Connect with us

Articles

പ്രവാസികള്‍ക്ക് നിഷേധിക്കപ്പെടുന്നത്‌

Published

|

Last Updated

കൊറോണ വ്യാപനത്തോടെ ഭീതിപ്പെടുത്തുന്ന സാമൂഹിക സാഹചര്യങ്ങളാണ് ലോകം മുഴുവന്‍ നിലനില്‍ക്കുന്നത്. ഒരിടത്തും ഒരു സംവിധാനത്തിലും മനുഷ്യര്‍ സുരക്ഷിതരല്ല. ഈ സമയത്ത് സമൂഹമായി ജീവിക്കുമ്പോഴും വ്യക്തിപരമായ സൂക്ഷ്മതയാണ് കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഫലപ്രദമായ മാര്‍ഗം എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇത് വ്യക്തികളെ കൊണ്ട് മാത്രം സാധ്യമാകുന്നതല്ല. അപ്പോഴാണ് ഓരോ രാജ്യത്തെയും ഭരണകൂടങ്ങള്‍ പൗരന്മാരുടെ പൊതു ജീവിതത്തെ നിയന്ത്രിക്കുന്ന രീതിയിലേക്ക് നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇങ്ങനെയുള്ള നിയന്ത്രണങ്ങള്‍ പെട്ടെന്ന് ഫലം കാണുക ഭൗതിക ജീവിത സൗകര്യങ്ങള്‍ കൂടുതലുള്ള രാജ്യങ്ങളിലായിരിക്കും എന്നതായിരുന്നു പൊതുവായ ധാരണ. ആ ധാരണ കൊറോണ കാലത്ത് തെറ്റി. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ കൊറോണ വൈറസിന് എതിരെ എടുത്ത നടപടികള്‍ ഏറെക്കുറെ സാമൂഹിക വ്യാപനത്തിന്റെ ധ്രുതഗതിയിലുള്ള പകര്‍ച്ചയെ പ്രതിരോധിച്ചിട്ടുണ്ട്. അതില്‍ കേരളം ലോകത്തിന് മാതൃകയായ രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കുറിപ്പിന്റെ ആമുഖമായി ഇത്രയും കാര്യങ്ങള്‍ പറയാന്‍ കാരണം, മൂന്ന് കോടിയോളം ഇന്ത്യക്കാര്‍ രാജ്യത്തിന് പുറത്താണ് ജീവിക്കുന്നത്. ഇവരില്‍ വലിയ ശതമാനം ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അടിസ്ഥാന തൊഴില്‍ പ്രവാസി വര്‍ഗമാണ്. ഇതില്‍ തന്നെ 90 ശതമാനത്തില്‍ കൂടുതലും കുടുംബത്തെ പിരിഞ്ഞ് ജീവിതം നയിക്കുന്നവരാണ്. ഇങ്ങനെ ജീവിക്കുന്നവരാണ് നേരിട്ട് നാട്ടിലെ കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളെ നിയന്ത്രിക്കുന്നത്. ഈയൊരു അവസ്ഥക്ക് നാല് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. അതിന്റെ വ്യത്യസ്തമായ രീതിയിലുള്ള ഗുണഭോക്താക്കളാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും. സര്‍ക്കാര്‍ അതിനെയാണ് വിദേശ മൂലധനം എന്നു പറയുന്നത്. കേരളത്തിന്റെ നട്ടെല്ല് എന്ന് കേരളം വിശേഷിച്ചും പറയാറുണ്ട്. നാട്ടുകാര്‍ അതിനെ ഗള്‍ഫ് പണം എന്നും പറയും. നമ്മുടെ നാട്ടിന്‍പുറ, നഗര ജീവിതത്തെ വ്യത്യസ്ത രീതിയിലുള്ള സാമൂഹിക പുരോഗതിയിലേക്ക് നയിച്ചത് ഈ പണമാണ് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സാധ്യത കുറവാണ്.

കൊറോണ പൂര്‍വ കേരളീയ സമൂഹത്തില്‍ ഇങ്ങനെ പല രീതിയിലും അടുപ്പവും ആത്മബന്ധവും നിലനിര്‍ത്തിപ്പോന്നവരാണ് ഗള്‍ഫ് പ്രവാസികള്‍. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം പ്രളയകാലത്താണ് ലോകം കണ്ടത്. നാട്ടില്‍ നിന്ന് പിരിഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ ഇത്രമാത്രം നാടുമായി ആത്മബന്ധം പുലര്‍ത്തിയ പ്രവാസികളെ എന്തുകൊണ്ട് കൊറോണ കാലത്ത് കേരളീയ സമൂഹത്തിന് (മുഴുവന്‍ ജനങ്ങളുമല്ല) കൂടപ്പിറപ്പുകളെ പോലെ ചേര്‍ത്ത് പിടിക്കാന്‍ കഴിയാതെ പോകുന്നു. ഈ യാഥാര്‍ഥ്യത്തെ വിശകലനം ചെയ്യുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു കാര്യം ഇതൊരു മനോഭാവത്തിന്റെ കൂടി പ്രശ്‌നമാണ് എന്നതാണ്.

