Connect with us

Gulf

യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുക എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാവാത്ത പ്രവാസികളെ

Published

|

Last Updated

അബൂദബി | എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാകാത്ത പ്രവാസികളെ മാത്രമാകും യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുകയെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ പ്രതിസന്ധിയില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭൂരിഭാഗം പ്രവാസികളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് ആലോചന. എന്നാല്‍ വിമാനത്തില്‍ സാമൂഹിക അകലം പാലിച്ച് ആളുകളെ കൊണ്ടുവരുമ്പോള്‍ ഭീമമായ ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടി വരും. ഇത് വഹിക്കാന്‍ കഴിയാത്തവരെ അവസാന ഘട്ടത്തില്‍ നാട്ടിലെത്തിക്കാനാണ് കപ്പല്‍ മാര്‍ഗം പ്രയോജനപ്പെടുത്തുക.

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സജ്ജമായിരിക്കാന്‍ ഇന്ത്യന്‍ നാവിക സേനക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഐഎന്‍എസ് ജലാശ്വ അടക്കം മൂന്ന് യുദ്ധക്കപ്പലുകളെ സജ്ജമാക്കിവെക്കാനാണ് നിര്‍ദേശം.

വിമാനമാര്‍ഗം കൊണ്ടുവരുമ്പോള്‍ ഒരു ട്രിപ്പില്‍ ചുരുങ്ങിയ ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പോലുള്ള ബജറ്റ് എയര്‍ലൈന്‍ വിമാനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റി 185 ആണ്. സാമൂഹ്യ അകലം പാലിച്ച് കൊണ്ടുപോകുമ്പോള്‍ 100 പേരെ മാത്രമേ കയറ്റാനാകൂ. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് കാലിയായി വരുന്ന വിമാനം 100 യാത്രക്കാരെയുമായി തിരികെ വരുമ്പോള്‍ ടിക്കറ്റ് നിരക്ക് ഉയരും. അത് താങ്ങാന്‍ കഴിയാത്തവരെയാണ് അവസാന ഘട്ടത്തില്‍ കപ്പലില്‍ നാട്ടിലെത്തിക്കാന്‍ ആലോചിക്കുന്നത്.


Read more: പ്രവാസികളെ ഒഴിപ്പിക്കല്‍; മൂന്ന് യുദ്ധക്കപ്പലുകള്‍ക്ക് ഗള്‍ഫിലേക്ക് നീങ്ങാന്‍ നിര്‍ദേശം


മാത്രവുമല്ല, വിമാനമാര്‍ഗം കൊണ്ടുവരുമ്പോള്‍ വിവിധ ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്നര മുതല്‍ അഞ്ചര മണിക്കൂര്‍ വരെ സമയദൈര്‍ഘ്യം കൊണ്ട് എത്തിച്ചേരാനാകും. കപ്പല്‍ വഴിയാകുമ്പോള്‍ ഇത് നാല് ദിവസം മുതല്‍ ഒരാഴ്ച വരെ എടുക്കും. അതിനാല്‍ അവസാന ആശ്രയമായി മാത്രമേ കപ്പല്‍ ഉപയോഗിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ ആളുകളെ ഒറ്റയാത്രയില്‍ കൊണ്ടുവരാം എന്നതാണ് കപ്പലിന്റെ മേന്‍മ. ആയിരം യാത്രക്കാരെ വഹിക്കാന്‍ ഐഎന്‍എസ് ജലാശ്വ പോലുള്ള കപ്പലുകള്‍ക്ക് കഴിയും. സാമൂഹിക അകലം പാലിച്ചാല്‍ തന്നെ 850 യാത്രക്കാരെ ഇതിലൂടെ കൊണ്ടുവരാം. ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബോംബെയിലേക്ക് 4 ദിവസമാണ് കപ്പലിന്റെ യാത്രാ ദൈര്‍ഘ്യം. കൊച്ചിയിലേക്കാണെങ്കില്‍ ഇത് ഒരാഴ്ച എടക്കും.

രണ്ട് വര്‍ഷം മുമ്പ് യമന്‍ യുദ്ധവേളയില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കപ്പല്‍ ഉപയോഗിച്ചിരുന്നു. അതേസമയം, ഗള്‍ഫിലേക്ക് കപ്പല്‍ അയക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്ന് അബൂദബി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സിറാജ്‌ലൈവിനോട് പ്രതികരിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest