Covid19
അടുത്ത48മണിക്കൂര്‍കൂടി ഇടിമിന്നലോടുകൂടിയ മഴ ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം | സംസ്ഥാനത്താകെ ഇന്ന് കനത്ത വേനല്‍മഴ. മലയോരമേഖലകളിലാണ് അതിശക്തമായ ലഭിച്ചത്. വരുന്ന 48 മണിക്കൂര്‍കൂടി ഇടിമിന്നലോടുകൂടിയുള്ള മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ വൈകുന്നേരം വരെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കാസര്‍കോടൊഴിച്ചുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ കിട്ടി. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് മഴ കനത്തത്. ശക്തമായ ഇടി മിന്നലിനൊപ്പമാണ് മഴപെയ്തത്. വയനാട്ടിലും കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളിലും കനത്ത കാറ്റും മഴയും ഉണ്ടായി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാറ്റും മഴയും അനുഭവപ്പെട്ടു. പത്തനംതിട്ടയിലും ഇടിമിന്നലോടുകൂടി മഴയുണ്ടായി. കോട്ടയം, എറണാകുളം ജില്ലകളിലും കനത്തമഴപെയ്തു. തൃശൂരില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ഇടിമിന്നലോടുകൂടിയ മഴകിട്ടി.
മിന്നല്‍ ശക്തമായതിനാല്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരും. അടുത്ത 24 മണിക്കൂര്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുണ്ടാകും. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.