ഇനി അൽപ്പം വിശ്രമം, കൊവിഡ് പടനയിച്ച മൂവർ സംഘത്തിന്

Posted on: April 28, 2020 12:10 pm | Last updated: April 28, 2020 at 12:10 pm

കോഴിക്കോട് | നാല് മാസം കൊവിഡ് പോരാട്ടത്തിന് നേതൃത്വം നൽകിയ മൂന്ന് ഡോക്ടർമാർക്ക് ഇനി ഒരൽപം വിശ്രമം. മെഡിക്കൽ കോളജിലെ കൊവിഡ് 19 നോഡൽ ഓഫീസർമാരായ ഡോ. ശ്രീജിത് രാമസ്വാമി, ഡോ. വി കെ ഷമീർ, ഡോ. അഖിൽ കളനാട് എന്നിവരാണ് നാല് മാസത്തെ തിളക്കമാർന്ന പ്രവർത്തനത്തിനൊടുവിൽ താത്കാലിക വിശ്രമത്തിലേക്ക് കടക്കുന്നത്. കൊവിഡ് പിടികൂടിയ മൊത്തം 18 പേരെ ഇതിനോടകം രക്ഷിച്ചെടുക്കാനായെന്ന ആത്മസംതൃപ്തിയിലാണിവർ.
ഇനി കുറച്ചുകാലം കോഴിക്കോട് മെഡിക്കൽ കോളജിലെ തന്നെ മെഡിസിൻ വിഭാഗത്തിലെ ഡോ. ജയേഷിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം പട നയിക്കും. വുഹാനിൽ വൈറസ് പടർന്നു തുടങ്ങിയത് മുതൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിച്ച ജാഗ്രതയുടെയും മുൻ കരുതലുകളുടെയും ശിൽപ്പികളായിരുന്നു ഡോ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള മൂവർ സംഘം.

അതേക്കുറിച്ച് ഡോ. വി കെ ഷമീർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ: നല്ല കുറേ നാളുകൾ. ജൂനിയർ റെസിഡന്റ് ഡോക്ടർമാരോടും നഴ്‌സുമാരോടും ചേർന്ന് പ്രശ്‌ന പരിഹാരങ്ങളിൽ മുഴുകി. 24 മണിക്കൂറും നിലക്കാത്ത ഫോൺ കോളുകൾ. നാനാഭാഗങ്ങളിൽ നിന്ന് സംശയങ്ങൾ, ജില്ലാ കലക്ടറുടെ ശാസനകൾ. കൊവിഡിനോടുള്ള ഭയവും കൊവിഡ് കൊന്നൊടുക്കിയ ഡോക്ടർമാരുടെ എണ്ണവുമൊക്കെ എന്നോ മറന്നു. എൻ 95 മാസ്‌കും മൂക്കിന്റെ പാലവും തമ്മിൽ താദാത്മ്യത്തിൽ എത്തിയ പോലെ. കൊവിഡും ഞങ്ങളും തമ്മിൽ ഒരു ധാരണയിലെത്തിയിരിക്കുന്നു. രോഗികൾക്കും നഴ്‌സിനും റെസിഡന്റ് ഡോക്ടർക്കും നോഡൽ ഓഫീസർക്കും എല്ലാം ഒരേ പൊതിച്ചോറ് കൊടുക്കുന്ന പെർഫക്ട് സോഷ്യലിസം.സമ്മർദം വല്ലാതെ കൂടി മനസ്സു തളരുന്നതായി തോന്നുമ്പോൾ കുറച്ച് കോഴിക്കോട്ടുകാർ ഒരു ഓട്ടോയിൽ ഇളനീരുമായി വരും, ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്നവർക്ക് ! ആരു തന്നു ആരു കൊടുത്തുവിട്ടു എന്നൊന്നുമില്ല, വെറുതേ കുറച്ച് ഇളനീർ, മനസ്സും ശരീരവും കുളിർപ്പിക്കാൻ. അല്ലെങ്കിൽ ‘താങ്ക് യൂ ഫോർ സേവിംഗ് ലൈഫ്’ എന്നെഴുതിയ പാക്കറ്റിലാക്കിയ കശുവണ്ടിയും ഉണക്കമുന്തിരിയും. അല്ലെങ്കിൽ ഐസൊലേഷനിൽ നേരത്തേ കിടന്നുപോയ ഫൈസൽ ഒരു കവിത അയക്കും, റഷീദ് വിളിച്ച് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കും. സഞ്ചുളിന്റെ നന്ദി കലർന്ന മെസേജ് ഷീനാ സിസ്റ്റർ ഫോർവേർഡ് ചെയ്യും. വീണ്ടും റീചാർജ് ആയി ഡ്യൂട്ടിയിലേക്ക്.

