പൂര്‍ണ ആരോഗ്യവാന്‍, ഒരു രോഗവുമില്ല; വിശദീകരണവുമായി അമിത്ഷാ

Posted on: May 9, 2020 6:05 pm | Last updated: May 9, 2020 at 6:05 pm

ന്യൂഡല്‍ഹി | തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പ്രചാരണങ്ങള്‍ വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ആഭ്യന്തര മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം പൂര്‍ണ അര്‍പ്പണത്തോടെ നിര്‍വഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് ഒരു രോഗവുമില്ലെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറേ ദിവസങ്ങളായി, ചിലര്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കഥകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. രാജ്യം നിലവില്‍ കൊറോണയെപ്പോലുള്ള ഒരു ആഗോള പകര്‍ച്ചവ്യാധിയോട് പോരാടുകയാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍, അര്‍ദ്ധരാത്രി വരെ എന്റെ ജോലിയില്‍ തിരക്കായതിനാല്‍ ഇത് ശ്രദ്ധയില്‍പെട്ടിരുന്നില്ല.

എന്നാല്‍ ഇത് അറിഞ്ഞപ്പോള്‍ ഈ സാങ്കല്‍പിക കഥകള്‍ ജനം മനസ്സിലാക്കുമെന്ന് കരുതിയതിനാല്‍ പ്രതികരിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും ഇക്കാര്യത്തില്‍ ആശങ്ക അറിയിക്കുന്നുണ്ട്. അവരുടെ ആശങ്ക അവഗണിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ തികച്ചും ആരോഗ്യവാനാണെന്നും ഒരു രോഗവുമില്ലെന്നും വിശദീകരിക്കുന്നത്. ഹിന്ദു മതമനുസരിച്ച് ഇത്തരം അഭ്യൂഹങ്ങള്‍ ആരോഗ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് വിശ്വാസമെന്നും തന്റെ പേരില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചവരോട് ശത്രുത ഇല്ലെന്നും അദ്ദേഹം ട്വീറ്ററില്‍ നല്‍കിയ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

അമിത്ഷാ രോഗബാധിതനാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ അദ്ദേഹത്തിന് ബാധിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം.