Kerala
കോണ്‍ഗ്രസുകാരുടെ പണം കയ്യില്‍ത്തന്നെയിരിക്കട്ടെ; വാങ്ങാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | അതിഥി തൊഴിലാളികളുടെ മടക്കയാത്രക്കു ട്രെയിന്‍ ടിക്കറ്റിനായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം വാങ്ങില്ലെന്ന് മുഖ്യമന്ത്രി. ഇതിനായി ആരില്‍നിന്നും പണം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അവരുടെ കയ്യില്‍ പണമില്ലെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പണം അവരുടെ കയ്യില്‍തന്നെ നില്‍ക്കട്ടെ. സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികളുടെ യാത്രക്കുള്ള പണം നല്‍കുന്നില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങാനും തയ്യാറല്ല. അതിഥി തൊഴിലാളികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ ബാധ്യതയില്‍പ്പെട്ട കാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ കക്ഷിയല്ല. അതിനാല്‍ ആരുടെയും പണം വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് ഇതിന് പിന്നിലെന്ന ആരോപണം അദ്ദേഹം തള്ളി. ഇത് തന്റെ വ്യക്തിപരമായ കാര്യമല്ല. വ്യക്തിപരമായ കാര്യങ്ങളിലാണ് അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രശ്‌നമുള്ളത്. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അഭിമാനം എല്ലാവര്‍ക്കും ഉള്ളത് നല്ലതാണ്. നാട് ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിപക്ഷത്തെ നേതാക്കളെ അധിക്ഷേപിക്കാനാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മറുപടി നല്‍കേണ്ടത് മാധ്യമ പ്രവര്‍ത്തകരാണ്. തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രമാണ് മറുപടി നല്‍കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് തനിക്കറിയില്ല.
ഇരിക്കുന്ന കസേരയെപ്പറ്റി വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ തനിക്ക് മറ്റു പലതും പറയാനുണ്ടായിരുന്നു. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കുന്നുള്ളുവെന്നും മുല്ലപ്പള്ളിയുടെ മറ്റൊരു വിര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാത്തതിനെപ്പറ്റി ആര്‍ക്കും ആശങ്കവേണ്ട. മദ്യനിരോധനത്തിലേക്കൊന്നും സംസ്ഥാനം പോകാന്‍ ഉദ്ദേശിക്കുന്നില്ല. തത്കാലം തുറക്കുന്നില്ല എന്നുമാത്രമെ ഉള്ളൂവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.