Connect with us

Articles

അകത്തളങ്ങളിലും മഹാമാരി

Published

|

Last Updated

ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ട്ടെട്രോസ് ഗബ്രിയേസസ് കഴിഞ്ഞ ദിവസം ലോക രാജ്യങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് ഇപ്രകാരം വായിക്കാം: “കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ലോക്ക്ഡൗണ്‍ ഉത്തരവുകളും ക്വാറന്റൈന്‍ നടപടികളും ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതിന് ഇടയാക്കിയേക്കും. കൊവിഡ് 19 പ്രത്യക്ഷപ്പെട്ടത് മുതല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു”. കൊറോണപ്പേടിയില്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഗാര്‍ഹിക പീഡനം ആഗോളാടിസ്ഥാനത്തില്‍ ക്രമാതീതമായി വര്‍ധിക്കുകയുണ്ടായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളാണ് അതില്‍ മുഖ്യപങ്കും. വീട്ടിലേക്കൊതുങ്ങുക വഴി അനുഭവിക്കുന്ന വീര്‍പ്പുമുട്ടലും സാമ്പത്തിക പരാധീനതകളാല്‍ ഉയരുന്ന മാനസിക പിരിമുറുക്കങ്ങളും സര്‍വോപരി കൊറോണാ ഭയവും കൂടെ വീട്ടകങ്ങളിലെ സ്ത്രീകളെ കുരിശിലേറ്റുന്നതിലേക്ക് എത്തിക്കുന്നെന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം(2005) നിലവിലുള്ളതുപോലെ സമാന നിയമങ്ങള്‍ മറ്റു രാഷ്ട്രങ്ങളിലുമുണ്ട്. പക്ഷേ, നിയമസംഹിതകള്‍ ഒരാളുടെയും വീട്ടുപടിക്കലെത്തി മാനിഷാദ പറയുകയില്ല. പ്രത്യുത ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താന്‍ പലപ്പോഴും തടസ്സമാകുന്നത് പുരുഷ മനോഭാവമാണ്. അത് മാറാത്ത കാലമത്രയും നിയമ വ്യവസ്ഥക്ക് കാര്യമായൊന്നും ചെയ്യാനാകില്ല. അടിയന്തര ഘട്ടങ്ങളില്‍ ഫലവത്തായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ കോള്‍ഡ് സ്‌റ്റോറേജില്‍ ഇരിപ്പുള്ള നിയമങ്ങള്‍ വേറെയുമുണ്ട്. സ്ത്രീധന നിരോധന നിയമം(1961) പ്രാബല്യത്തില്‍ വന്നിട്ട് കാലമേറെയായി. എന്നാല്‍ നോക്കുകുത്തിയായി നില്‍ക്കാനാണ് നിയമങ്ങളുടെ നിയോഗം.
നിയമം ശരിയായ രീതിയില്‍ നടപ്പാക്കാന്‍ കഴിയാത്തത് മൂലവും പഴുതുകള്‍ അവസരങ്ങളായി തുറന്നു കിടക്കുന്നതിനാലും നിരന്തരം നീതി നിഷേധിക്കപ്പെടുന്നത് കാണാതിരുന്നു കൂടാ. മിക്കവാറും സ്ത്രീകളാണ് അത്തരം നീതി നിഷേധത്തിന്റെ ബലിക്കല്ലില്‍ ഹോമിക്കപ്പെടുന്നത് എന്ന വസ്തുത പുരോഗമന പ്രസ്ഥാനങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

