കൊവിഡിനെ പിടിച്ചുകെട്ടാനാകുന്നില്ല; ലോക്ക്ഡൗണ്‍ 29വരെ നീട്ടാനൊരുങ്ങി തെലങ്കാന

Posted on: May 6, 2020 9:10 am | Last updated: May 6, 2020 at 12:13 pm

ഹൈദ്രാബാദ്  |കൊവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഏഴ് മണിക്കൂര്‍ നീണ്ട ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.

നിലവില്‍ തെലങ്കാനയിലെ ആറ് ജില്ലകള്‍ റെഡ് സോണിലാണ്. പതിനെട്ടെണ്ണം ഓറഞ്ചിലും ഒമ്പതെണ്ണം ഗ്രീന്‍ സോണിലുമാണ്. മൂന്ന് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത്. ജി എച്ച് എം സി, രംഗ റെഡ്ഡി, മെഡച്ചാല്‍ എന്നീ ജില്ലകളിലെ സ്ഥിതി ഗുരുതരമാണെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

മുന്‍കരുതലിന്റെ ഭാഗമായി റെഡ് സോണുകളിലെ കടകളെല്ലാം അടഞ്ഞ് തന്നെ കിടക്കുകയാണെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. നിലവില്‍ തെലങ്കാനയില്‍ 1096 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 439 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 628 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു.

കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മൂന്നാമതും നീട്ടുന്നതിനു മുന്‍പ് തന്നെ തെലങ്കാന മെയ് 7 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്തിരുന്നു.