Connect with us

Covid19

ഇന്ത്യക്കാരുടെ മടക്കയാത്ര; എംബസി രജിസ്ട്രേഷന്‍ ആരംഭിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാതെ സഊദിയില്‍ തുടരേണ്ടി വന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നാട്ടിലേക്ക് വിദേശങ്ങളില്‍ നിന്ന് ആരെയും സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അയഞ്ഞതോടെയാണ് സഊദി അറേബ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ അബഷിറില്‍ “ഔദ” വഴി ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് യാത്രചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ പ്രഥമ പരിഗണന ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കുമാണ്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ സമയ പരിധി അടുത്ത ആഴ്ചയോടെ അവസാനിക്കുന്നതോടെ സഊദിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടങ്ങിയേക്കുമെന്നാണ് സൂചന. ഇതിനായി എംബസിയുടെ വെബ്‌സൈറ്റ് https://t.co/K5Hbmr4cFP ലിങ്ക് ഓപ്പണ്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

രാജ്യത്തെ വിവിധ തര്‍ഹീലുകളില്‍ കഴിയുന്ന 136 ഇന്ത്യക്കാരെയും വിവിധ ആശുപ്രതികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന എഴുപതിലധികം മൃതദേഹങ്ങളും ഇതോടൊപ്പം നാട്ടിലേക്ക് എത്തിക്കും. നിലവില്‍ തൊഴില്‍ വിസയിലുള്ളവര്‍ അബ്ഷിര്‍ “ഔദ” വഴി രജിസ്റ്റര്‍ ചെയ്യുന്ന സമയം റീ-എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് ടിക്കറ്റ് നമ്പറുകള്‍ മൊബൈലിലേക്ക് മെസ്സേജ് ആയി നല്‍കുന്നതോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയും.

Latest