Connect with us

Kerala

 എസ് എസ് എഫ് നാൽപത്തിയേഴിന്റെ നിറവിൽ; ഉണർത്തു സമ്മേളനം ഇന്ന്

Published

|

Last Updated

കോഴിക്കോട് | വിദ്യാർഥിത്വത്തിന്റെ സമഗ്രവും സമ്പൂർണവുമായ പ്രയോഗം സാധ്യമാക്കിയ സുന്നി വിദ്യാർഥി സംഘത്തിന് നാല്പത്തിയേഴ് തികയുന്നു. നവവിദ്യാർഥി മുന്നേറ്റങ്ങളിൽ നിർണ്ണായക മുഖമായ എസ് എസ് എഫിന്റെ നാല്പത്തിയേഴാം സ്ഥാപകദിനം വിപുലവും  വ്യത്യസ്തവുമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
തിന്മകൾക്കെതിരെ ഉണർന്നിരിക്കേണ്ട വിദ്യാർഥി യൗവ്വനത്തിന് ഉണർവിന്റെ സന്ദേശം നൽകി നടത്തുന്ന ഉണർത്തു സമ്മേളനമാണ് സ്ഥാപക ദിനാഘോഷങ്ങളിൽ പ്രധാനം. നന്മയോടൊപ്പം ചേർന്ന് നിന്ന് അരുതായ്മകൾക്കെതിരെ ആത്മ പ്രതിരോധം തീർക്കാനുള്ള കരുത്ത് പകരുന്നതായിരിക്കും ഉണർത്തു സമ്മേളനം. എസ് എസ് എഫിന്റെ ജന്മദിനത്തോടൊപ്പം റമസാനിന്റെ അനിർവ്വചനീയമായ അനുഭൂതി കൂടി ഇത്തവണ പ്രവർത്തകർക്ക് ഇരട്ടി മധുരമായി കൂട്ടിനുണ്ട്.
എസ് എസ് എഫ് പ്രവർത്തകർ സംഗമിക്കുന്ന ഉണർത്തു സമ്മേളനത്തിനം ഇന്ന് ഉച്ചക്ക് ഒന്നരക്ക് നടക്കും. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കാരണം ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ഇത്തവണത്തെ സ്ഥാപകദിനാഘോഷ പരിപാടികൾ നടക്കുന്നത്.   സമ്മേളനത്തിന് മുന്നോടിയായി നിർവ്വഹിക്കാൻ നിർദ്ദേശിച്ച ആത്മീയ മുറകൾ പൂർത്തിയാക്കിയും  ശീലങ്ങൾ പാലിച്ചുമാണ് പ്രവർത്തകരെല്ലാം ഉണർത്തു സമ്മേളനത്തിൽ സംബന്ധിക്കുക.
അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന സ്റ്റുഡന്റഡ്സ് കോൺഗ്രസിന്റെ പ്രഖ്യാപനവും കാന്തപുരം നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് വെളിമുക്ക്, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ്‌ അശ്ഹർ പ്രസംഗിക്കും.

Latest