Connect with us

Articles

മനസ്സകം വൈറസ് കയറരുത്

Published

|

Last Updated

ദേഹവും ദേഹിയും കൂടിച്ചേര്‍ന്നതാണ് മനുഷ്യന്‍. ദേഹിയില്ലെങ്കില്‍ ദേഹത്തിന് വിലയില്ല. ദേഹി പറന്നകന്ന ബോഡി പഴകിയാല്‍ ഉറുമ്പരിക്കുന്നു. ദേഹിയെന്ന ആത്മാവിനാണ് വില. ആത്മാവിന് മരണമില്ല. നമ്മുടെ നഗ്‌ന നേത്രങ്ങള്‍ക്ക് അഗോചരമായൊരു സമാന്തര പാതയിലൂടെ അവര്‍ സഞ്ചരിക്കുന്നു. മനുഷ്യന്‍ പൂവിട്ട് പൂജിക്കേണ്ടത് ദേഹത്തെയല്ല, ആത്മാവിനെയാണ്. ദേഹം ഖബറിടങ്ങളില്‍ ദ്രവിച്ച് മണ്ണായിത്തീരുന്നു. ആത്മാവിനെ പുഷ്ടിപ്പെടുത്താനാണ് ഭയഭക്തി. സ്രഷ്ടാവായ അല്ലാഹുവിനെ അനുസരിക്കുക. തിന്മകള്‍ വര്‍ജിക്കുക. ഇവ രണ്ടും പൂരകങ്ങളായി നടക്കുമ്പോള്‍ ആത്മാവ് ശക്തിപ്പെടും. കൂടുതല്‍ ശക്തി പ്രാപിച്ച ആത്മാക്കള്‍ അന്തരീക്ഷത്തില്‍ പറക്കാന്‍ വരെ കഴിവാര്‍ജിക്കും.
തിന്മ ചെയ്യാന്‍ ദേഹി ദേഹത്തെ നിര്‍ബന്ധിച്ചു കൊണ്ടേയിരിക്കും. എല്ലാ തരം തിന്മകള്‍ക്കും സമ്മര്‍ദങ്ങള്‍ ചെലുത്തുന്നു. അതിന് വഴങ്ങിക്കൊടുക്കുന്ന പ്രകൃതത്തിലാണ് മനുഷ്യ സൃഷ്ടിപ്പുള്ളത്.

