Connect with us

Covid19

മെയ് നാല് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ചില സൂചനകള്‍ നല്‍കി ആഭ്യന്തര മന്ത്രാലയം. മെയ് നാല് മുതല്‍ ലോക്ക്ഡൗണില്‍ ചില ഇളവുണ്ടാകുമെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് ട്വിറ്ററില്‍ അറിയിച്ചു. മെയ് നാല് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്ല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നു. ഇനി കൂടുതല്‍ ജില്ലകളില്‍ ഇളവുണ്ടാകും. ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കില്ലെന്ന സൂചന ഇതിനകം പ്രധാനമന്ത്രി തന്നെ നല്‍കിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബും തെലുങ്കാനയുമെല്ലാം സ്വന്തം നിലക്ക് ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്ഡൗണ്‍ തുടരാനാണ് കേന്ദ്രത്തിന്റെ നീക്കം. അടച്ചുപൂട്ടല്‍ നിലവിലെ രീതിയില്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നലത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഹരിത മേഖലകളില്‍ ഇളവു നല്‍കാമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരാം എന്നുമാണ് പൊതുധാരണ.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നത്. നിലവിലുള്ള ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക മേഖലകള്‍ക്കു പുറമേ ഉല്‍പാദന നിര്‍മാണ മേഖലകള്‍ക്കു കൂടി ഇളവ് ലഭിച്ചേക്കും എന്നാണ് സൂചന. അടച്ചുപൂട്ടലില്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, സഞ്ചാരികള്‍ എന്നിവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു.

 

 

Latest