Connect with us

Covid19

ആഗ്രയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും എറിഞ്ഞുകൊടുക്കുന്നു; വൈറലായി വീഡിയോ

Published

|

Last Updated

ലക്‌നോ | യു പിയില്‍ ആഗ്രയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലുള്ളവര്‍ക്ക് ഭക്ഷണപ്പൊതിയും വെള്ളക്കുപ്പിയും എറിഞ്ഞു കൊടുക്കുന്നതിന്റെ രണ്ടു വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. മാസ്‌കുള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍
ധരിച്ചയാള്‍ കേന്ദ്രത്തിന്റെ ഗെയിറ്റിനു സമീപത്തു നിന്ന് ബിസ്‌കറ്റ് പാക്കറ്റുകള്‍ എറിഞ്ഞുകൊടുക്കുന്നതും ആളുകള്‍ അതെടുക്കാന്‍ ഓടിക്കൂടുന്നതുമാണ് ഒരു വീഡിയോ ദൃശ്യത്തിലുള്ളത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശമൊന്നും പാലിക്കാതെയാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഭക്ഷണപ്പൊതികള്‍ക്കായി തിരക്കു കൂട്ടുന്നത്.
കൊവിഡ് 19 ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയ ശാര്‍ദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെതാണ് ദൃശ്യങ്ങള്‍.

ഗെയിറ്റിനു പുറത്തു വച്ച വെള്ളക്കുപ്പികള്‍ എടുക്കാന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആളുകള്‍ എത്തുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. ഐസോലേറ്റ് ചെയ്യപ്പെട്ടവരോട് ഈ രീതിയിലാണ് അധികൃതര്‍ പെരുമാറുന്നതെന്ന് ഒരു സ്ത്രീ വിളിച്ചു പറയുന്നത് രണ്ടാമത്തെ വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. “ഞങ്ങളെ മെഡിക്കല്‍ പരിശോധനക്കു വിധേയരാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഡോക്ടര്‍മാരും ബന്ധപ്പെട്ട അധികൃതരുമെല്ലാം ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങളൊന്നും ചെയ്തിട്ടില്ല.”- ഇവര്‍ പറയുന്നു.

ഭക്ഷണ വിതരണത്തെ കുറിച്ച് പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ശാര്‍ദ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയതായി ആഗ്ര ജില്ലാ കലക്ടര്‍ പ്രഭു എന്‍ സിംഗിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രശ്‌നത്തില്‍ ഇടപെടാനും നല്ല രീതിയിലുള്ള വിതരണ സംവിധാനം ഉറപ്പുവരുത്താനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിലനില്‍ക്കുന്ന ആഗ്ര പട്ടണത്തിലാണ് യു പിയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്- 372. എന്നാല്‍, രോഗ വ്യാപന നിയന്ത്രണത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ മുന്‍നിര്‍ത്തി ആഗ്ര മോഡല്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരോട് മോശം സമീപനം സ്വീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രതാപ് സിംഗ് രംഗത്തെത്തി. “റോള്‍ മോഡലാണെന്നു പറയുന്ന ആഗ്ര നഗരത്തിലേക്കൊന്നു നോക്കൂ. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറുന്ന ഇവിടം ഇന്ത്യയിലെ വുഹാനായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ആരുടെ റോള്‍ മോഡലാണ് ഈ നഗരം. നിങ്ങള്‍ക്ക് നന്നായി ഊഹിക്കാന്‍ കഴിയും.”- പ്രതാപ് സിംഗ് ട്വീറ്റ് ചെയ്തു.

Latest