നിയന്ത്രണങ്ങളും പുതിയ ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Posted on: May 2, 2020 6:00 pm | Last updated: May 3, 2020 at 8:50 am

തിരുവനന്തപുരം |  സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലംകണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക വ്യാപന ഭീഷണി പൂര്‍ണമായി മാറിയിട്ടില്ല. ഇതിനാല്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിയേറ്ററുകളും ആരാധനാലയങ്ങളും ബാര്‍ബര്‍ ഷോപ്പുകളും മാളുകളും തുറന്ന് പ്രവര്‍ത്തിക്കില്ല.

ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി ജോലി ചെയ്യാം. എന്നാല്‍ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ചില ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളാണ് ഗ്രീന്‍സോണില്‍. ഈ ജില്ലകളില്‍ പുതിയ രോഗികളില്ല. നേരത്തെ ഗ്രീന്‍സോണിലുണ്ടായിരുന്ന വയനാട് അടക്കം ഒമ്പത് ജില്ലകള്‍ ഓറഞ്ച് സോണിലും കണ്ണൂരും കോട്ടയവും റെഡ് സോണിലുമാണ്. റെഡ്‌സോണിലുള്ള ജി്ല്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കടകള്‍ രാവിലെ 7.30 മുതല്‍ രാത്രി എഴ് വരെ തുറക്കാം. ഞായറാഴ്ച എല്ലാ സോണുകളിലും പൂര്‍ണ അവധിയായിരിക്കും. അന്ന് കടകളോ, ഓഫീസുകളോ തുറക്കരുത്. വാഹനങ്ങളും ഞായറാഴ്ച പുറത്തിറക്കരുത്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഒറ്റ നിലയിലുള്ള, അഞ്ച് ജീവനക്കാര്‍ വരെയുള്ള ടെക്‌സ്റ്റയില്‍സുകള്‍ തുറക്കാം. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണത്തോടെ ടാക്‌സി സര്‍വ്വീസ് ആകാം. ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് കാറില്‍ സഞ്ചരിക്കാം. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രം. എന്നാല്‍ സ്ത്രീകളെ ഓഫീസിലേക്ക് കൊണ്ടുവിടുന്നതിന് ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്രയാകാം.

ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് അത്യാവിശ്യത്തിന് അന്തര്‍ ജില്ലാ സര്‍വ്വീസാകാം. മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം തുറക്കാം. 65 വയസ് കഴിഞ്ഞവരും പത്ത് വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുത്. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ പ്രഭാത സവാരി അനുവദിച്ചു.

പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രത്തിന് മുന്നില്‍ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ മടങ്ങിവരുന്നവര്‍ക്ക് വേണ്ട മുന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മറ്റ് സംസ്ഥാനങ്ങളിലുള്ള നമ്മുടെ നാട്ടുകാരെ കൊണ്ടുവരുന്നതിന് മുന്‍ഗണന ഏര്‍പ്പെടുത്തു. ഒരു മുന്‍ഗണന ലിസ്റ്റ് പ്രകാരമാകും ഇത്. വിദ്യാര്‍ഥികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കാകും മുന്‍ഗണന.

മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിര താമസമായിട്ടുള്ളവര്‍ ബന്ധുക്കളെ കാണാനും മറ്റും വരുന്നത് കുറച്ച് കഴിഞ്ഞിട്ടാകുന്നതാകും നല്ലത.് നോര്‍ക്കയില്‍ 13000 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിയില്‍ എത്തേണ്ടത് എപ്പോഴെന്ന് ഇവരെ അറിയിക്കും. അവിടെ വിശദ സ്‌ക്രീനിംഗ് നടത്തും. രോഗലക്ഷണമുള്ളവരെ സര്‍ക്കാര്‍ ഒരുക്കിയ നിരീക്ഷണത്തിലാക്കും. അല്ലാത്തവര്‍ വീട്ടില്‍ പോയി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ പൂര്‍ണമായും നിര്‍ദേശം പാലിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഉപയോഗിക്കാം. തൊഴിലാളികളെ തിരിച്ചയച്ചതിന് ഒഡീസ മുഖ്യമന്ത്രി സംസ്ഥാനത്തെ അഭിനന്ദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.