Connect with us

Editorial

ആശങ്കയുയർത്തി രോഗവർധന വീണ്ടും

Published

|

Last Updated

കേരളത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിച്ചു വരുന്നത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. സംസ്ഥാന ഭരണകൂടവും ജനങ്ങളും കാണിച്ച കനത്ത ജാഗ്രതയുടെയും നിയന്ത്രണത്തിന്റെയും ഫലയായി വൻതോതിൽ കുറഞ്ഞു വന്നിരുന്ന രോഗബാധാ നിരക്ക് ഈ മാസം 21 തൊട്ടാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഒരു ദിവസം 24 രോഗബാധ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് അടുത്തിടെ കേസുകളുടെ എണ്ണം ഒന്ന് വരെയായി ചുരുങ്ങിയിരുന്നു. ഈ മാസം 15 മുതൽ 20 വരെയുള്ള ആറ് ദിവസത്തിനിടെ 21 രോഗബാധ റിപ്പോർട്ടുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ മാസം 15ന് ഒരാൾ, 16ന് ഏഴ് പേർ,17ന് ഒരാൾ, 18ന് നാല് പേർ, 19ന് രണ്ട് പേർ, 20ന് ആറ് പേർ എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ പുതിയ രോഗബാധിതരുടെ കണക്ക്. കേരളത്തിൽ രോഗവ്യാപനം അവസാനിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.എന്നാൽ, നാല് ദിവസമായി രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചിരിക്കുകയാണ്. ഈ മാസം 21ന് 19 പേർ, 22ന് 11 പേർ, 23ന് 10 പേർ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രോഗബാധിതരുടെ എണ്ണം. രോഗമുക്തമായെന്ന് കരുതപ്പെട്ടിരുന്ന ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വീണ്ടും രോഗം കണ്ടെത്തിയതും ആശങ്കാജനകമാണ്. എന്നാൽ ഇന്നലെ പുതുതായി മൂന്ന് പേർക്കേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. ഈ കുറവ് വരും ദിവസങ്ങളിലും തുടർന്നാൽ സംസ്ഥാനത്തിന്റെ ആശങ്ക ദൂരീകരിക്കപ്പെടും.

രോഗവ്യാപനം വീണ്ടും വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കുകയും ഇളവുകൾ വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് മുക്തമായെന്ന് കരുതി ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയിരുന്ന കോട്ടയം, ഇടുക്കി ജില്ലകളെ ആ സോണിൽ നിന്നൊഴിവാക്കി ഓറഞ്ച് സോണിലേക്ക് മാറ്റി. വ്യാഴാഴ്ച ഈ ജില്ലകളിൽ പുതുതായി രോഗം കണ്ടെത്തിയതോടെയാണ് ഇളവ് പിൻവലിച്ചത്. കൊവിഡ് ബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയും ചെയ്തു. ഇളവുകൾ ഇല്ലാതെ പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളാകും ഈ ജില്ലകളിൽ നടപ്പാക്കുന്നത്. രോഗബാധ കൂടുതലുള്ള കണ്ണൂരിൽ ട്രിപ്പിൾ ലോക്ക്ഡൗൺ സംവിധാനമാണ് ഏർപ്പെടുത്തിയത്. മറ്റു 10 ജില്ലകൾ ഓറഞ്ച് സോണിൽ തുടരും.

