Connect with us

Editorial

സുപ്രീം കോടതിക്ക് മദന്‍ ബി ലോക്കൂറിന്റെ തിരുത്ത്

Published

|

Last Updated

കോടതികള്‍, വിശിഷ്യാ സുപ്രീം കോടതി സര്‍ക്കാറിനും സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ബോധത്തിനും വിധേയപ്പെടുകയും ജുഡീഷ്യറിയുടെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നുവെന്ന ആരോപണം അടുത്ത കാലത്തായി വ്യാപകമാണ്. ഒട്ടേറെ നിയമവിദഗ്ധരും പ്രമുഖ സുപ്രീം കോടതി ജഡ്ജിമാരും തന്നെ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂറും പങ്ക് ചേര്‍ന്നു ഈ ആശങ്കയില്‍. സമീപ കാലത്ത് വിവിധ കേസുകളില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച മദന്‍ ബി ലോക്കൂര്‍ ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരമോന്നത കോടതി തികഞ്ഞ പരാജയമാണെന്നും കൊവിഡ് കാലത്തെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ മാധ്യമം “ദി വയറി”ന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ കുടുങ്ങിപ്പോയ അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഹരജിയില്‍ കോടതി ഉടന്‍ ഇടപെടാതിരുന്നത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കട്ടെയെന്നു പറഞ്ഞ് കോടതി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം, മോദി അനുകൂല ചാനല്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിയുടെ ഹരജി കോടതി പെട്ടെന്നു പരിഗണിക്കുകയും ചെയ്തു. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു വിഷയമായിരുന്നില്ല പത്ത് എഫ് ഐ ആര്‍ ഉള്ള അര്‍ണബിന്റെ കേസ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ദുരിതവുമായി ചേര്‍ത്ത് നോക്കുമ്പോള്‍ ആ കേസിന് അത്ര പ്രാധാന്യമില്ല. നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നുമുള്ള തൊഴിലാളികളുടെ ആവശ്യത്തോളം പരിഗണന നല്‍കേണ്ട മറ്റൊരു വിഷയവും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതിനെ ചോദ്യം ചെയ്തും സമര്‍പ്പിക്കപ്പെട്ട ഹരജികളുടെ വാദം കേള്‍ക്കുന്നത് കോടതി മാറ്റിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും മദന്‍ ബി ലോക്കൂര്‍ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു ഈ രണ്ട് കേസുകളും. ഒരു വ്യക്തിയെ വിചാരണ കൂടാതെ തടവിലിടുന്നതുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ പോലും കോടതി നീട്ടിവെക്കുന്നു. ഒരു വ്യക്തിക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ പലതുമുണ്ട്. സുപ്രീം കോടതിയാണ് അത് ഉറപ്പ് വരുത്തേണ്ടത്. അങ്ങനെ ചെയ്യാതിരിക്കുന്നത് ഭരണഘടനാ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിലെ സുപ്രീം കോടതിയുടെ വീഴ്ചയാണ്.

അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ നീട്ടിവെക്കുകയും അപ്രധാന കേസുകളില്‍ ചില പ്രത്യേക താത്പര്യത്തോടെ പെട്ടെന്നു നടപടി സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതയാണ് മദന്‍ ബി ലോക്കൂറിന്റെ വിമര്‍ശനത്തിനു കൂടുതല്‍ വിധേയമായത്. അടുത്ത കാലത്ത് ഈ പ്രവണത വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍, പൗരത്വ ഭേദഗതി വിഷയങ്ങളില്‍ ഇത് വളരെ പ്രകടമാണ്. രാജ്യത്തെ വലിയൊരു ജനവിഭാഗത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യത്തെയും മതേതരത്വത്തെയും ഗുരുതരമായി ബാധിക്കുന്നതാണ് ഈ രണ്ട് വിഷയങ്ങളും. ഭരണഘടനയുടെ കാവലാളാണ് ജുഡീഷ്യറി. ജനാധിപത്യത്തിനും മതേതരത്വത്തിനും ക്ഷതമേല്‍ക്കുന്ന നടപടികള്‍ എക്‌സിക്യൂട്ടീവിന്റെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍, ജുഡീഷ്യറി സടകുടഞ്ഞെഴുന്നേല്‍ക്കുകയും എക്‌സിക്യൂട്ടീവിനെ തിരുത്താനുള്ള ആര്‍ജവം കാണിക്കുകയും ചെയ്യേണ്ടതുണ്ട്. നിലവില്‍ പക്ഷേ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ ഉറക്കം നടിക്കുകയോ ഒഴിഞ്ഞുമാറുകയോ ആണ് ജുഡീഷ്യറി.
“”ഒരു രാഷ്ട്രം സംസ്‌കാര സമ്പന്നമാണോ, ആണെങ്കില്‍ എത്രത്തോളം എന്നു നിശ്ചയിക്കുന്നത് നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമത കണക്കാക്കിയാണ്.

