Covid19
കേന്ദ്ര ഇളവുകള്‍ ഭൂരിഭാഗവും സംസ്ഥാനത്ത് നടപ്പാക്കും; പൊതുഗതാഗതം ഉണ്ടാകില്ല

തിരുവനന്തപുരം | തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കേന്ദ്രം അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ സുരക്ഷയും സൂക്ഷ്മതയും പുലര്‍ത്തും. ഗ്രാന്‍ സോണില്‍ പൊതുഗതാഗതത്തിനും ബീവറേജുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഇപ്പോള്‍ തുറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വൈകിട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
മദ്യശാലകള്‍ ഇപ്പോള്‍ തുറക്കേണ്ടന്ന് എന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. എത്രയൊക്കെ നിയന്ത്രണം വെച്ചാലും ആളുകള്‍ മദ്യക്കടകളിലെത്തുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യുമെന്ന് ഇന്നത്തെ യോത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചാല്‍ അത് തിരക്കിട്ട് മദ്യഷോപ്പുകള്‍ തുറന്നതു മൂലമാണെന്ന ആരോപണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാറിന്റെ പ്രഖ്യാപനപ്രകാരം കേരളത്തില്‍ വയനാടും എറണാകുളവുമാണ് നിലവില്‍ഗ്രീന്‍ സോണിലുള്ളത്. എന്നാല്‍ ഇപ്പോള്‍ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീന്‍ സോണിലുള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.