പ്രായശ്ചിത്തമെന്ന് കരുതിയാല്‍ മതി; കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ ചിലവും 7500 രൂപയും കേന്ദ്രം നല്‍കണം: മന്ത്രി തോമസ് ഐസക്

Posted on: May 2, 2020 12:36 pm | Last updated: May 2, 2020 at 6:03 pm

തിരുവനന്തപുരം | നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ലഭ്യമാക്കിയാല്‍ മാത്രം പോരെന്നും അതിന്റെ ചെലവ് വഹിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി തോമസ് ഐസക്.
അവര്‍ക്കുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം. 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ നല്‍കണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാല്‍ മതിയെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

ഇന്ത്യയില്‍ ഭരണഘടന പ്രകാരം അന്തര്‍സംസ്ഥാന കുടിയേറ്റവും അന്തര്‍ദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയില്‍കെട്ടി കൈ കഴുകാന്‍ പറ്റില്ലെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബില്‍ ഇന്നുള്ള അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ അയയ്ക്കാന്‍ 1,70,000 ബസ്സുകള്‍ വേണം. ഒരു ബസില്‍ 25 പേരെയല്ലേ ഉള്‍ക്കൊള്ളിക്കാനാകൂ. ലൂധിയാന പട്ടണത്തില്‍ മാത്രം ഏഴ് ലക്ഷം തൊഴിലാളികള്‍ നാട്ടില്‍ പോകാന്‍ കാത്തിരിക്കുകയാണ്. തൊഴിലാളികളെ ബസ്സില്‍ വീട്ടില്‍ വിടുകയെന്ന നയം അപ്രായോഗികമാണ്.

ബിജെപി മുന്നണി ഭരിക്കുന്ന ബീഹാറില്‍ നിന്നും ഇതുപോലെ നിശിതവിമര്‍ശനം ഉയര്‍ന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ അഭിപ്രായക്കാരാണ്. കേരളം ആവശ്യപ്പെട്ടത് നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ വേണമെന്നാണ്. ഇതില്‍ ഭക്ഷണവും വൈദ്യസഹായവുമെല്ലാം ഉണ്ടാവണം.

എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ട്രെയിന്‍ ഉപേക്ഷിച്ച് ബസിനെ തെരഞ്ഞെടുത്തു? ട്രെയിനാണെങ്കില്‍ ചെലവ് കേന്ദ്രത്തിന്റെ തലയില്‍ വരും അത്ര തന്നെ. ബസിനുള്ള ഏര്‍പ്പാടുകള്‍ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചര്‍ച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഇണ്ടാസ്.

ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് എങ്ങനെ കഴിഞ്ഞു? ഇന്ത്യയില്‍ ഭരണഘടന പ്രകാരം അന്തര്‍സംസ്ഥാന കുടിയേറ്റവും അന്തര്‍ദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയില്‍കെട്ടി കൈ കഴുകാന്‍ പറ്റില്ല.

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടര്‍ന്ന് സത്ബുദ്ധി തെളിഞ്ഞു. ട്രെയിനുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ നിന്നും ആദ്യത്തെ ട്രെയിന്‍ ഇന്നലെ പോയി. അതിഥി തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അഭിമാനം തോന്നി. എല്ലാ കരുതലോടുംകൂടിയാണ് അവരെ യാത്രയാക്കുന്നത്.

ഒന്ന്, ട്രെയിന്‍ ലഭ്യമാക്കിയാല്‍ പോരാ, അതിന്റെ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. റെയില്‍വേ മന്ത്രാലയം പറയുന്നത് സംസ്ഥാനം വഹിക്കണമെന്നാണ്.

രണ്ട്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം.

മൂന്ന്, 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ നല്‍കണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാല്‍ മതി.