Kerala
രോഗിയെ കൊണ്ടുവരാൻ പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് നഴ്‌സ് മരിച്ചു

അന്തിക്കാട് (തൃശൂർ) | രോഗിയെ കൊണ്ടുവരാൻ പോയ അന്തിക്കാട് ഗവ. ആശുപത്രിയിലെ 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് മറിഞ്ഞ് നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശി താണിക്കൽ ചെമ്മണ്ണത്ത് വർഗീസിന്റെ മകൾ ഡോണ (23) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ അന്തിക്കാട് സ്വദേശി അജയ് കുമാറി(32)നെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്തിക്കാട് ആൽ സ്റ്റോപ്പിന് സമീപം രാത്രി ഏഴരക്കായിരുന്നു അപകടം. അന്തിക്കാട് നിന്ന് കുന്നത്തങ്ങാടിയിലേക്ക് രോഗിയെ എടുക്കാൻ വരികയായിരുന്ന ആംബുലൻസ് എതിരെ വന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരുകിലെ മതിലിടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെയും നഴ്‌സിനെയും പെരിങ്ങോട്ടുകര സർവതോ ഭദ്രത്തിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോണയെ രക്ഷിക്കാനായില്ല.
അന്തിക്കാട് സ്വദേശി വാത്തിയത്ത് പ്രശാന്തിന്റെ താണ് കാർ. കല്ലാറ്റ് കണ്ണന്റെ വീട്ടുമതിലും വാതിലുമാണ് തകർന്നത്. അപകടം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് വീട്ടുക്കാർ വീടിന് ഉമ്മറത്തിരുന്ന് സംസാരിച്ചിരുന്നു. അന്തിക്കാട് എസ് ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. മാതാവ്: റോസി. സഹോദരങ്ങൾ: വിറ്റോ, ഡാലി.