സംസ്ഥാനത്ത് ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കുകയുണ്ടായി. എന്നാലും ഇടവേളക്ക് ശേഷം രോഗം വർധിച്ച് വരുന്നത് സർക്കാറിനെയും ആരോഗ്യ മേഖലയെയും അസ്വസ്ഥമാക്കുന്നുണ്ട്. സംസ്ഥാനം രോഗമുക്തമായിയെന്ന ധാരണയിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കാൻ തുടങ്ങിയതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ആളുകളുടെ കടന്നുവരവും തബ്‌ലീഗ് സമ്മേളനവുമൊക്കെയാണ് രോഗബാധ വീണ്ടും വർധിച്ചു വരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷുആഘോഷത്തോടനുബന്ധിച്ചും മറ്റും ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതിനു പിന്നാലെയും സംസ്ഥാനത്ത് പല ഭാഗത്തും ആളുകൾ കൂട്ടത്തോടെ റോഡുകളിലും മാർക്കറ്റുകളിലും ഇറങ്ങിയിരുന്നു. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുന്നത് അടുത്ത ദിവസങ്ങളിൽ പലരും ഒഴിവാക്കി ത്തുടങ്ങിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്കുള്ള കടന്നുകയറ്റം ഈയിടെ വ്യാപകമായിട്ടുണ്ട്. ലോക്ക്ഡൗണിന്റെ തുടക്കത്തിൽ ഈ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളും അവരുടെ ബന്ധുക്കളുമൊക്കെയാണ് നേരിയ ഇളവുകൾ വന്നുതുടങ്ങിയതോടെ ഇപ്പോൾ അനധികൃത മാർഗേണ നാട്ടിലേക്ക് തിരിച്ചെത്തുന്നത്. അതിർത്തിയിലെ പ്രധാന പാതകളെല്ലാം അടച്ച് കർശന പരിശോധന നടത്തിവരുന്ന സാഹചര്യത്തിൽ ഊടുവഴികളിലൂടെ നടന്നും ഇരുചക്രവാഹനങ്ങളിൽ അധികൃതരുടെ കണ്ണുവെട്ടിച്ചുമൊക്കെയാണ് പലരും കടന്നുവരുന്നത്.

ഇടുക്കിയിലേക്ക് തമിഴ്‌നാട്ടിൽ നിന്ന് നിരവധി ഊടുവഴികളുണ്ട്. ഉദ്യോഗസ്ഥർ പരിശോധന നിർത്തി പോയ ശേഷം രാത്രി സമയത്ത് നിരവധി പേർ ഈ ഊടുവഴികളിലുടെ കടന്നുവരുന്നതായും ഇവരെ വാഹനങ്ങളിൽ കൂട്ടി കൊണ്ടുപോകാൻ ഇടുക്കിയിലെ ഏലത്തോട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്.തമിഴ്‌നാട് ഭാഗത്ത് പണം വാങ്ങി ബൈക്കിൽ ആളുകളെ കേരളത്തിൽ എത്തിക്കുന്ന ഒരു സംഘം പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്. രോഗവ്യാപനം വർധിച്ച അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ ഈ വരവ് കോവിഡ് പ്രതിരേധത്തിൽ സംസ്ഥാനത്തിന് മുന്നിലെ പുതിയൊരു വെല്ലുവിളിയാണ്. ഇടുക്കിയിലും കൊല്ലത്തും പുതുതായി രോഗം പകർന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ നിന്നായിരുന്നു. നുഴഞ്ഞുകയറ്റം കണ്ടുപിടിക്കാൻ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ പരിശോധനകൾ കൂടുതൽ കർശനമാക്കേണ്ടതുണ്ട്.
ജനങ്ങളുടെ പ്രയാസങ്ങൾ ദുരീകരിക്കാൻ സർക്കാർ പ്രഖ്യാപിക്കുന്ന ചില്ലറ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. സംസ്ഥാനത്തെ 10 ജില്ലകൾക്ക് ചില ഇളവുകൾ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ടുള്ള വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു പല റോഡുകളിലും കാണാനായത്.

രോഗഭീതിയിൽ നിന്ന് സംസ്ഥനം മുക്തമായെന്ന തോന്നലും ലോക്ക്ഡൗൺ ലംഘനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. രോഗവ്യാപന ഭീതിനിറഞ്ഞ ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്ച നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട 20,054 കേസുകളാണ് ഉണ്ടായതെങ്കിൽ രോഗം കുറഞ്ഞുതുടങ്ങിയ ഈ മാസം അഞ്ച് മുതലുള്ള 12 ദിവസത്തിൽ 28,254 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിയന്ത്രണം ഇനിയും കർശനമാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആളുകളുടെ ഇടപഴകൽ ഒഴിവാക്കുകയല്ലാതെ രോഗ പ്രതിരോധത്തിന് മറ്റു മാർഗങ്ങളില്ലെന്നിരിക്കെ വൈറസ് പൂർണമായും നിർമാർജനം ചെയ്യുന്നത് വരെ നിയന്ത്രണം തുടർന്നേ പറ്റൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുന്നത് രാജ്യത്ത് മെയ് അവസാനമോ ജൂൺ ആദ്യ വാരമോ കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഇടയാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതുമാണ്.

---- facebook comment plugin here -----

Latest