Connect with us

Covid19

കൊവിഡ് 19 വൈറസ് എവിടെ നിന്ന് വന്നു; ചര്‍ച്ചകളും അഭ്യൂഹങ്ങളും സജീവം

Published

|

Last Updated

ബീജിംഗ്‌ | കൊവിഡ് 19 വൈറസിന്റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകളും അഭ്യൂഹങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നു. വൈറസ് എവിടെ നിന്നാണ് മനുഷ്യ ശരീരത്തിലേക്ക് പടര്‍ന്നതെന്ന് കണ്ടെത്താനുള്ള തിരക്കിട്ട ശ്രമത്തിലാണ് ശാസ്ത്രജ്ഞന്മാര്‍. പല അഭിപ്രായങ്ങളും ഇതേക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ലാബില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെ പുറത്തുവന്നതാണ് വൈറസെന്ന് ചിലര്‍ കരുതുന്നു. ലാബില്‍ ഉത്ഭവിച്ചതാണ് കൊവിഡ് എന്ന് അമേരിക്കക്കാരില്‍ ഒരുപാടുപേര്‍ വിശ്വസിക്കുന്നതായി പ്യു ഗവേഷണ കേന്ദ്രം നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തുന്നു. സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം അമേരിക്കക്കാരില്‍ പത്തില്‍ മൂന്നു പേരെങ്കിലും (രാജ്യത്തെ മൊത്തം ജനതയുടെ കാല്‍ ഭാഗം) ഈ നിഗമനത്തോട് യോജിക്കുന്നു.

എന്നാല്‍, വൈറസ് പ്രകൃത്യാ ഉണ്ടായതാണെന്നാണ് മറ്റു ചിലരുടെ നിഗമനം. മൃഗങ്ങളില്‍ നിന്നാണ് കൊവിഡ് മനുഷ്യനിലേക്ക് പകര്‍ന്നതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചില ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ വവ്വാലുകളിലും ചെന്നെത്തിയിട്ടുണ്ട്.
ചൈനയിലെ വുഹാനിലുള്ള പ്രശസ്തമായ ഒരു സമുദ്ര ഭക്ഷ്യ വിഭവ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് ഒരാള്‍ക്ക് ആദ്യമായി കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. എങ്ങനെയാണ് വുഹാനിലെ ഇത്തരമൊരു മാര്‍ക്കറ്റില്‍ നിന്ന് വൈറസ് മനുഷ്യനിലേക്ക് പകര്‍ന്നതെന്നതും ചര്‍ച്ചാ വിഷയമാണ്. മൃഗത്തില്‍ നിന്നാണെങ്കില്‍ ഏത് മൃഗമെന്നത് നിര്‍ണായക ചോദ്യമായി അവശേഷിക്കുന്നു.

ഉഗാണ്ടയിലും ബംഗ്ലാദേശിലും മറ്റും കണ്ടുവരുന്ന ചില വവ്വാലുകള്‍ വൈറസ് വ്യാപനത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന നിഗമനവും നിലവിലുണ്ട്. സാര്‍സ്, മെര്‍സ്, എബോള വൈറസുകളുടെ ഉറവിടം വവ്വാലുകളാണെന്ന് വിശ്വസിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. എന്നാല്‍, വവ്വാലുകളില്‍ നിന്ന് രോഗം പകര്‍ന്നു കിട്ടിയ മൃഗങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യനിലേക്ക് സംക്രമിച്ചതെന്നാണ് കരുതുന്നത്. 2002ലുണ്ടായ സാര്‍സ് വവ്വാലുകളില്‍ നിന്ന് പൂച്ചകള്‍ വഴിയാണ് മനുഷ്യരിലെത്തിയത്. മെര്‍സ് ആണെങ്കില്‍ വവ്വാലില്‍ നിന്ന് ഒട്ടകങ്ങളിലൂടെയും.

കൊവിഡ് 19ന്റെ കാര്യത്തില്‍ ഉറുമ്പു തീനിയായ ഈനാംപേച്ചി എന്ന മൃഗമാണ് മനുഷ്യരിലേക്ക് വൈറസ് പകര്‍ത്തുന്നതില്‍ ഇടനിലക്കാരനായി വര്‍ധിച്ചതെന്ന് അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍, ഈനാംപീച്ചികളെ വില്‍ക്കുന്നത് നിരോധിച്ചിട്ടുള്ളതിനാല്‍ തന്നെ വുഹാനിലെ മാര്‍ക്കറ്റില്‍ വില്‍ക്കുന്നവയുടെ കൂട്ടത്തില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ലെന്നതും സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. അതേസമയം, ഈനാംപേച്ചികള്‍ തന്നെയാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ത്തിയതെന്ന് ദക്ഷിണ ചൈനയിലെ ഗാങ്ഷുവിലുള്ള കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു ഗവേഷകര്‍ ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2020 ഫെബ്രുവരിയിലാണ് ഇവര്‍ തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ പുറത്തുവിട്ടത്. ഈനാംപീച്ചികളെയും മനുഷ്യനെയും ബാധിച്ച കൊവിഡ് വൈറസുകളുടെ ജനിതകമായ താരതമ്യ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലെത്തിയത്. ഈനാംപേച്ചികള്‍ മനുഷ്യരിലേക്ക് കൊവിഡ് വൈറസ് പരത്തുന്നു എന്നതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വൈറസ് പരത്തുന്നതില്‍ വവ്വാലിനും മനുഷ്യനും ഇടയില്‍ വര്‍ത്തിക്കുന്നത് ഈനാംപേച്ചികളാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും (ഐ സി എം ആര്‍) ഈയാഴ്ചയുടെ തുടക്കത്തില്‍ പ്രസ്താവിച്ചിരുന്നു. “രണ്ടു തരം വവ്വാലുകള്‍ കൊവിഡ് വൈറസിനെ വഹിക്കുന്നവയാണെന്ന് കണ്ടെത്താനായി. എന്നാല്‍ ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകര്‍ത്താന്‍ ഇവക്കു കഴിയില്ല. അപൂര്‍വമായി, 1000 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ അങ്ങനെ സംഭവിക്കാന്‍ സാധ്യതയുള്ളൂ.” ഐ സി എം ആറിലെ ഡോ. രാമന്‍ ആര്‍ ഗംഗഖേദ്കര്‍ സമീപകാലത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി.

---- facebook comment plugin here -----

Latest