ആളുകളുടെ കുറ്റമോ നിരപരാധിത്വമോ ദശാബ്ദങ്ങളോളം നിശ്ചയിക്കാന്‍ ആയില്ലെങ്കില്‍, നമുക്ക് നമ്മളെ സംസ്‌കാരസമ്പന്നമായ ഒരു രാഷ്ട്രമെന്നു വിളിക്കാനാകില്ല. കോടതികളുടെ തളര്‍ച്ച കുറ്റവാളികളുടെ സ്വതന്ത്ര വിഹാരത്തിനു വഴിയൊരുക്കുകയും നിയമത്തിന് അതിന്റെ ശേഷി നഷ്ടപ്പെടുകയും നിയമ ഭീതി ഇല്ലാതാക്കുകയും ചെയ്യുന്നു””- സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ അംഗവുമായിരുന്ന കെ ടി എസ് തുല്‍സി 2014ലെ ബജറ്റ് ചര്‍ച്ചാ വേളയില്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലെ വരികളാണിത്. നിരന്തരമായി അടിസ്ഥാന ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന, വ്യക്തിനിഷ്ടമായ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ആഗ്രഹങ്ങളും സ്വാധീനിക്കുന്ന, പ്രമാദ കേസുകളില്‍ മുതിര്‍ന്ന ജഡ്ജിമാരെ തഴഞ്ഞ് ജൂനിയേഴ്‌സിനെ ഏല്‍പ്പിക്കുന്ന, കക്ഷിയുടെ നിലക്കും വിലക്കുമനുസരിച്ച് വിധികള്‍ പുറപ്പെടുവിക്കുന്ന കോടതികളുടെ ഇന്നത്തെ നിലപാട് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് അടിവരയിടുന്നു. പലപ്പോഴും സവര്‍ണ മൂല്യബോധം രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ മുകളില്‍ നില്‍ക്കുന്നുവോ എന്നു സന്ദേഹിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വരെ പരമോന്നത നീതിപീഠത്തില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്നു. ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ സീനിയര്‍ ജഡ്ജിമാര്‍ മാധ്യമ സമ്മേളനം നടത്തുകയും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കുകയും ചെയ്യുന്നിടത്തോളം എത്തി കാര്യങ്ങള്‍. നീതിന്യായ കോടതികളുടെ തെറ്റായ ഇത്തരം പ്രവണതകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. ജുഡീഷ്യറിയില്‍ നിന്നു തന്നെയാണ് ഇതിനുള്ള ക്രിയാത്മക പ്രതികരണങ്ങളും നിര്‍ദേശങ്ങളും നടപടികളും ഉയര്‍ന്നു വരേണ്ടത്. രാഷ്ട്രപതിക്കും പാര്‍ലിമെന്റിനുമുണ്ട് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം. ജുഡീഷ്യറിയെക്കുറിച്ചുള്ള വിശ്വാസം വീണ്ടെടുക്കാനും ജനാധിപത്യ സംരക്ഷണത്തനും ഇതനിവാര്യമാണ്.

---- facebook comment plugin here -----

Latest