Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 27892 ആയി; 872 ജീവനുകള്‍ നഷ്ടപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി |  ലോക്ക്ഡൗണ്‍ ഇളവുകളിലേക്ക് പല സംസ്ഥാനങ്ങളും കടക്കുന്നതിനിടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇതിനകം 27892 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച രാജ്യത്ത് 872 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1396 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 48 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. രാജ്യത്തെ 27 ജില്ലകളിലാണ് രോഗബാധ കൂടുതലുള്ളത്. മൊത്തം രോഗികളുടെ 68.2% ഇവിടെ നിന്നാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങള്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ 19 പേരും ഗുജറാത്തില്‍ 18 പേരും മരിച്ചു.

മഹാരാഷ്ട്രയില്‍ ഇതിനകം 8068 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 342 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്നലെ മാത്രം 440 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 324 പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ കോവിഡ് ബാധിതര്‍ 5194ഉം മരണം 204ഉം ആയി. ധാരാവിയില്‍ 34 കോവിഡ് ബാധിതരെ കൂടി കണ്ടെത്തി. ഇവിടെ ആകെ 275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഗുജറാത്തില്‍ ഇന്നലെ സ്ഥിരീകരിച്ച 230 പേര്‍ അടക്കം രോഗബാധിതരുടെ എണ്ണം 3301 ആയി. ഇതിനകം 151 പേര്‍ക്ക് സംസ്ഥാനത്ത് ജീവനും നഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ 2918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 54 പേര്‍ മരണപ്പെട്ടു. ഡല്‍ഹി ബാബ സാഹിബ് അംബേദ്ക്കര്‍ ആശുപത്രിയിലെ 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിയന്ത്രണ മേഖലയുടെ എണ്ണം 97 ആയി. രാജസ്ഥാനില്‍ 2185 കേസും 33 മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2096 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 103 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.