കഴിഞ്ഞ ദിവസം 84 വയസ്സുള്ള കൊവിഡ് ബാധിതനായ കണ്ണൂർ സ്വദേശിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനെക്കുറിച്ചുള്ള ഷമീർ ഡോക്ടറുടെ പോസ്റ്റ് ഇങ്ങനെ.

ഏതാണ്ട് രാത്രി പതിനൊന്ന് മണിക്കാണ് കോഴിക്കോട്ടെ മിംസ് ആശുപത്രിയിലെ ഒരു രോഗിക്ക് അവിടെ ചെയ്ത കൊവിഡ് ടെസ്റ്റ് പോസിറ്റീവാണെന്നും മെഡിക്കൽ കോളജിലേക്ക് മാറ്റണോ എന്ന ചർച്ച തുടങ്ങുന്നത്. 84 വയസ്സുണ്ട്. വീണ് തുടയെല്ലൊടിഞ്ഞ് ഒരാഴ്ച മുന്പ് ശസ്ത്രക്രിയ നടത്തിയതാണ്. നേരത്തേ സ്‌ട്രോക്കും ഉണ്ടായിട്ടുണ്ട്. കാര്യങ്ങൾ എളുപ്പമാവില്ല. എല്ലാം ഷബീർ ബ്രദർ ഏറ്റെടുത്തു. ആറ് മണിക്കൂർ ഇടവിട്ട് ഡ്യൂട്ടി എടുക്കാൻ ഡോക്ടർമാരും നഴ്‌സുമാരും സജ്ജം. ഞങ്ങൾ ആംബുലൻസും കാത്ത് ഐസൊലേഷൻ വാർഡിന്റെ പുറത്ത് കാത്തുനിൽപ്പാണ്.
സമയം ഏതാണ്ട് രാത്രി 12.30. കലക്ടറുടെ കോൺഫറൻസ് കാൾ. അതും കഴിഞ്ഞ് മെഡിക്കൽ ബോർഡ്. വീണ്ടും കലക്ടറുടെ വിളി ‘That patient should not die, doctor”‘ എന്ത് മറുപടി പറയണമെന്നറിയില്ലായിരുന്നു. ‘നോക്കാം സർ, കഴിവിന്റെ പരമാവധി നോക്കാം സർ’അങ്ങനെ പറഞ്ഞു. നോക്കി. കഴിവിന്റെ പരമാവധിയല്ല, അതിനേക്കാൾ കൂടുതൽ. ഞാനല്ല. അവിടെ ജോലിയിലുണ്ടായിരുന്ന നഴ്‌സുമാർ. അബോധാവസ്ഥയിലുള്ള, കാലിൽ ശസ്ത്രക്രിയ കഴിഞ്ഞ, ശ്വാസം മുട്ടുള്ള, ഓക്‌സിജന്റെ അളവ് കുറവുള്ള ഒരാളെ ശുശ്രൂഷിക്കുന്നതിനേക്കാൾ ശ്രമകരമായി ഒരു നഴ്‌സിന്റെ ജോലിയിൽ ഒന്നും ഉണ്ടാവില്ല. ട്യൂബിലൂടെ കഞ്ഞി കൊടുത്തും, പൊസിഷൻ മാറ്റിയും, മൂത്രത്തിന്റെ അളവ് നോക്കിയും അവർ പരിചരിച്ചു. ആ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച വൈറസിന്റെ സാന്നിധ്യം അവർ മറന്നു. രോഗി ഒരു മുത്തച്ഛനായി, അവർ അയാളുടെ പേരക്കുട്ടികളും. 24 മണിക്കൂറും അവരുടെ കൂടെ നിലകൊണ്ട ജൂനിയർ റെസിഡന്റ് ഡോകടർമാർ എല്ലാ നിർദേശങ്ങളും പിന്തുണയും നൽകി. കഴിഞ്ഞ ദിവസം ഞങ്ങളുടെ മുത്തച്ഛൻ ആശുപത്രി വിട്ടു. വരുമ്പോൾ കൊണ്ടുവന്ന വൈറസുകളെയൊക്കെ കളഞ്ഞ് വൃത്തിയാക്കി, വൈറസില്ലാത്ത ശരീരവുമായി.