Connect with us

Gulf

സഊദിയില്‍ യാത്രാ നിരോധനം വീണ്ടും നീട്ടി; ലോക്ഡൗണില്‍ ഇളവ്

Published

|

Last Updated

ദമാം | കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയില്‍ ഏര്‍പെടുത്തിയ യാത്രാ നിരോധം നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹൂബ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റിയാദ്, മക്ക, മദീന, തബൂക്ക്, സാംത്വ, ദാഇര്‍ ,ദമ്മാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, ത്വഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍, എന്നീ പ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് വരുവാനോ ഇവിടെ നിന്ന് പുറത്തു പോകാനോ അനുമതി ഇല്ല. പൊതുജനാരോഗ്യ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

മക്കയിലും മദീന പ്രവിശ്യയിലെ ശുറൈബാത്, ബനീ ദഫര്‍, ഖുര്‍ബാന്‍, ജുമുഅ, ഇസ്‌കാന്‍, ബദീന ഖദ്‌റ എന്നീ പ്രദേശങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ കൂടുതല്‍ ശക്തമായി തുടരുകയാണ്.

അതേസമയം, രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗണില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇളവ് പ്രഖ്യാപിച്ചു. ഇത് പ്രകാരം മേയ് 13 (റമദാന്‍ 20) വരെ കര്‍ഫ്യുവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ മൊത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കും, മാളുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ കേന്ദ്രങ്ങള്‍ക്കും പ്രത്യേക വ്യവസായ മേഖലകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി.

ക്ലിനിക്കുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് ക്ലബുകള്‍, വിനോദകേന്ദ്രങ്ങള്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവക്കുള്ള വിലക്ക് തുടരും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

Latest