Connect with us

Kerala

ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

Published

|

Last Updated

കൊച്ചി | ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടുമാസത്തേക്കാണ് സ്റ്റേ. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്നും ശമ്പളം അവകാശമാണെന്നും കോടതി പറഞ്ഞു. സ്വത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ ഉത്തരവിലൂടെ ശമ്പളം പിടിക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ട്, ശമ്പളം മാറ്റിവെക്കാനുള്ള നിര്‍ദേശത്തിന് ന്യായീകരണമല്ല. ശമ്പളം എങ്ങനെ ചെലവാക്കുമെന്നതില്‍ സര്‍ക്കാറിന് വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാറിന് വേണമെങ്കില്‍ അപ്പീല്‍ നല്‍കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് നിരീക്ഷിച്ച കോടതി എന്നാല്‍ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി. സാലറി കട്ടല്ല താത്ക്കാലികമായ മാറ്റിവെക്കലാണ് ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചു. 8000 കോടി രൂപയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാറിന് ആവശ്യമുള്ളത്. ജനക്ഷേമകരമായ നിരവധി കാര്യങ്ങള്‍ ഇതിനകം ചെയ്തു കഴിഞ്ഞുവെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.

---- facebook comment plugin here -----

Latest