മാവോയിസ്റ്റ് ബന്ധം; പാണ്ടിക്കാട് രണ്ടിടത്ത് പോലീസ് റെയ്ഡ്, നൂറിലധികം രേഖകൾ കസ്റ്റഡിയിലെടുത്തു

Posted on: May 1, 2020 4:14 pm | Last updated: May 1, 2020 at 4:14 pm

പാണ്ടിക്കാട് | മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിനായി പാണ്ടിക്കാട്ടെ രണ്ടു വീടുകളിൽ പോലീസ് റെയ്ഡ്. ഒരു വർഷം മുമ്പ് വയനാട് വൈത്തിരിയിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ സഹോദരങ്ങൾ താമസിക്കുന്ന വീടുകളിലാണ് പോലീസിന്റെ മിന്നൽ പരിശോധന നടന്നത്.

വെള്ളിയാഴ്ച്ച രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം തുടർന്നു. സി പി ജലീലിന്റെ സഹോദരൻ ജിഷാദ് താമസിക്കുന്ന വളരാടിലെയും, മറ്റൊരു സഹോദരൻ ഇസ്മായിൽ താമസിക്കുന്ന കക്കുളത്തെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. നിരോധിച്ച സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന.

പാണ്ടിക്കാട് പോലീസ് 2016 ൽ രജിസ്റ്റർ ചെയ്ത 471 ആം നമ്പർ യു എ പി എ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പോലീസിന് വിവരം ലഭിച്ചിരുന്നത്. പാണ്ടിക്കാട് മൂരിപ്പാടത്ത് താമസിച്ചിരുന്ന ദേശമംഗലം സ്വദേശിയയായ വിനോദ് എന്നയാളിൽ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും മറ്റും കണ്ടെത്തി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് യു എ പി എ പ്രകാരം കേസെടുത്തിരുന്നത്. ഈ കേസിന്റെ അന്വേഷണാവശ്യാർത്ഥം മഞ്ചേരി സെഷൻസ് കോടതിയിൽ നിന്നും പ്രത്യേക സെർച്ച് വാറന്റ് വാങ്ങിയായിരുന്നു പോലീസിന്റെ റെയ്ഡ്.

രാവിലെ ആറുമണിയോടെ എത്തിയ പോലീസ് സംഘം പെരിന്തൽമണ്ണ ഡി വൈ എസ് പി പി സി ഹരിദാസന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വളരാട്ടെ വീട്ടിൽ നിന്ന് രണ്ടു ലാപ്‌ടോപ്പുകൾ, നാല് ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ, നാല് സാധാരാണ മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്ക്, മൊബൈൽ സിം കാർഡുകൾ, യു എസ് ബി സിഗരറ്റ് ലൈറ്റർ, സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രേഖകൾ, നോട്ടീസുകൾ, ലഘു ലേഖകൾ തുടങ്ങി 119 വസ്തുക്കളും, കക്കുളത്തെ വീട്ടിൽ നിന്ന് ഇ ബുക്ക് റീഡർ, മൊബൈൽ ഫോൺ, സിം കാർഡ്, മെമ്മറി കാർഡ് തുടങ്ങി ഏഴ് വസ്തുക്കളുമാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കഴിഞ്ഞ നവംബറിൽ കോഴിക്കോട് അറസ്റ്റിലായ അലന്റെയും, ത്വാഹയുടെയും ചിത്രങ്ങളും കണ്ടെത്തുവയിൽ ഉൾപ്പെടും. പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിയംഗമായ കാസർഗോട്ടെ ശ്രീകാന്ത്, പെരിന്തൽമണ്ണ സ്വദേശിനിയായ യുവ അഭിഭാഷിക, വഴിക്കടവ് സ്വദേശിനിയായ ജേർണലിസം വിദ്യാർഥിനി എന്നിവരും ഒന്നര മാസത്തോളമായി വളരാടുള്ള വീട്ടിൽ താമസിച്ചു വരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ ആറരയോടെ ആരംഭിച്ച പരോശോധന കക്കുളത്തെ വീട്ടിൽ എട്ട് മണിയോടെയും, വളരാട്ടെ വീട്ടിൽ പതിനൊന്ന് മണിയോടെയുമാണ് അവസാനിച്ചത്. പാണ്ടിക്കാട് പോലീസ് ഇൻസ്‌പെക്ടർ എം മുഹമ്മദ് ഹനീഫ, വണ്ടൂർ പോലീസ് ഇൻസ്‌പെക്ടർ സുനിൽ പുളിക്കൽ, നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ ടി എസ് ബിനു, കോഴിക്കോട് സൈബർ സെൽ ഇൻസ്‌പെക്ടർ, മലപ്പുറം സൈബർ വിംഗ് തുടങ്ങിയവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.