ബഹ്‌റൈനില്‍ മരണപ്പെട്ട മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Posted on: May 7, 2020 10:21 pm | Last updated: May 7, 2020 at 10:21 pm

മനാമ | ബഹ്റൈനില്‍ ബുധനാഴ്ച മരണപ്പെട്ട മലയാളിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. വടകര-മാണിയൂര്‍-മങ്കര സ്വദേശി പുത്തന്‍പീടികയില്‍ താഴ പരേതനായ മൂസയുടെ മകന്‍ മജീദിന്റെ (47) കൊവിഡ് പരിശോധനാ ഫലമാണ് മരണത്തിനു ശേഷം പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഇദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തില്‍ നേരത്തെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കെട്ടിടം അടച്ചുപൂട്ടിയിരുന്നു. പിന്നീട്, താമസക്കാരെയെല്ലാം കൊവിഡ് പരിശോധനക്ക് വിധേയരാക്കി. എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായതോടെ കെട്ടിടത്തിലെ നിയന്ത്രണങ്ങള്‍ നീക്കി.

ബുധനാഴ്ച സുബ്ഹി നിസ്‌കാര ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മജീദിന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് മയ്യിത്ത് സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയ ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ഇതോടെ കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മരിക്കുന്നവരുടെ എണ്ണം ഒമ്പത് ആയി. ബഹ്റൈനില്‍ ആദ്യമായാണ് മരിച്ച ശേഷം ഒരാള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിത്ര-അക്ക റിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്ന മജീദ് ഏഴ് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഭാര്യ: ഹസീന. മക്കള്‍- മിഷാല്‍, നിഹാല്‍, അനാന്‍, സിനാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് ബഹ്റൈനില്‍ തന്നെ ഖബറടക്കും.