Connect with us

Ramzan

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാം

Published

|

Last Updated

കുടുംബമെന്നാല്‍ കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ്. എന്നാല്‍ ഇക്കാലത്ത് കൂടലുകള്‍ ഇല്ലാത്തതിനാല്‍ ഇമ്പവും ഇല്ല. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയില്‍ സ്വന്തം കൂടപ്പിറപ്പുകളോട് ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ട് ഒരുപാടായവരാണ് മിക്കവരും. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മനസ്സില്‍ കെട്ടിക്കിടക്കുന്ന സ്‌നേഹം വേണ്ടപ്പെട്ടവരിലേക്ക് ചൊരിയാന്‍ കഴിയാത്തവര്‍ക്കുള്ള ഒരു അവസരവുമായാണ് ഈ ലോക്ക്ഡൗണ്‍ നമ്മിലേക്ക് എത്തിയത്. കൂടെ പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാനും. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നാഥന്‍ നല്‍കിയ ഒഴിവുകാലമാണ് തിരക്കുകള്‍ക്ക് ലോക്കിട്ട ഈ ലോക്ക്ഡൗണ്‍ സമയം. പരസ്പര സ്‌നേഹത്തോടെ ഈ പരിശുദ്ധമായ റമസാനില്‍ നമുക്ക് എണ്ണമറ്റ പ്രതിഫലങ്ങള്‍ കരസ്ഥമാക്കാം.

വീട്ടില്‍ എല്ലാവരും കൂടിയിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്ന കാലം നമ്മില്‍ നിന്ന് വളരെ അകന്നു പോയി. എല്ലാവരും സ്വന്തം തിരക്കുകളില്‍ ബദ്ധശ്രദ്ധരായി ജീവിതം മുന്നോട്ട് നീക്കുന്നു. പരസ്പരം മനസ്സിലാക്കാതെ പോകുന്ന ദമ്പതികള്‍, മക്കളോട് വാത്സല്യം ചൊരിയാന്‍ മറന്നുപോയ മാതാപിതാക്കള്‍, പഠനത്തിന്റെയും ജോലിയുടെയും വീര്‍പ്പുമുട്ടലിനിടയില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും സുഖവിവരങ്ങള്‍ തിരക്കാന്‍ സമയം ലഭിക്കാതെ പോയ മക്കള്‍ എല്ലാം നവകുടുംബത്തിനകത്തെ ചിത്രങ്ങളാണ്. വീട്ടില്‍ ലോക്കായ നമുക്ക് ഇനി കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കാം. ഒന്നിച്ചിരുന്ന് നാഥനിലേക്ക് അടുക്കാം.
മാതാപിതാക്കള്‍ ഏറ്റവും കൊതിക്കുന്നത് മക്കളുടെ സ്‌നേഹ സാമീപ്യമാണ്. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് മക്കള്‍ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്ന പ്രവണത അധികരിക്കുകയാണ്. വാര്‍ധക്യം ബാധിച്ച് ക്ഷീണിതാവസ്ഥയിലേക്ക് എത്തുമ്പോഴേക്കും പല മക്കളും മാതാപിതാക്കളില്‍ നിന്ന് എത്രയോ അകന്നിരിക്കും. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ മാതാപിതാക്കള്‍ക്ക് സാന്ത്വനമേകാന്‍ മക്കളുണ്ടാകണം. വൃദ്ധരായ മാതാപിതാക്കളെ വീട്ടിലാക്കി യുദ്ധത്തിന് സമ്മതം ചോദിച്ചുവന്ന സ്വഹാബിയോട് നിനക്കേറ്റവും ഉത്തമം മാതാപിതാക്കളെ പരിചരിക്കലാണെന്നാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് ഖിദ്മത്ത് ചെയ്യാന്‍ നാം തയ്യാറാകണം.

ഉള്ളുതുറന്നൊന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ പല ദമ്പതികള്‍ക്കിടയിലും. ഉള്ളില്‍ ഒത്തിരി സ്‌നേഹമുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ വരുന്ന ദമ്പതികള്‍ ഇനി ഒരുമിച്ചിരുന്ന് സ്‌നേഹം പങ്കിട്ട് അടുക്കാന്‍ ശ്രമിക്കണം. ആഇശ (റ) പറയുന്നു: നബി(സ) തുണി അലക്കാനും വസ്ത്രങ്ങള്‍ തുന്നാനും ആടിനെ കറക്കാനും വിറകു കീറാനുമെല്ലാം ഞങ്ങളെ സഹായിച്ചിരുന്നു. ഏത് തിരക്കിനിടയിലും ഭാര്യമാരെ സന്തോഷിപ്പിക്കാനും അവരോടൊപ്പം ചെലവഴിക്കാനും അവിടുന്ന് സമയം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ എത്ര മനോഹരവും മികച്ചതും മാതൃകാ യോഗ്യവുമായിരുന്നു അവിടുത്തെ ദാമ്പത്യ ജീവിതം. ഇതിനെല്ലാം വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്ത മതമാണ് നമ്മുടെ ഇസ്‌ലാം. അതില്‍ പ്രതിഫലം കൈപറ്റുന്നവരില്‍ നമുക്കും പങ്കുചേരാം.

മാതാപിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് പല കുട്ടികളും പിഴച്ച വഴിയിലൂടെ സഞ്ചരിക്കാനുള്ള കാരണം. പലപ്പോഴും മക്കളോട് വാത്സല്യം കാണിക്കാന്‍ മറന്ന മാതാപിതാക്കള്‍ക്കാണ് പിന്നീട് അവരെയോര്‍ത്ത് ദുഃഖിക്കേണ്ടിവരുന്നത്. മാതാപിതാക്കളില്‍ നിന്ന് വേണ്ടവിധത്തിലുള്ള സ്‌നേഹ കരുതലുകള്‍ ലഭിക്കാത്തവരാണ് മറ്റുള്ള മാര്‍ഗങ്ങള്‍ തേടിപ്പോകുന്നത്. സദുപദേശങ്ങളും നന്മയുടെ പാഠങ്ങളും ഇവര്‍ക്ക് അന്യമായതിനാല്‍ ഇത്തരത്തിലുള്ളവര്‍ ലഹരിക്കും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിപ്പെട്ട് സമൂഹത്തിന് വെല്ലുവിളിയായി വളരുന്നു. അതിനാല്‍ ഇനി ഒരൊറ്റ കുട്ടിയും പിഴച്ചു പോകാതിരിക്കാനായി അവര്‍ക്ക് നന്മ പകര്‍ന്നുകൊടുക്കണം, അവരുമായി സ്‌നേഹസല്ലാപത്തില്‍ ഏര്‍പ്പെടാന്‍ സമയം കണ്ടെത്തണം.

വിശുദ്ധിയുടെയും വിജയത്തിന്റെതുമാകട്ടെ ഈ റമസാന്‍ ലോക്ക്ഡൗണ്‍ കാലം. ഇസ്‌ലാമിക ചിട്ടയിലാണോ നമ്മുടെ കുടുംബം മുന്നോട്ട് പോകുന്നതെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. പ്രവാചകര്‍ നിര്‍ദേശിച്ചതുപോലെ ഒരു മാതൃകാ കുടുംബം വാര്‍ത്തെടുക്കാന്‍ പുണ്യ മാസത്തില്‍ നാം പരിശ്രമിക്കണം. കുടുംബത്തോടൊപ്പം ഒന്നിച്ച് സത്കര്‍മങ്ങള്‍ ചെയ്ത് റമസാന്‍ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നവരിലും അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കുന്നവരിലും അവന്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ.

Latest