2017 ഒക്ടോബര്‍ 15ന് ഹോളിവുഡ് നടി അലിസ മിലാനൊ തന്റെ ട്വിറ്റര്‍ പേജില്‍ ഇങ്ങനെ കുറിച്ചു: “ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും മീ ടൂ എന്ന് സ്റ്റാറ്റസ് ചെയ്താല്‍ സ്ത്രീകള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമത്തെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ അവബോധം ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെങ്കില്‍ ഈ ട്വീറ്റിന് മറുപടിയായി മീ ടൂ എന്ന് രേഖപ്പെടുത്തുക”. 24 മണിക്കൂറിനുള്ളില്‍ 32,000 പ്രതികരണങ്ങളാണ് അവരുടെ ട്വീറ്റിന് ലഭിച്ചത്. ഇത് പിന്നീട് മീ ടൂ മൂവ്‌മെന്റ് എന്ന പേരില്‍ ആഗോള സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഹോളിവുഡ് രംഗത്തും മറ്റുമുള്ള പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞു വീണു. തിരശ്ശീലയില്‍ മിന്നല്‍പ്പിണറായവരും മാധ്യമ, രാഷ്ട്രീയ രംഗത്തെ അതികായരും നാണംകെട്ട മീ ടൂ കാറ്റ് 2018ലാണ് ഇന്ത്യയില്‍ അടിച്ചുവീശിയത്. നാനാ പദേകറില്‍ തുടങ്ങി പ്രശസ്ത ജേണലിസ്റ്റും കേന്ദ്രമന്ത്രിയുമായിരുന്ന എം ജെ അക്ബറിനെ വരെ വീഴ്ത്തിക്കളഞ്ഞു മീ ടൂ മൂവ്‌മെന്റ്.

മീ ടൂ മൂവ്‌മെന്റിനെ തുടര്‍ന്ന് കുറ്റാരോപിതനായ പ്രമുഖ ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വി വൈന്‍സ്റ്റീന്‍ കഴിഞ്ഞ മാസം 23 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ന്യൂയോര്‍ക്ക് കോടതിയാണ് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ഹാര്‍വി വൈന്‍സ്റ്റീനെതിരെ ഒരു ഡസനിലധികം സ്ത്രീകളാണ് ബലാത്സംഗ, ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ടീമിലെ അംഗമായിരുന്ന മിരിയം ഹീലിയെ തന്റെ അധികാര സ്വാധീനം ദുരുപയോഗം ചെയ്ത് ബലമായി ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസാണ് ഹാര്‍വി വൈന്‍സ്റ്റീന് കുരുക്കൊരുക്കിയത്.

സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരില്‍ ഭൂരിപക്ഷവും ഇരയുടെ ബന്ധുക്കളോ ഇരക്ക് മേല്‍ അധികാര ശക്തിയുള്ളവരോ ആണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2018ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 94 ശതമാനം ബലാത്സംഗ കേസുകളിലും പ്രതികള്‍ ഇരക്ക് പരിചയമുള്ളവരോ അടുത്ത ബന്ധുക്കളോ ആണ്. എങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളിലെ നിയമ വ്യവഹാരങ്ങളെ സ്പര്‍ശിക്കുന്ന നിയമസംഹിതകളിലെ വകുപ്പുകളും ശരിയായ നീതിലബ്ധിയുടെ തോതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം(ഐ പി സി) 376ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ കഠിന തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ് എന്ന് സാമാന്യേനെ പറയാം. ഒപ്പം പിഴയും ഒടുക്കേണ്ടി വരും.

ബലാത്സംഗമാണോ അല്ലെങ്കില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ള ലൈംഗിക ബന്ധമാണോ എന്ന് തീരുമാനിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡം സ്ത്രീയുടെ സമ്മതം(Consent) ആണ്. അത് സ്ത്രീ വിവേകത്തോടെ എടുക്കേണ്ട തീരുമാനമാണ്. ഒരു വ്യക്തിക്ക് ഗുണപരമായ തീരുമാനമെടുക്കാനുള്ള അധികാരം അയാള്‍ക്ക് തന്നെയാകയാല്‍ തന്റെ താത്പര്യത്തിന് മുറിവേല്‍പ്പിക്കുന്ന ഒത്തുതീര്‍പ്പിന് അയാള്‍ മുതിരുകയില്ല എന്ന തത്വമാണ് സ്ത്രീയുടെ സമ്മതമുണ്ടെങ്കില്‍ പുരുഷന്‍ കുറ്റമുക്തനാണെന്നും അത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനം. അങ്ങനെ വരുമ്പോള്‍ ബാഹ്യ പ്രേരണയില്ലാതെ ലൈംഗിക ബന്ധത്തിന് സമ്മതമറിയിച്ച സ്ത്രീക്ക് പരാതിപ്പെടാന്‍ നിയമപരമായി അര്‍ഹതയില്ല.

