Connect with us

Covid19

കൊവിഡ് രൂക്ഷമായ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 രൂക്ഷമായി നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരാന്‍ പ്രധാന മന്ത്രിയുടെ നിര്‍ദേശം. ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ചും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ നിര്‍ദേശം നല്‍കിയത്. ഒമ്പത് മുഖ്യമന്ത്രിമാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്നാണ് ഇവരില്‍ അഞ്ചുപേരും ആവശ്യപ്പെട്ടത്. യോഗത്തില്‍ സംസാരിച്ച ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചുപേരും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, വൈറസ് ബാധിത മേഖലകളില്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടാണ് മറ്റു നാലു മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചത്.

വൈറസ് ബാധയുടെ തീവ്രതക്കനുസരിച്ച് ഓരോ മേഖലയിലും പദ്ധതികള്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാന മന്ത്രിനിര്‍ദേശിച്ചു. മേഘാലയയില്‍ മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ തുടരുമെന്നും എന്നാല്‍, ഗ്രീന്‍ സോണുകളില്‍ ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അറിയിച്ചു. കൊവിഡ് വ്യാപനം തുടരന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡീഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നേരത്തെതന്നെ ഉന്നയിച്ചിരുന്നു.

ഒമ്പത് മുഖ്യമന്ത്രിമാര്‍ക്കാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. യഥാക്രമം ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട്, മേഘാലയ, ഉത്തരാഖണ്ഡ്, യു പി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ഉദ്ധവ് താക്കറെ, എടപ്പാടി പളനിസാമി, കോണ്‍റാഡ് സാങ്മ, ത്രിവേന്ദ്രസിങ് റാവത്ത്, യോഗി ആദിത്യനാഥ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം, ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. മുഖ്യമന്ത്രി നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.