഗ്ധരും പരിചയസമ്പന്നരും ആയിരിക്കണം.

Latest