പ്രവാസികളെ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കും; തയ്യാറെടുക്കാന്‍ കേന്ദ്ര നിര്‍ദേശം

Posted on: May 4, 2020 6:29 pm | Last updated: May 5, 2020 at 1:05 am

ന്യൂഡല്‍ഹി | പ്രവാസി ഇന്ത്യക്കാര്‍ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തും. ഇതിനായി തയാറാകാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര ചികിത്സാ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

നേരത്തെ കപ്പലിലാകും ഇവരെ കൊണ്ടുവരിക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിമാനങ്ങളിലാകും ഇവരെ തിരികെ എത്തിക്കുക എന്നാണ് നിലവിലെ വിവരം. യാത്രാച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നും കേന്ദ്രം അറിയിച്ചു.സംസ്ഥാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടു.

കൃത്യമായി സ്‌ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക.മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കുംവിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി

തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ പറയുന്നു.

സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍ തിരികെയെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളും കേരളം വേഗത്തിലാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാല് ലക്ഷത്തോളം പേരാണ് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്.