Connect with us

Covid19

ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് കൊവിഡ് കേസുകളില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കോട്ടയ- ആറ് (ഇതില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരന്‍), പത്തനംതിട്ട- ഒന്ന് എന്നിങ്ങനെയാണ് രോഗബാധയില്ലെന്ന് വ്യക്തമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേര്‍ ചികിത്സയിലുണ്ട്. 14670 പേര്‍ നിരീക്ഷണത്തിലാണ്. 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്ന് മാത്രം 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 34,063 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പായി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പില്‍ പെട്ട് 2,947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2,147 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. നിലവില്‍ ആറു ജില്ലകളില്‍ മാത്രമാണ് കൊവിഡ് ബാധിതര്‍ ചികിത്സയിലുള്ളത്. എട്ടു ജില്ലകള്‍ കൊവിഡ് മുക്തമായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് കൊവിഡ് കേസുകളില്ലാത്തത്. പുതുതായി എവിടെയും ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടില്ല.

Latest