Connect with us

Editorial

കുട്ടികളെ കൊലയാളികളാക്കുന്നതാര്?

Published

|

Last Updated

കൊവിഡ് 19 മഹാമാരിക്കിടെ അതിദാരുണമായ ഒരു കൊലപാതക വാര്‍ത്ത കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എസ് എസ് എല്‍ സി വിദ്യാര്‍ഥിയായ പത്തനംതിട്ട അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷിന്റെയും മിനിയുടെയും മകന്‍ അഖില്‍ എന്ന പതിനാറുകാരനെ കൗമാരക്കാരായ രണ്ട് സഹപാഠികള്‍ ചേര്‍ന്നു വെട്ടിക്കൊല്ലുകയായിരുന്നു. വിവരം പുറത്തറിയാതിരിക്കാനായി കുഴിവെട്ടി മൃതദേഹം കുഴിച്ചു മൂടുകയും ചെയ്തു ഈ കൗമാരക്കാര്‍.
ചൊവ്വാഴ്ച ഉച്ചക്കു ശേഷം നടന്ന ഈ ക്രൂരകൃത്യത്തെക്കുറിച്ചു പോലീസ് നല്‍കുന്ന വിവരണം ഇങ്ങനെ; അന്ന് വൈകീട്ട് നാല് മണിയോടെ അങ്ങാടിക്കല്‍ എസ് എന്‍ വി സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ചുറ്റിത്തിരിയുന്നത് നാട്ടുകാര്‍ കണ്ടു.

വിവരമന്വേഷിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ പരുങ്ങുന്നത് കണ്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരം അവര്‍ തുറന്നു പറഞ്ഞത്. നാട്ടുകാര്‍ ഉടനെ കൊടുമണ്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി കുഴിയിലെ മണ്ണ് നീക്കിയപ്പോള്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ അഖിലിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ സൗഹൃദം നടിച്ചെത്തിയാണ് പ്രതികളിലൊരാള്‍ അഖിലിനെ സൈക്കിളില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി റബ്ബര്‍ തോട്ടത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നെടുത്ത കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍. ഒമ്പതാം ക്ലാസ് വരെ അഖിലിനൊപ്പം പഠിച്ചിരുന്നവരാണ് കൊല നടത്തിയ രണ്ട് പേരും. ഇവരില്‍ ഒരാളെ അഖില്‍ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതാണ് കൊലക്ക് കാരണമെന്ന് ചിലര്‍ പറയുന്നു. ഇവരിലൊരാള്‍ക്ക് അഖില്‍ മൊബൈല്‍ വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദത്തം ചെയ്തിരുന്നു, അത് നല്‍കാതിരുന്നതാണ് കൊലക്ക് കാരണമെന്നും പറയപ്പെടുന്നു. അതല്ല പബ്ജി കളിയാണ് കൊലപാതകത്തിലെത്തിച്ചതെന്നും പ്രചരിക്കുന്നുണ്ട്.

ഒരു വര്‍ഷം മുമ്പാണ് എറണാകുളം നെട്ടൂരില്‍ അര്‍ജുന്‍ എന്ന കൗമാരക്കാരനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊന്നത്. അഖിലിനെപ്പോലെ തന്നെ അര്‍ജുനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ആളെത്താത്ത കണ്ടല്‍ കാട്ടില്‍ എത്തിച്ച ശേഷം പ്രതികള്‍ വടിയും കല്ലും കൊണ്ട് മര്‍ദിച്ച ശേഷം അര്‍ജുന്റെ തലയോട്ടി തകര്‍ക്കുകയും ചെയ്തു. 2017 ഏപ്രിലില്‍ തിരുവനന്തപുരം കരമനയില്‍ അനന്തുവെന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെടുന്നതും സമാനമായ രീതിയിലാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന അടിപിടിയില്‍ തങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരെ അനന്തുവും സുഹൃത്തുക്കളും മര്‍ദിച്ചതിനു പ്രതികാരമായിട്ടായിരുന്നു അവനെ തട്ടിക്കൊണ്ടുവന്ന് രഹസ്യ കേന്ദ്രത്തില്‍ വെച്ച് മര്‍ദിച്ചു കൊന്നത്.

