Connect with us

Covid19

കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയം കണ്ടു; മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു

Published

|

Last Updated

ബീജിങ് | കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം ആദ്യമായി മൃഗങ്ങളില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. ചൈനയില്‍ റിസസ് കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. കൊവിഡ് മഹാമാരിക്കെതിരെ വിവിധ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നതിനിടിയിലാണ് ചൈനയില്‍നിന്നും നല്ല വാര്‍ത്തകള്‍ വരുന്നത്. കുരങ്ങുകളില്‍ വിജയം കണ്ടതോടെ ഇത് മനുഷ്യരിലും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.

ചൈനയുടെ തലസ്ഥാനമായ ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനോവാക് ബയോടെക് ആണ് പരീക്ഷണത്തിനു പിന്നില്‍. രണ്ട് വ്യത്യസ്ത അളവുകളില്‍ വാക്‌സിന്‍ എട്ടു റിസസ് മാക്വേക്യൂ കുരങ്ങുകളില്‍ കുത്തിവച്ചു. വാക്‌സിന്‍ നല്‍കി മൂന്നാഴ്ചയ്ക്കു ശേഷം കൊവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസുകളെ കുരങ്ങുകളുടെ ശ്വാസനാളത്തിലെ ട്യൂബുകളിലൂടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു. ദിവസങ്ങള്‍ക്കു ശേഷം നടത്തിയ പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകളില്‍ വൈറസിന്റെ സാന്നിധ്യമോ അണുബാധയുടെ ലക്ഷണങ്ങളോ കണ്ടെത്താനായില്ല. ഇതോടെയാണ് പരീക്ഷണം വിജയമാണെന്നു കണ്ടെത്തിയത്.

എട്ടു കുരങ്ങുകളില്‍ നാലെണ്ണത്തിനു കൂടിയ അളവിലും നാലെണ്ണത്തിന് ചെറിയ തോതിലുമാണ് വാക്‌സിന്‍ നല്‍കിയത്. കൂടുതല്‍ അളവില്‍ വാക്‌സിന്‍ നല്‍കിയ നാലു കുരങ്ങുകളിലാണ് മികച്ച ഫലം കണ്ടെത്താനായത്. വൈറസുകള്‍ കുത്തിവച്ച് ഏഴു ദിവസത്തിനു ശേഷവും ഇവരുടെ ശ്വാസകോശത്തിലോ കണ്ഠനാളത്തിലോ വൈറസിന്റെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. കുറഞ്ഞ അളവില്‍ വാക്‌സിന്‍ നല്‍കിയ കുരങ്ങുകള്‍ ചെറിയ തോതില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും അണുബാധ നിയന്ത്രിക്കാനായി എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വാക്‌സിന്‍ നല്‍കാത്ത നാലു കുരങ്ങുകള്‍ക്ക് വൈറസില്‍ നിന്ന് രോഗബാധയും കടുത്ത ന്യുമോണിയയും ഉണ്ടായി.

.

എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച കുരങ്ങുകളുടെ എണ്ണം കുറവായതിനാല്‍ ഇത് പൂര്‍ണ വിജയമായി കാണാന്‍ സാധിക്കില്ലെന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്. വൈറസുകള്‍ കുരങ്ങുകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ മനുഷ്യരിലേക്കാള്‍ വളരെ കുറവാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അതുപോലെ മനുഷ്യ ശരീരത്തില്‍ സാര്‍സ് കോവ് 2 ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ മൃഗങ്ങളില്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കടുത്തതാണെന്നും വാദമുണ്ട്.

കുരങ്ങുകളിലെ പരീക്ഷണം വിജയിച്ചതിനു പിന്നാലെ ജിയാങ്‌സു പ്രവിശ്യയില്‍ സാന്‍വാക് ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. 144 വോളന്റിയര്‍മാരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്. കൂടുതല്‍ അളവിലും കുറഞ്ഞ അളവിലും തുല്യമായി വാക്‌സിനുകള്‍ കുത്തിവെക്കും.ആയിരത്തിലധികം ആളുകളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട പരീക്ഷണം മേയ് പകുതിയോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.