Connect with us

Editorial

കോര്‍പറേറ്റ് സേവ തുടരാതെ പറ്റില്ലല്ലോ

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അനുദിനം താഴോട്ടാണെങ്കിലും കോര്‍പറേറ്റ് സേവയുടെ ഭാഗമായുള്ള കടം എഴുതിത്തള്ളല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ.് വിവിധ ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തു മുങ്ങിയ 50 കോര്‍പറേറ്റ് ഭീമന്മാരുടെ 68,607 കോടി രൂപയുടെ വായ്പയാണ് അടുത്തിടെ എഴുതിത്തള്ളിയത്. കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഗോഖലെ നല്‍കിയ അപേക്ഷയില്‍ റിസര്‍വ് ബേങ്ക് നല്‍കിയ മറുപടിയിലാണ് വിവാദ മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി മേഹുല്‍ ചോക്‌സി എന്നിവരടക്കമുള്ള കോര്‍പറേറ്റുകളുടെ കടം എഴുതിത്തള്ളിയ വിവരം പുറത്തു വന്നത്. പാര്‍ലിമെന്റില്‍ ബജറ്റ് സമ്മേളനത്തിനിടെ കഴിഞ്ഞ ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി ഉന്നയിച്ച ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മലാ സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് സാകേത് വിവരാവകാശ അപേക്ഷ നല്‍കിയത്. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 50 വെട്ടിപ്പുകാരില്‍ ഒന്നാമന്‍. 5,492 കോടി രൂപയാണ് ചോക്‌സിയുടെ കടം. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ആന്റിഗ്വയിലെ പൗരത്വം സ്വീകരിച്ചു അവിടെ താമസിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. 4,314 കോടി രൂപയുമായി ആര്‍ ഇ ഐ അഗ്രോ ലിമിറ്റഡാണ് പട്ടികയില്‍ രണ്ടാമത്. ഇതിന്റെ മേധാവികളായ സന്ദീപ് ജുന്‍ജുന്‍വാലയും സഞ്ജയ് ജുന്‍ജുന്‍വാലയും ഒരു വര്‍ഷമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. വിവാദ വ്യവസായി വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സുമുണ്ട് പട്ടികയില്‍.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1.25 ലക്ഷം കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍കിട കോര്‍പറേറ്റുകളുടെ ഏഴ് ലക്ഷം കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ടെന്നാണ് ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അടുത്തിടെ ചൂണ്ടിക്കാട്ടിയത്. 9,10,800 കോടി വരും നിലവില്‍ ബേങ്കുകളുടെ കിട്ടാക്കടമെന്നും സ്വകാര്യ ബേങ്കുകളുടെ വായ്പാ വളര്‍ച്ച 12 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ പൊതുമേഖലാ ബേങ്കുകളുടേത് നാല് ശതമാനത്തിലേക്ക് ഇടിഞ്ഞെന്നും ക്രെഡിറ്റ് സ്യൂസ് വെളിപ്പെടുത്തുന്നു.
കോര്‍പറേറ്റുകളുടെ കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ രാജ്യത്ത് ശക്തമായ നിയമങ്ങളുണ്ട്. 2002ല്‍ സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്‍ട്രസ്റ്റ് ആക്റ്റ് (സര്‍ഫാസി) പാസ്സാക്കിയത് കടങ്ങള്‍ തിരിച്ചു പിടിക്കാനാണ്. അതിനു മുമ്പ് സിവില്‍ കോടതികളെ സമീപിക്കേണ്ടിയിരുന്നു ബേങ്കുകള്‍ക്ക് കടങ്ങള്‍ തിരിച്ചുപിടിക്കാന്‍. സര്‍ഫാസി നിയമം കടം തിരിച്ചുപിടിക്കാന്‍ ബേങ്കുകള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ജപ്തി നടപടികള്‍ നടത്താനുള്ള അധികാരവും നല്‍കുന്നുണ്ട് ഈ നിയമം. പിന്നീട് 2016ല്‍ ഇതേ ലക്ഷ്യത്തില്‍ തന്നെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബേങ്ക്‌റപ്റ്റ്‌സി കോഡ് (പാപ്പര്‍ നിയമ സംഹിത) എന്നൊരു നിയമവും കൂടി കൊണ്ടുവന്നു. ഈ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി വീടുനിര്‍മാണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കായി വായ്പയെടുക്കുന്ന സാധാരണക്കാരുടെ കടം ഏതുവിധേനയും തിരിച്ചുപിടിക്കാന്‍ ആവേശം കാണിക്കുന്ന ബേങ്കുകള്‍ പക്ഷേ കോര്‍പറേറ്റുകളുടെ കടം തിരിച്ചു പിടിക്കുന്നതില്‍ ഈ ആര്‍ജവം കാണിക്കാറില്ല. കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് മുട്ടുവിറക്കും. നല്‍കിയ വായ്പ തിരിച്ചു ഈടാക്കാന്‍ കഴിയില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ എഴുതിത്തള്ളാന്‍ പാടുള്ളൂവെന്നും അതിന് മുമ്പായി വായ്പ തിരിച്ചുപിടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും റിസര്‍വ് ബേങ്കിന്റെ ചട്ടങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ കോര്‍പറേറ്റുകളുടെ കടം തിരിച്ചടക്കാതെ കൊല്ലങ്ങളോളം അങ്ങനെ തന്നെ അവശേഷിക്കുകയും ബാലന്‍സ് ഷീറ്റ് മെച്ചപ്പെട്ടതാക്കാനെന്ന പേരില്‍ വര്‍ഷംതോറും ബേങ്കുകള്‍ അവ എഴുതിത്തള്ളുകയുമാണ് പതിവ്.

ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അതിസമ്പന്നരില്‍ നിന്ന് അധിക നികുതി ഈടാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ആദായ നികുതി വകുപ്പിന്റെ നടപടി. ഒരു കോടിക്ക് മുകളില്‍ വരുമാനം ലഭിക്കുന്ന സമ്പന്നരുടെ നികുതി 40 ശതമാനമായി ഉയര്‍ത്തുക, 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് നാല് ശതമാനം കൊവിഡ് റിലീഫ് സെസ് കൂടി ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു 50 ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മുഖ്യ നിര്‍ദേശങ്ങള്‍. പുതിയ നികുതി വഴി 68,000 കോടി രൂപ അധികമായി കണ്ടെത്താനാകുമെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ അതിസമ്പന്നര്‍ക്ക് പൊതുനന്മക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ബാധ്യതയുണ്ടെന്നും കേന്ദ്ര നികുതി ബോര്‍ഡ് ചെയര്‍മാന്‍ സി പി ജോഷിക്ക് ഐ ആര്‍ എസ് അസോസിയേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നികുതി മന്ത്രാലയത്തിനു സമര്‍പ്പിച്ചതിനു പുറമെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു ഉദ്യോഗസ്ഥര്‍. റിപ്പോര്‍ട്ട് സമ്പന്നര്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചെന്നും ഇത് സാമൂഹിക മാധ്യമങ്ങളില്‍ കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്ക് കാരണമായി ആദായ നികുതി വകുപ്പ് പറയുന്നത്. ഇതൊരു ഔദ്യോഗിക റിപ്പോര്‍ട്ട് അല്ലെന്നും ഏതാനും ആദായ നികുതി ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാട് മാത്രമാണെന്നും ആദായ നികുതി ഉദ്യോഗസ്ഥ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിന് ശേഷം സര്‍ക്കാറിനു പുതിയ വരുമാനം കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയത്. സര്‍ക്കാറിനു വേണമെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ തള്ളാം. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരുടെ നേരെ വാളോങ്ങേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമ്പന്നര്‍ക്ക് ദഹിക്കുകയില്ലെന്നത് സ്വാഭാവികം. കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിലെ അനാസ്ഥയിലെന്ന പോലെ അധികൃതരുടെ കോര്‍പറേറ്റ് വിധേയത്വമാണ് ഇവിടെയും തെളിഞ്ഞു കാണുന്നത്.