സംസ്ഥാനത്ത് കൗമാരക്കാരില്‍ ശക്തിപ്രാപിക്കുന്ന കുറ്റകൃത്യ മനോഭാവത്തിലേക്കാണ് ഈ സംഭവങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്. കുട്ടികള്‍ക്കിടയില്‍ വഴക്കും വക്കാണവും എക്കാലത്തുമുണ്ടാകാറുണ്ട്. മുന്‍കാലങ്ങളില്‍ അത് അടിപിടിയില്‍ കലാശിക്കാറേ ഉണ്ടായിരുന്നുള്ളൂ. മുതിര്‍ന്നവര്‍ ഇടപെട്ടു കുട്ടികളെ പിടിച്ചു മാറ്റുന്നതോടെ അതവസാനിക്കുകയും ചെയ്യും. ഇപ്പോള്‍ പക്ഷേ അടിപിടിക്കു പകരം ആയുധപ്രയോഗമാണ് കുട്ടികളുടെ രീതി. ചങ്ങാത്തം തെറ്റിയാല്‍ എതിരാളിയെ എങ്ങനെയെങ്കിലും വകവരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ചൈല്‍ഡ്‌ലൈന്‍, ജുവനൈല്‍ ഹോം തുടങ്ങിയ സംവിധാനങ്ങളും കൗണ്‍സില്‍ സെന്ററുകളും ധാരാളമുണ്ടെങ്കിലും കുട്ടികളിലെ സ്വഭാവ വൈകൃതങ്ങള്‍ അടിക്കടി വര്‍ധിക്കുകയാണ്. ഇക്കാര്യം പലപ്പോഴും അധികൃതരുടെയും മനഃശാസ്ത്രജ്ഞരുടെയും ചിന്തക്കും വിശകലനത്തിനും വിഷയീഭവിച്ചിട്ടുണ്ട്. രാജ്യത്തെ ഇളക്കി മറിച്ച 2012ലെ ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ പതിനാറുകാരനാണെന്നറിഞ്ഞപ്പോള്‍ ഇക്കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കൂട്ടുകുടുംബ സമ്പ്രദായത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള പ്രയാണത്തില്‍ കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിലുണ്ടായ മാറ്റങ്ങള്‍, മാധ്യമങ്ങളുടെയും സിനിമകളുടെയും വീഡിയോ ഗെയിമുകളുടെയും സ്വാധീനം, ലഹരി ഉപയോഗം, ചീത്ത കൂട്ടുകെട്ട് തുടങ്ങി നിരവധി കാരണങ്ങളുണ്ട് ഇളംതലമുറയിലെ അക്രമ വാസനയുടെ വളര്‍ച്ചക്ക്. നല്ലൊരു ശതമാനം ചീത്ത പ്രവണതകളുടെയും ഉറവിടം മോശമായ കൂട്ടുകെട്ടുകളാണ്. ഇത്തരം ചങ്ങാത്തങ്ങള്‍ കുട്ടികള്‍ അധോലോക കണ്ണികളാകാന്‍ പോലും കാരണമായിത്തീരുന്നു. നല്ല സാമൂഹികാന്തരീക്ഷത്തിലും അച്ചടക്കവും ധാര്‍മിക ചുറ്റുപാടുകളുമുള്ള സ്ഥാപനങ്ങളിലും വളര്‍ന്ന കുട്ടികളില്‍ മറ്റുള്ളവരെ അപേക്ഷിച്ചു മോശം പെരുമാറ്റവും കുറ്റകൃത്യങ്ങളും കുറവാണ്. മയക്കുമരുന്നു കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നല്ലൊരു പങ്കും ഇരകളാക്കപ്പെടുന്നത്. മാധ്യമ ലോകത്തെ കിടമത്സരത്തിനിടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിനിടെ ചാനലുകള്‍ സദാചാരത്തിന്റെയും ധാര്‍മികതയുടെയും സീമകളെല്ലാം ലംഘിക്കുന്നതും സമൂഹത്തില്‍ അക്രമവാസനയും ലൈംഗിക ചിന്തകളും ഉദ്ദീപിപ്പിക്കാന്‍ ഇടയാക്കുന്നു. മൊബൈല്‍ ഫോണുകള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ വലിയ പങ്ക്.

തിരക്കു പിടിച്ച ഇന്നത്തെ യാന്ത്രിക ജീവിതത്തിനിടെ കുട്ടികളുടെ ജീവിത രീതിയും കൂട്ടുകെട്ടും സ്വഭാവ വ്യതിയാനവും അന്വേഷിക്കാനും നേര്‍വഴിക്കു കൈപിടിച്ചു നടത്താനും മാതാപിതാക്കള്‍ക്കും നേരമില്ല. വിദ്യാലയമല്ല, വീടാണ് ഒരു കുഞ്ഞിന്റെ പ്രഥമ പാഠശാല. വീട്ടിനുള്ളിലെ അറിവും അനുഭവങ്ങളും രക്ഷിതാക്കളുടെ ഉപദേശങ്ങളും തിരുത്തലുകളുമാണ് അവന്റെ ഭാവി ജീവിതത്തെ രൂപപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ തങ്ങളുടെ പങ്ക് വിനിയോഗിക്കുന്നില്ലെങ്കില്‍ കുട്ടികള്‍ വഴിതെറ്റി സഞ്ചരിക്കുകയും അക്രമ സ്വഭാവം വളര്‍ന്നു വരികയും ചെയ്യും. അധ്യാപകരോ ഭരണാധികാരികളോ മാത്രം വിചാരിച്ചാല്‍ അവരെ നേര്‍വഴിക്ക് നടത്താനാകില്ല.

Latest