കൊറോണ കാലത്ത് പ്രവാസികള്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നു എന്നത് സത്യമാണ്. അതിനര്‍ഥം 40 ലക്ഷത്തോളം വരുന്ന പ്രവാസികള്‍ മുഴുവന്‍ തിരിച്ചു വരാന്‍ പോകുന്നു എന്നല്ല. ആ തരത്തിലുള്ള ധാരണയുണ്ടായിട്ടുണ്ട്. ഇത് കേരളത്തിലെ നിലവിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുകയും വൈറസിന്റെ സാമൂഹിക വ്യാപനത്തിന് കാരണമാകുകയും ചെയ്യും എന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് അല്ലെങ്കിലും ഈ വര്‍ഷാന്ത്യത്തോടെ അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളതായി ഗള്‍ഫിലെ തൊഴില്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ബോധ്യപ്പെടുന്നുണ്ട്. ഇതൊക്കെയാണ് വസ്തുതകള്‍ എന്നിരിക്കെ എന്തുകൊണ്ടാണ് പ്രവാസികളുടെ യാത്രാ വിലക്കിന് എതിരെ കേരളത്തില്‍ ബഹുജന, രാഷ്ട്രീയ പ്രതിഷേധം ഉയരാതിരുന്നത്?

ഗള്‍ഫിലെ സ്വദേശിവത്കരണത്തിന് മുമ്പ് കേരളത്തിലെ അഞ്ച് വീടുകളില്‍ ഒരെണ്ണം പ്രവാസികളുടെതാണ് എന്നതാണ് കണക്ക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആ കണക്കിനെ തെറ്റിക്കുന്ന വിധത്തില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. എങ്കിലും പത്ത് വീട്ടില്‍ ഒരു വീടെങ്കിലും പ്രവാസികളുടെതായിരിക്കും. മറ്റുള്ളവര്‍ പല രീതിയിലും പ്രവാസി വരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. എന്നിട്ട് പോലും പ്രവാസികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനോട് മധ്യ- ഉപരിവര്‍ഗങ്ങള്‍ പാലിക്കുന്ന ഈ നിസ്സംഗത പ്രവാസികളെ ഒരേ സമയം വിഷമിപ്പിക്കുകയും പ്രതിഷേധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നാല് പതിറ്റാണ്ടിന് മുമ്പത്തെ കേരളത്തിലെ സവര്‍ണ സാമൂഹിക ജീവിത പരിസരത്തെ ഏറ്റവും അടിത്തട്ടിലെ മനുഷ്യര്‍ മറികടന്നത് കേരളത്തിന്റെ സാമ്പത്തിക വികേന്ദ്രീകരണ നടപടിയുടെ ഭാഗമായിട്ടല്ല. ചില പ്രത്യേക മത, സാമുദായിക വിഭാഗങ്ങള്‍ ജന്മനാ അനുഭവിച്ച ദാരിദ്ര്യാവസ്ഥയും അതിന്റെ ഫലമായി ഉണ്ടായിത്തീര്‍ന്ന കടുത്ത പിന്നാക്കാവസ്ഥയെയും മറികടക്കാന്‍ അവരെ സഹായിച്ചത് ഗള്‍ഫ് തൊഴില്‍ കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കിയതിന്റെ കൂടി ഫലമാണ് ഇന്ന് കാണുന്ന പല ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള മികച്ച പല സംവിധാനങ്ങളും. കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയെ അവ സ്വാധീനിച്ചിട്ടുണ്ട്. അപ്പോഴും സര്‍ക്കാര്‍ ഓഫീസില്‍ എത്തുന്ന പ്രവാസികളോടുള്ള സമീപനം മറ്റൊരു മനോഭാവത്തിന്റേതാണ്. ഇങ്ങനെയുള്ള നിരവധി അനുഭവങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കൊറോണ കാലത്തെ മനോഭാവത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുക.

കേരളത്തിലെ ന്യൂനപക്ഷത്തിനെങ്കിലും പ്രവാസികള്‍ കേരളത്തിലേക്ക് വരുന്നതിനോട് വിയോജിപ്പുണ്ട്. അവര്‍ രഹസ്യമായിട്ടാണെങ്കിലും പ്രവാസികളോടുള്ള സ്വകാര്യ സംഭാഷണത്തില്‍, നിങ്ങള്‍ ഇപ്പോള്‍ കേരളത്തിലേക്ക് വന്നാല്‍ ഇവിടുത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്ന പരാതി പങ്ക് വെച്ചിട്ടുണ്ട്. ചിലര്‍ ഇത്തരം ആശങ്ക പ്രകടിപ്പിക്കുന്നത് സാമൂഹിക സുരക്ഷയുടെ ഭാഗമായിട്ടാണെങ്കില്‍ മറ്റ് ചിലര്‍ക്ക് സ്വന്തം രാജ്യത്തെ പൗരന്മാരായി പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണോ എന്ന് പോലും ചില സാഹചര്യങ്ങളില്‍ പ്രവാസികള്‍ ആശങ്കപ്പെട്ടിട്ടുണ്ട്.

ഇത് ബാലിശമായ ധാരണയാണെന്ന് പലര്‍ക്കും തോന്നാം. അത്തരക്കാര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. എന്തിനും ഏതിനും പ്രതിഷേധിക്കുന്നവര്‍ പ്രവാസികളുടെ മടക്ക യാത്രയെ കുറിച്ച് മൗനം പാലിച്ചത് എന്തുകൊണ്ടാണ്? ചില നേതാക്കള്‍ ഫോണില്‍ കൂടി ഇടപെട്ടത് ലോകം കണ്ടതാണ്. കേരളത്തിലെ നിലവിലെ പരിമിതിക്ക് ഉള്ളില്‍ നിന്ന് അനിശ്ചിതകാല പ്രതിഷേധം നടത്തിയിരുന്നെങ്കില്‍ സ്വന്തം രാജ്യത്തെത്തിയ പൗരന്മാരുടെ മൃതദേഹങ്ങള്‍ തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാണിക്കില്ലായിരുന്നു.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വലിയ ശതമാനം ജനങ്ങള്‍ക്കും പ്രവാസികളുടെ ജീവിതാവസ്ഥകള്‍ എന്താണ് എന്ന് ഇപ്പോഴും അറിയില്ലെന്ന സത്യം വെളിവാകുന്നത്. കൊറോണ ഭീതിയില്‍ ഉറക്കം വരാതെ കിടക്കുമ്പോഴും ചിലര്‍ കടുത്ത മാനസിക സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് കഴിയുമ്പോഴും അവര്‍ ഗള്‍ഫില്‍ തന്നെ ജീവിക്കട്ടെ എന്ന് തുറന്നു പറയുന്നവരെ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. അവര്‍ക്കൊന്നും അടുത്ത രക്തബന്ധമുള്ളവര്‍ പ്രവാസികളായി ഉണ്ടാകില്ല എന്ന സത്യം. നമ്മില്‍ പെട്ട ഒരാള്‍ നമ്മുടെ ഭാഗമല്ല എന്ന മാനസികാവസ്ഥ ഉണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതല്ല. അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിഭാഗീയത മനുഷ്യര്‍ തമ്മിലുള്ള ആത്മബന്ധത്തെ ബാധിക്കും. അതാകട്ടെ സാമൂഹിക സൗഹൃദത്തിന്റെ ജൈവാവസ്ഥയെ പാടെ ഉണക്കിക്കളയും.
കേരളത്തിലെ വലിയ ശതമാനം വരുന്ന ജനങ്ങളും കരുതുന്ന പോലെ എല്ലാ പ്രവാസികളും ഒറ്റയടിക്ക് നാട്ടിലേക്ക് വരുന്നവരല്ല. എന്നാല്‍ ഏത് സമയവും നാട്ടിലേക്ക് പോകാനുള്ള സാഹചര്യം നിലവിലുണ്ട് എന്ന ആത്മധൈര്യം പ്രവാസികളുടെ മാനസിക പിരിമുറുക്കത്തെ കുറച്ചു കൊണ്ടുവരും. അങ്ങനെ ആഗ്രഹിക്കുന്ന സമയത്താണ് സ്വാഭാവികമായി മരണപ്പെട്ടവരുടെ മൃതദേഹം പിറന്ന നാട്ടില്‍ എത്തിയിട്ടും തിരിച്ചയക്കുന്നത്. ഇത് ചില എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മറ്റൊരു മനോഭാവത്തിന്റെ പ്രകടിത രൂപമാണ്. ഇതിനെ അത്ര ലളിതമായി കണ്ടു കൂടാ. കുടുംബത്തില്‍ നിന്ന് വര്‍ഷങ്ങളായി പിരിഞ്ഞ് ജീവിക്കുന്നവര്‍ മരണപ്പെട്ടാല്‍ അവസാനമായി കാണുക എന്നത് ബന്ധുക്കളുടെ ആഗ്രഹമാണ്. അത് എല്ലാ സാങ്കേതിക തടസ്സങ്ങളെയും മറികടന്ന് നടപ്പാക്കേണ്ടത് മാനുഷികതയുടെ ഭാഗമാണ്. അതു പോലും പ്രവാസികള്‍ക്ക് കൊറോണ കാലത്ത് നിഷേധിക്കപ്പെടുന്നു. കൊറോണ ബാധിതരല്ലാത്ത പ്രവാസികളെ പോലും പിറന്ന നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കരുത് എന്ന നിലപാട് പ്രവാസികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. എന്നു മാത്രമല്ല, കൊറോണ കാലത്തെ മനുഷ്യരുടെ മനോഭാവത്തെ തിരിച്ചറിയാന്‍ ഇത്തരം അനുഭവങ്ങള്‍ കാരണമായി എന്നതാണ് പ്രവാസികള്‍ക്ക് കൊറോണ കാലം നല്‍കിയ വലിയ പാഠം.

---- facebook comment plugin here -----

Latest