2013ലെ ക്രിമിനല്‍ നിയമ ഭേദഗതി ആക്ട് പ്രകാരം ഐ പി സിയിലെ 376ാം വകുപ്പിന് ചില ഉപവകുപ്പുകള്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. ഇരക്ക് മേല്‍ അധികാര ശക്തിയുള്ള ആള്‍ നടത്തുന്ന സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി നിര്‍വചിക്കുന്ന നിയമ ഭേദഗതിയാണ് ഐ പി സി 376 (സി). അതിന് കസ്‌റ്റോഡിയല്‍ റേപ്പ് എന്നാണ് നിയമ ഭാഷയിലെ സാങ്കേതിക പ്രയോഗം. ഐ പി സി 376 (സി) പ്രകാരം സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെങ്കിലും പ്രസ്തുത സമ്മതം നിര്‍വാഹമില്ലായ്മയില്‍ നിന്നുള്ളതാണെന്ന തിരിച്ചറിവില്‍ തന്നെയാണ് ഈ നിയമ ഭേദഗതി. അക്കാര്യം നിയമ വിശദീകരണങ്ങളില്‍ സ്പഷ്ടമാണ്. പക്ഷേ, ഇവിടെ നിലനില്‍ക്കുന്ന കാതലായ പ്രശ്‌നം കുറെ കുറ്റവാളികള്‍ക്ക് ശിക്ഷാ ലഘൂകരണം സാധ്യമാകുന്നു എന്നത് തന്നെയാണ്.

മേധാവിത്വ ശക്തിയുള്ളയാള്‍ തന്റെ രക്ഷാകര്‍തൃ പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം ചെയ്താല്‍ പോലും അത് ഐ പി സി 376(സി) വകുപ്പിന്റെ കീഴില്‍ സമ്മതത്തോടെയുള്ള ലൈംഗികബന്ധമാക്കി മാറ്റിത്തീര്‍ക്കുന്ന ഏറെ വ്യവഹാരങ്ങള്‍ നമ്മുടെ നീതിപീഠങ്ങള്‍ക്ക് മുമ്പിലുണ്ട്. ഇരക്ക് മേല്‍ അധികാര ശക്തിയുള്ളയാളുടെ ബലാത്സംഗവും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും നിയമപരമായി വ്യവഛേദിക്കപ്പെടുമെങ്കിലും പ്രായോഗിക തലത്തിലെത്തുമ്പോള്‍ പ്രതികളുടെ സ്വാധീനം എല്ലാ നിയമബന്ധനങ്ങളുടെയും കണ്ണിയറുത്ത് പുറത്തുചാടാറുണ്ട്. ബലാത്സംഗമെന്ന നീച കുറ്റത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിന തടവാണ് ശിക്ഷയെങ്കില്‍ കസ്‌റ്റോഡിയല്‍ റേപ്പെന്ന് വിവക്ഷിക്കപ്പെടുന്ന അധികാര രക്ഷാകര്‍തൃ പദവി മുതലെടുത്തു കൊണ്ടുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് അഞ്ച് വര്‍ഷം കഠിന തടവാണ് ശിക്ഷ. പരമാവധി 10 വര്‍ഷം കഠിന തടവും. ഈ ആനുകൂല്യം നിയമപ്പഴുതില്‍ ലഭ്യമാകുന്നു എന്നത് മാത്രമല്ല ഉത്കണ്ഠാജനകമായ സംഗതി. ഒപ്പം ഇര അപമാനിക്കപ്പെടുക കൂടി ചെയ്യുന്നു.

പൗരജീവിതത്തെ പൊതുവിലും സ്ത്രീ സമൂഹത്തെ വിശേഷിച്ചും വലിയൊരളവില്‍ സ്പര്‍ശിക്കുന്ന നിയമങ്ങള്‍ അന്യൂനമായിരിക്കണം. മറിച്ച് ഫ്യൂഡല്‍ കാലത്തെ കുറ്റവിചാരണയുടെയും ശിക്ഷാ വൈവിധ്യങ്ങളുടെയും പുതിയ പതിപ്പുകള്‍ ജനാധിപത്യ പുരോഗമന സമൂഹത്തിലും നിലനില്‍ക്കുന്ന സ്ഥിതിവിശേഷം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.

Latest