നിരത്തിലിറക്കാവുന്ന വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണമില്ല: മുഖ്യമന്ത്രി

Posted on: May 5, 2020 6:07 pm | Last updated: May 6, 2020 at 9:12 am

തിരുവനന്തപുരം |  സംസ്ഥാനത്തു റോഡിലിറക്കാവുന്ന വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു തടസമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല.

അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പോലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി വ്യക്തത വരുത്തിയിരിക്കുന്നത്.