Connect with us

Covid19

സഊദിയില്‍ ആറ് മരണം കൂടി; രോഗബാധിതരുടെ എണ്ണം 5000 കവിഞ്ഞു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. ഇവരില്‍ നാല് പേര്‍ മദീനയിലും മൂന്നുപേര്‍ മക്കയിലും ഒരാള്‍ ജിദ്ദയിലുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 79 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 493 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 5,862 ആയി ഉയര്‍ന്നതായും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുകയാണ്. രോഗബാധിതരില്‍ 42 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 931 ആയി. 71 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

മദീന (109), ഹോഫുഫ് (86), ദമാം (84), ജിദ്ദ (69), റിയാദ് (56), മക്ക (40), ത്വായിഫ് (9), ജുബൈല്‍ (6), അല്‍ മഖ്വ (6), ഖുലൈസ് (6), അറാര്‍ (5), യാമ്പു (4), അല്‍-ഖത്വീഫ് (4), അല്‍-ബഹ (2), റസ്താനൂറാ (2), അല്‍-സുല്‍ഫി, അല്‍-ഖോബാര്‍, ദഹ്റാന്‍, അല്‍-മുസാഫില്‍, അല്‍-ഖുറൈയ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മദീനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടുത്തെ ആറ് ഡിസ്ട്രിക്റ്റുകളില്‍ കര്‍ഫ്യൂ കര്‍ശനമാക്കിയിട്ടുണ്ട്. ആളുകള്‍ പുറത്തിറങ്ങുന്നതും വിലക്കി.

രോഗബാധിതരുടെ എണ്ണം ദിവസവും കൂടിവരുന്നത് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 186 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് വെളിപ്പെടുത്തിയിരുന്നു. രോഗവുമായി ബന്ധപ്പെട്ട മുഴുവന്‍ ചികിത്സയും സൗജന്യമാക്കാന്‍ നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

Latest