എന്നാല്‍ അവനെ ആ സമ്മര്‍ദത്തില്‍ നിന്ന് പിന്തിരിപ്പിച്ച് നന്മയുടെ വഴിക്ക് നടത്തിക്കുന്നതിന് ഉപദേശിക്കുന്ന ഒരു വന്‍ ശക്തി അവനില്‍ കുടികൊള്ളുന്നുണ്ട്. സാധാരണ മനുഷ്യ ദൃഷ്ടിക്ക് ഗോചരീഭവിക്കാത്ത ഒന്ന്. അതാണ് മലക്ക്. എല്ലാ മനുഷ്യരിലുമുണ്ട് ഈ മാലാഖ. ഒപ്പത്തിനൊപ്പം പൈശാചിക ഉത്‌ബോധനവും. അപ്പോള്‍ രണ്ട് വന്‍ ശക്തി സമ്മര്‍ദങ്ങള്‍ക്കിടയിലാണ് യഥാര്‍ഥ മനുഷ്യന്‍ ജീവിക്കുന്നത്- മലക്ക്, ശൈത്വാന്‍. ഇവയില്‍ പിശാചിന്റെ ഉപദേശവും ആത്മാവിന്റെ സമ്മര്‍ദവും തള്ളിക്കളഞ്ഞ് മലക്കിന്റെ ഉപദേശം സ്വീകരിക്കുന്നവരാണ് വിജയം വരിക്കുന്നവര്‍. ഖുര്‍ആന്‍ 91/10ല്‍ ഈ ആശയമാണ് വ്യക്തമാക്കുന്നത്. അതിന് മനുഷ്യനെ പ്രാപ്തനാക്കുകയും മാനസികാരോഗ്യം നല്‍കുകയും ചെയ്യുന്ന ഒരു സിദ്ധൗഷധമുണ്ട്. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യാഇല്‍ നിരവധി പേജുകളിലായാണ് അവ വിശദീകരിച്ചിട്ടുള്ളത്. സൈനുദ്ദീന്‍ മഖ്ദൂം (റ) രണ്ട് വരി കവിതയില്‍ അതുള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിങ്ങനെ വായിക്കാം. ഒന്ന് : അര്‍ഥം ചിന്തിക്കാനും മനസ്സിലാക്കാനും കഴിയുന്നവര്‍ അര്‍ഥം ആലോചിച്ചു കൊണ്ട് ഖുര്‍ആന്‍ പാരായണം നടത്തുക. ഖുര്‍ആന്‍ പാരായണത്തിന്റെ ഓരോ അക്ഷരങ്ങളും പ്രകാശ പര്‍വതങ്ങളാണ്. അവ ആത്മാവിന്റെ തമസ്സകറ്റും. പാരായണത്തിന്റെ വര്‍ധനവിനനുസരിച്ച് പിശാചിന്റെ ദുര്‍ബോധനം കുറയുകയും മലക്കിന്റെ ശക്തി വര്‍ധിക്കുകയും ചെയ്യുന്നു. രണ്ട് : അമിതാഹാരം ഉപേക്ഷിക്കുക. വിശപ്പ് മാറാനും ജീവിക്കാനുമാവശ്യമായ ആഹാരം അനിവാര്യമാണ്. ഒരിക്കല്‍ കഴിച്ച ഭക്ഷണം ദഹിച്ചു വിശക്കുന്നതിനു മുമ്പായി വീണ്ടും ഭക്ഷണം കുത്തിക്കയറ്റരുത്. അത് ശരീരത്തെ പോലെ ആത്മാവിന്റെ ആരോഗ്യത്തെയും നശിപ്പിക്കുന്നു. മൂന്ന് : രാത്രിയിലെ തഹജ്ജുദ് നിസ്‌കാരം ശീലമാക്കുക. സുഖനിദ്രയുടെ സമയത്ത് രാത്രിയുടെ ഏകാന്തതയില്‍ നിര്‍വഹിക്കുന്ന നിസ്‌കാരം. നാല്: പാതിരാ സമയത്ത് അല്ലാഹുവിനെ വണങ്ങിയും പ്രാര്‍ഥിച്ചും താഴ്മ കാണിക്കുക. അഞ്ച് : സജ്ജന സഹവാസം. ജീവിച്ചിരിക്കുന്നവരോ വഫാത്തായിപ്പോയവരോ ആയ സ്വാലിഹുകളുമായുള്ള സഹവാസം. ആത്മീയ ബന്ധം. അത് വഴി മനുഷ്യന് ഉത്കൃഷ്ടനാകാന്‍ സാധിക്കുന്നു. മണ്‍മറഞ്ഞ സ്വാലിഹുകളെ നിരന്തരം സിയാറത്ത് ചെയ്യുക, അവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്ത് ഹദ്‌യ ചെയ്യുക, അവര്‍ നിര്‍ദേശിച്ച പതിവ് ദിക്‌റുകള്‍ കൊണ്ടുനടക്കുക എന്നിവയൊക്കെ ആത്മ ബന്ധത്തിന്റെ വഴികളാണ്.

എന്നാല്‍ ഹൃദയം, ആത്മാവ്, ദേഹി എന്നീ പേരുകളില്‍ പറയുന്ന മനുഷ്യന്റെ ഹാര്‍ഡ് ഡിസ്‌കില്‍ വൈറസുകള്‍ കയറാന്‍ പാടില്ല. വൈറസ് ബാധക്ക് പല മാര്‍ഗങ്ങളുമുണ്ട്. മിഴികള്‍, കേള്‍വി, ചിന്ത, നാവ്, ലൈംഗികാവയവം എന്നിവയെല്ലാം ദൈവഹിതമനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ അതിലൂടെ വൈറസ് ബാധയുണ്ടാകുന്നു. അതാണ് തെറ്റുകുറ്റങ്ങള്‍. അങ്ങനെ സംഭവിച്ചാല്‍ ഉടനെ ഡിലീറ്റ് ചെയ്ത് ക്ലീനാക്കണം. അതിനാണ് തൗബ. പശ്ചാത്താപം. കാരുണ്യവാനായ പടച്ചവന്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് മാപ്പ് നല്‍കി രക്ഷപ്പെടുത്തുന്നു. ആകയാല്‍ റമസാന്‍ കാലത്ത് കൊവിഡ് വൈറസിനെ ഭയപ്പെടുന്നതിലുപരിയായി തിന്മകളാകുന്ന വൈറസുകളെയും ഭയപ്പെടണം. ഒപ്പം നന്മയുടെ കണികകള്‍ വര്‍ധിപ്പിക്കണം. റമസാന്‍ പ്രതിഫല വര്‍ധനവ് ഓഫറിട്ട മാസമാണ്. നന്നായി അധ്വാനിച്ചാല്‍ നന്നായി സമ്പാദ്യമുണ്ടാകും. നാഥന്‍ തുണ ചെയ്യട്ടെ, ആമീന്‍.

Latest