Connect with us

Gulf

വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ മസ്ജിദുല്‍ ഹറം ഒരുങ്ങി

Published

|

Last Updated

മക്ക അല്‍മുകറമ | റമസാന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ മസ്ജിദുല്‍ ഹറം ഒരുങ്ങി. വിശുദ്ധ കഅ്ബാലയത്തില്‍ അണുവിമുക്ത ജോലികള്‍ പൂര്‍ത്തിയായി. കഅ്ബാലയത്തെ അണിയിച്ചിരിക്കുന്ന വിശുദ്ധ കിസ്വയില്‍ അണുനശീകരണം, കഅ്ബാലയത്തിന്റെ മുകള്‍ ഭാഗവും അണുവിമുക്തമാക്കുകയും ശുചീകരണ പ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കനത്ത ആരോഗ്യ സുരക്ഷ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം റമസാന്‍ മാസത്തില്‍ ഇരു ഹറമുകളിലും ഇഅ്തികാഫ് ഉണ്ടായിരിക്കുകയില്ലെന്ന് ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഇരുഹറമുകളില്‍ മാത്രമാണ് ജമാഅത്ത് നിസ്‌കാരം നടക്കുന്നത്. ഹറമുകളില്‍ നടക്കുന്ന ജമാഅത്ത്, തറാവീഹ്, ജുമുഅ നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിന് പുറത്തു നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റമസാന്‍ മാസത്തിലും വിലക്ക് തുടരും.
ഇരുഹറമുകളിലേക്കും ഹറം കാര്യ ജീവനക്കാര്‍ക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്ലീനിംഗ് തൊഴിലാളികള്‍ എന്നിവര്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. റമസാന്‍ മാസത്തിലും ഇവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. റമസാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെ ചാര്‍ട്ടും പുറത്തിറക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന ഇരുപത്തി ഒന്‍പതാം രാവില്‍ നടക്കുമെന്നും ഹറം കാര്യ വകുപ്പ് മേധാവി ഡോ : അബ്ദുല്‍ റഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

Latest