Connect with us

Covid19

നേരിട്ടുള്ള സൂര്യപ്രകാശമേറ്റാല്‍ കൊവിഡ് വൈറസ് നശിക്കുമോ? ഉവ്വെന്ന് ഒരുകൂട്ടം യു എസ് ശാസ്ത്രജ്ഞര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | നേരിട്ടുള്ള സൂര്യപ്രകാശമേറ്റാല്‍ കൊവിഡ് വൈറസ് പെട്ടെന്ന് നശിക്കുമെന്ന പഠനവുമായി യു എസ് ശാസ്ത്രജ്ഞര്‍. എന്നാല്‍, കൂടുതല്‍ പഠനങ്ങളും വിലയിരുത്തലുകളും ഇക്കാര്യത്തില്‍ ആവശ്യമാണെന്നതിനാല്‍ പഠന റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ രോഗകാരിയെ നശിപ്പിക്കാന്‍ ശക്തിയുള്ളതാണെന്ന് സര്‍ക്കാര്‍ തലത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതായി യു എസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ പറഞ്ഞു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് കൊവിഡ് വൈറസിന്റെ വ്യാപനം കുറഞ്ഞേക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലത്തും വായുവിലുമുള്ള വൈറസുകളെ ഉടനടി നശിപ്പിക്കാന്‍ സൂര്യപ്രകാശത്തിന് ശക്തിയുണ്ടെന്നാണ് ഞങ്ങളുടെ നിര്‍ണായകമായ കണ്ടെത്തല്‍. നല്ല ചൂടിലും ഈര്‍പ്പമുള്ള അന്തരീക്ഷത്തിലും സമാനമായ ഫലമുണ്ടാകുന്നു. ചൂടും ഈര്‍പ്പവും കൂടുന്ന അവസരങ്ങളില്‍ കൊവിഡ് വൈറസിന് അതിജീവനം സാധ്യമല്ലെന്നാണ് മനസ്സിലാക്കുന്നത്- ബ്രയാന്‍ പറഞ്ഞു. മാരിലാന്‍ഡിലെ നാഷണല്‍ ബയോഡിഫന്‍സ് അനാലിസിസ് ആന്‍ഡ് കൗണ്ടര്‍മെഷേഴ്‌സ് സെന്ററിലാണ് ബ്രയാന്റെ വാദത്തിന് അടിത്തറയേകുന്ന പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നത്.

ദ്രാവകമോ വാതകമോ കടക്കാത്ത സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പോലുള്ള വസ്തുക്കളിലുള്ള കൊവിഡ് വൈറസിന്റെ ശക്തി ഇരുട്ടുള്ളതും ഈര്‍പ്പം കുറഞ്ഞതുമായ അന്തരീക്ഷത്തില്‍, പകുതിയെങ്കിലും നശിക്കാന്‍ 18 മണിക്കൂറെങ്കിലുമെടുക്കും. എന്നാല്‍, ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷത്തിലാണെങ്കില്‍ ഇതിന് ആറു മണിക്കൂര്‍ മതി. അതേസമയം, ഉയര്‍ന്ന ഈര്‍പ്പമോ സൂര്യപ്രകാശമോ നേരിട്ട് പതിച്ചാല്‍ വൈറസിന്റെ ശേഷി പകുതിയായി കുറയാന്‍ രണ്ടു മിനുട്ട് മതിയെന്നും ബ്രയാന്‍ പറയുന്നു.

അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് രോഗബീജത്തെ നശിപ്പിക്കാനുള്ള ശേഷിയുണ്ടെന്നും വൈറസിന്റെ ജനിതക ഘടനയെയും പെരുകാനുള്ള ശേഷിയെയും അതിലെ റേഡിയേഷന്‍ താറുമാറാക്കുന്നുവെന്നും എത്രയോ കാലം മുമ്പുതന്നെ പറഞ്ഞുവരുന്നതാണ്. എന്നാല്‍, കൊവിഡ് വൈറസിന്റെ കാര്യത്തിലെങ്കിലും ഇത് ഫലപ്രദമല്ലെന്നാണ് ചൂടുള്ള കാലാവസ്ഥയുള്ള സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ രോഗം വ്യാപിച്ചത് സാധൂകരിക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ഇത് സംശയമുയര്‍ത്തുന്നു.

സൂര്യപ്രകാശ സിദ്ധാന്തത്തെ തെളിവുകള്‍ സാധൂകരിക്കുന്നില്ലെന്നു തന്നെയാണ് ലോകാരോഗ്യ സംഘടനയിലെ ഡോ. മാര്‍ഗരറ്റ് ഹാരിസ് പറയുന്നത്. വേനല്‍ക്കാലത്ത് കൊവിഡ് വൈറസുകള്‍ നശിച്ചു പോകുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍, അതിനോട് യോജിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.- മാര്‍ഗരറ്റ് വ്യക്തമാക്കി.

എത്രമാത്രം തീവ്രതയും തരംഗ ദൈര്‍ഘ്യവുമുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ് പരീക്ഷണത്തില്‍ ഉപയോഗിച്ചതെന്നതാണ് ചില വിദഗ്ധര്‍ ഉയര്‍ത്തുന്ന നിര്‍ണായക ചോദ്യം. വേനല്‍ക്കാലത്തെ പ്രകൃത്യാ ഉള്ള സൂര്യപ്രകാശത്തിന് ഇതിനു സമാനമായ തീവ്രത ഉണ്ടാകുമോയെന്നതും പഠിതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.

Latest